രണ്ട് മാസമായി വികാസ് റൂബിക്കും മക്കൾക്കുമൊപ്പം ആയിരുന്നില്ല താമസം. ഇന്ന് രാവിലെ, വികാസ് വീട്ടിലെത്തി പാസ്‌പോർട്ട് നൽകാൻ റൂബിയോട് ആവശ്യപ്പെട്ടതോടെയാണ് ഇരുവരും തമ്മിൽ വഴക്ക് തുടങ്ങിയത്.

ഗാസിയാബാദ്: പാസ്‌പോർട്ടിന്‍റെ പേരിൽ ദമ്പതികൾ തമ്മിലുണ്ടായ വഴക്കിനിടെ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. 11 വയസ്സുകാരിയായ മകളുടെ കണ്‍മുന്നിലാണ് കൊലപാതകം നടന്നത്. വീട്ടിലെ അടുക്കളയിലെ തറയിലായിരുന്നു മൃതദേഹം. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ റൂബി (34) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഒളിവിൽപ്പോയ ഭർത്താവ് വികാസിനായി (38) പൊലീസ് തെരച്ചിൽ തുടങ്ങി. വികാസും ഭാര്യ റൂബിയും ഗുണ്ടാസംഘത്തിൽ പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.

രണ്ട് മാസമായി വികാസ് റൂബിക്കും മക്കൾക്കുമൊപ്പം ആയിരുന്നില്ല താമസം. ഇന്ന് രാവിലെ, വികാസ് വീട്ടിലെത്തി പാസ്‌പോർട്ട് നൽകാൻ റൂബിയോട് ആവശ്യപ്പെട്ടതോടെയാണ് ഇരുവരും തമ്മിൽ വഴക്ക് തുടങ്ങിയത്. വഴക്കിനിടെ വികാസ് റൂബിയെ വെടിവച്ചു കൊലപ്പെടുത്തി ഒളിവിൽ പോയെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ അവരുടെ 11 വയസ്സുകാരിയായ മകൾ വീട്ടിലുണ്ടായിരുന്നു. രണ്ടാമത്തെ മകൾ സ്കൂളിലായിരുന്നു. മകളാണ് അയൽവാസികളെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി റൂബിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഗ്യാങ്സ്റ്റർ ദമ്പതികൾ ഒരു വർഷം മുമ്പാണ് ഗാസിയാബാദിലെ അജ്‌നാര ഇന്‍റഗ്രിറ്റി എന്ന പാർപ്പിട സമുച്ചയത്തിലേക്ക് താമസം മാറിയത്. കുടുംബം ഒമ്പതാം നിലയിലാണ് താമസിച്ചിരുന്നത്. ദമ്പതികൾ പലപ്പോഴും വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വികാസ് മാസങ്ങളോളം വീട്ടിൽ നിന്ന് മാറി നിൽക്കാറുണ്ടായിരുന്നു. വികാസിന് ജോലിയൊന്നും ഇല്ലാതിരുന്നത് ദമ്പതികൾക്കിടയിൽ വഴക്കിന് കാരണമായെന്നും പൊലീസ് പറഞ്ഞു.

സഹോദരൻ 2019-ൽ കൊല്ലപ്പെട്ടതോടെ പ്രതികാരം ചെയ്യാനായാണ് റൂബി ഗുണ്ടാസംഘത്തിന്‍റെ ഭാഗമായതെന്ന് പൊലീസ് പറഞ്ഞു. സഹോദരെ കൊലപ്പെടുത്തിയ പ്രതിയെ റൂബിയും സംഘവും ചേർന്നു കൊല്ലുകയായിരുന്നു. 2020ൽ ഈ കൊലക്കേസിൽ ജയിലിൽപോയ റൂബിയും വികാസും പിന്നീട് ജാമ്യം നേടി പുറത്തിറങ്ങി. ഈ കൊലപാതക കേസ് ഉൾപ്പെടെ നിരവധി കേസുകൾ ദമ്പതികൾക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. റൂബിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. വികാസിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.