ടിടിഇ, ട്രാഫിക് അസിസ്റ്റന്റ്, ക്ലർക്ക് എന്നീ തസ്തികകളിലേക്ക് ജോലി എന്ന് പറഞ്ഞാണ് യുവാക്കളെ ട്രെയിൻ എണ്ണുന്ന ജോലി ഏൽപിച്ചത്. ജോലിയിലേക്കുള്ള പരിശീലനത്തിന്റെ ഭാ​ഗമാണിതെന്നാണ് ഈ യുവാക്കളോട് പറഞ്ഞിരുന്നത്.

ദില്ലി: വമ്പൻ തൊഴിൽ തട്ടിപ്പിന്റെ ഇരകളാകുകയാണ് എന്നറിയാതെ ദില്ലി റെയിൽവേ സ്റ്റേഷന്റെ വിവിധ പ്ലാറ്റ് ഫോമുകളിൽ ജോലിക്കെത്തിയത് 28 ലധികം യുവാക്കളാണ്. തമിഴ്നാട് സ്വദേശികളായ ഇവരെ ഏൽപിച്ച ജോലി എന്താണന്നല്ലേ? റെയിൽവേ സ്റ്റേഷനിൽ വന്നു പോകുന്ന ട്രെയിനുകളുടെയും കോച്ചുകളുടെയും എണ്ണമെടുക്കണം. അവ കൃത്യമായി റിപ്പോർട്ട് ചെയ്യണം. ഇതാണ് ജോലി. ഒരുമാസത്തേക്ക്, ദിവസം എട്ട് മണിക്കൂർ ജോലി ചെയ്യണം എന്നായിരുന്നു നിർദ്ദേശമെന്ന് എൻഡിടിവി റിപ്പോർട്ടിൽ വിശദമാക്കുന്നു. 

ടിടിഇ, ട്രാഫിക് അസിസ്റ്റന്റ്, ക്ലർക്ക് എന്നീ തസ്തികകളിലേക്ക് ജോലി എന്ന് പറഞ്ഞാണ് യുവാക്കളെ ട്രെയിൻ എണ്ണുന്ന ജോലി ഏൽപിച്ചത്. ജോലിയിലേക്കുള്ള പരിശീലനത്തിന്റെ ഭാ​ഗമാണിതെന്നാണ് ഈ യുവാക്കളോട് പറഞ്ഞിരുന്നത്. ഇവരിൽ നിന്ന് 2 ലക്ഷം രൂപ മുതൽ 24 ലക്ഷം രൂപ വരെ ഈടാക്കുകയും ചെയ്തിരുന്നതായി ദില്ലി പൊലിസെസ് എക്കണോമിക് ഒഫൻസസ് വിം​ഗിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ നടന്ന ഒരു മാസത്തെ പരിശീലനത്തിന് ഇവരുടെ കയ്യിൽ നിന്ന് 2.67 കോടി തട്ടിയെടുത്തതായിട്ടാണ് 78കാരനായ എം സുബ്ബുസ്വാമി നൽകിയ പരാതിയിൽ പറയുന്നത്. സുബ്ബുസ്വാമിയെ മുൻനിർത്തിയായിരുന്നു തട്ടിപ്പുകാരുടെ പ്രവർത്തനം. 

മുൻ സൈനികനാണ് സുബ്ബുസ്വാമി. ഇവർ നടത്തിയത് തട്ടിപ്പാണെന്ന് അറിയില്ലായിരുന്നു എന്നും ഇവരുടെ വലയിൽ താൻ വീഴുകയായിരുന്നുവെന്നും സുബ്ബുസ്വാമി പറഞ്ഞു. ഉദ്യോ​ഗാർത്ഥികൾ നൽകിയ പണം വികാസ് റാണ എന്നയാളാണ് കൈപ്പറ്റിയത്. ദില്ലിയിലെ നോർത്തേൺ റെയിൽവേ ഓഫീസിൽ ഡെപ്യൂട്ടി ഡയറക്ടർ ജോലിയാണ് എന്നാണ് റാണ ഇവരോട് പറഞ്ഞിരുന്നത്. എഞ്ചിനീയറിം​ഗ് ബിരുദം ഉൾപ്പെടെ നേടിയ യുവാക്കളാണ് തട്ടിപ്പിനിരയായവരിലേറെയും. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.