ചെന്നൈ: തമിഴ്നാട്ടിൽ 35കാരനായ എംഎൽഎ 19 കാരിയെ വിവാഹം ചെയ്ത സംഭവത്തിൽ യുവതിയ്ക്ക് ഭർത്താവിനൊപ്പം പോകാൻ മദ്രാസ് ഹൈക്കോsതി അനുമതി നൽകി. യുവതിയെ എംഎൽഎ തട്ടി കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹം ചെയതതെന്ന് ആരോപിച്ച് പെൺകുട്ടിയുടെ അച്ഛൻ നൽകിയ ഹർജി കോടതി തള്ളി. സ്വന്തം ഇഷ്ട്രപകാരമാണ് വിവാഹം ചെയ്തതെന്ന യുവതിയുടെ മൊഴി കണക്കിലെടുത്താണ് കോടതി നിർദേശം.

ദളിത് നേതാവും കള്ളക്കുറിച്ചി എംഎൽഎയുമായ പ്രഭു, മുന്നാക്ക ജാതിക്കാരിയായ സൗന്ദര്യയെ നാല്‌ ദിവസം മുമ്പാണ് വിവാഹം ചെയ്തത്. എന്നാല്‍, ഇവരുടെ വിവാഹത്തെ എതിര്‍ത്ത് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തുകയായിരുന്നു. വധുവിന്റെ പിതാവ് എസ് സ്വാമിനാഥൻ വിവാഹ വേദിയിൽ എത്തി ആത്മഹത്യാ ഭീഷണി മുഴക്കി. മകളെ പ്രഭു തട്ടിക്കൊണ്ട് പോയി വിവാഹം കഴിക്കുകയായിരുന്നുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചത്. പ്രഭുവും സൗന്ദര്യയും തമിഴ്‌നാട്ടിലെ കല്ലകുറിച്ചി ജില്ലയിലെ ത്യാഗദുരുഗം നിവാസികളാണ്. പ്രഭു ബിടെക്ക് പൂര്‍ത്തിയാക്കുമ്പോള്‍ സൗന്ദര്യ രണ്ടാം വർഷ  ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു. 

സൗന്ദര്യയെ തട്ടിക്കൊണ്ട് പോയി എന്ന് സ്വാമിനാഥന്‍ ആരോപിച്ചതിന് പിന്നാലെ പ്രഭു സോഷ്യല്‍ മീഡിയയിലൂടെ ഒരു വീഡിയോ പുറത്ത് വിട്ടു. തങ്ങള്‍ നാല് വര്‍ഷമായി അടുപ്പത്തില്‍ അല്ലെന്നും നാല് മാസം മുമ്പെയാണ് പരസ്പരം ഇഷ്ടപ്പെട്ടതെന്നും സൗന്ദര്യയെ തട്ടിക്കൊണ്ടു പോന്നതല്ലെന്നും എംഎല്‍എ വീഡിയോയില്‍ പറഞ്ഞു.  

കഴിഞ്ഞ നാല് മാസമായി തങ്ങള്‍ പ്രണയത്തിലായിരുന്നു. വിവാഹത്തിന് മാതാപിതാക്കളുടെ അനുമതി തേടി, എന്നാല്‍ അവർ വിസമ്മതിച്ചു. ഇതോടെ എന്റെ മാതാപിതാക്കളുടെ അനുമതിയോടെ ഞങ്ങൾ പരസ്പരം വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഞാൻ അവളെയോ അവളുടെ കുടുംബത്തെയോ ഭീഷണിപ്പെടുത്തിയിട്ടില്ല, പരസ്പര സമ്മതത്തോടെയാണ് വിവാഹിതരായതെന്നും പ്രഭു പറയന്നു. വീഡിയോയില്‍ പ്രഭുവിനൊപ്പം സൗന്ദര്യയും ഉണ്ടായിരുന്നു.