കൊച്ചി: ഇതരസംസ്ഥാന  തൊഴിലാളികളെ ഉടന്‍ നാട്ടില്‍ തിരിച്ചെത്തിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം. പതിനഞ്ച് ദിവസത്തിനകം തിരിച്ചെത്തിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത് അനുസരിച്ച് ട്രെയിനുകൾ അനുവദിക്കാൻ തടസമില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചു. അതേസമയം ഇതര സംസ്ഥാന തൊഴിലാളികളുടെ ടിക്കറ്റ് ചാർജ് റെയിൽവെ നൽകണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടു. ഇതരസംസ്ഥാന തൊഴിലാളികളുടെ യാത്രാ ദുരിതത്തില്‍ സുപ്രീംകോടതി ചൊവ്വാഴ്ച ഉത്തരവിറക്കും.

എന്നാല്‍ ഇതര സംസ്ഥാന തൊഴിലാളികൾക്കായുള്ള ശ്രമിക് ട്രെയിനുകളുടെ ആവശ്യം കുറഞ്ഞുവരികയാണെന്നാണ് റെയിൽവെ ഇന്നലെ അറിയിച്ചത്. 4155 ശ്രമിക് ട്രെയിനുകളാണ് ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഇതുവരെ ഓടിച്ചത്. ഇതുവരെ 57 ലക്ഷം തൊഴിലാളികളികളെ നാട്ടിലെത്തിച്ചുവെന്നും റെയിൽവെ അറിയിച്ചു. ഏറ്റവും അധികം ട്രെയിനുകൾ ആവശ്യപ്പെട്ടത് ഗുജറാത്ത്, മഹാരാഷ്ട്ര, യുപി, ബീഹാർ  സംസ്ഥാനങ്ങളാണ്. കേരളത്തിൽ നിന്ന് പോയത് 55 ട്രെയിനുകളാണ്. ഒരാഴ്ച മുമ്പുവരെ ഇരുനൂറിൽ കൂടുതൽ ട്രെയിനുകൾ പ്രതിദിനം ഓടിച്ചിരുന്നു. ഇപ്പോഴത് 30 മുതൽ 40 വരെ ട്രെയിനുകൾ ആയി കുറഞ്ഞു. 

ജൂൺ 1 മുതൽ പ്രത്യേക എസി ട്രെയിനുകൾക്ക് പുറമെ 200 നോൺ എസി ട്രെയിനുകൾ കൂടി പ്രതിദിനം ഓടിത്തുടങ്ങിയതോടെ സംസ്ഥാനങ്ങൾ ശ്രമിക് ട്രെയിനുകൾ അധികം ആവശ്യപ്പെടുന്നില്ലെന്ന് റെയിൽവെ വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ തൊഴിലാളികൾക്ക് സൗജന്യ യാത്ര ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങൾ യാത്രാചെല് വഹിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് ശ്രമിക് ട്രെയിൻ ആവശ്യത്തിൽ വലിയ കുറവ് ഉണ്ടായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.