Asianet News MalayalamAsianet News Malayalam

'കലാപം നടത്താന്‍ മിടുക്കര്‍ ആരാണെന്ന് ജനങ്ങള്‍ക്കറിയാം': ബിജെപിക്ക് മറുപടിയുമായി അരവിന്ദ് കെജ്രിവാള്‍

ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ നിന്നും  ഞങ്ങള്‍ക്കൊന്നും നേടാനില്ല. ബിജെപിയാണ്  പ്രയോജനമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ദില്ലിയിലെ ജനങ്ങള്‍ ബിജെപി കരുതുന്നത് പോലെ അല്ല, അവര്‍ മിടുക്കരാണ്. 

Country Knows Whos Capable Of Riots says Arvind Kejriwal On Delhi Protests
Author
Delhi, First Published Dec 19, 2019, 2:00 PM IST

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ തലസ്ഥാനത്ത് ഉയരുന്ന പ്രക്ഷോഭത്തെ നേരിടാന്‍ ദില്ലി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന ബിജെപിയുടെ വിമര്‍ശനത്തിന് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കലാപം നടത്താന്‍ മിടുക്കുള്ളവര്‍ ആരാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും എന്താണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങളിലേക്ക് വഴിവച്ച രാഷ്ട്രീയ ലക്ഷ്യമെന്ന് തിരിച്ചറിയാമെന്നും കെജ്രിവാള്‍ തിരിച്ചടിച്ചു.  പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കിടെ വ്യാപകമായ അക്രമസംഭവങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ്  ഇതിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപി ആരോപിച്ചിരുന്നു.

അക്രമാസക്തമായ ഈ പ്രതിഷേധങ്ങളുടെ ലക്ഷ്യം വരാനിരിക്കുന്ന തെരഞ്ഞെടുപ്പാണ്. പരാജയപ്പെടുമെന്ന് ഭയമുള്ളവരാണ് ഈ ആക്രമണങ്ങള്‍ക്ക്  പിന്നിലുള്ളത്. കലാപം നടത്താന്‍ കഴിവുള്ളവര്‍ ആരാണെന്ന് ഈ രാജ്യത്തെ ജനങ്ങള്‍ക്കറിയാം. അതുകൊണ്ട് തലസ്ഥാനത്തെ ജനങ്ങള്‍ സമാധാനം കാത്തുസൂക്ഷിക്കണമെന്ന്  കെജ്രിവാള്‍ ആവശ്യപ്പെട്ടു.  അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ആം ആദ്മിയുടെ ഇടപെടല്‍ ഉണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പക്ഷെ ഇങ്ങനെ ചെയ്യേണ്ട എന്ത് കാര്യമാണ് ഞങ്ങള്‍ക്കുള്ളതെന്ന് കെജ്രിവാള്‍ ചോദിക്കുന്നു.

ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ നിന്നും  ഞങ്ങള്‍ക്കൊന്നും നേടാനില്ല. ബിജെപിയാണ്  പ്രയോജനമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ദില്ലിയിലെ ജനങ്ങള്‍ ബിജെപി കരുതുന്നത് പോലെ അല്ല, അവര്‍ മിടുക്കരാണ്. നിങ്ങളുടെ രാഷ്ട്രീയ അജണ്ടയ്ക്കുള്ള മറുപടി ദില്ലിയിലെ ജനം നല്‍കുമെന്നും കെജ്രിവാള്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios