ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലാകോടതിയില്‍ ഡ്രൈവറാണ് ചേതന്‍ ബചദിന്‍റെ പിതാവ് ഗോവര്‍ധന്‍ലാല്‍ ബചദ്. ചെറുപ്പം മുതല്‍ കോടതി പരിസരവുമായുള്ള അച്ഛന്‍റെ ബന്ധം കണ്ടാണ് ചേതന് നീതിന്യായ വ്യവസ്ഥയോട് അടുപ്പം തുടങ്ങിയത്. അങ്ങനെ വക്കീലായി. 

ഇപ്പോള്‍ സിവില്‍ ജഡ്ജ് ക്ലാസ് - 2 നിയമനം നേടിയിരിക്കുകയാണ് ചേതന്‍. ഇനി ചേതന് ജഡ്ജ് ആകാം. ഈ വിജയത്തിന്‍റെ മുഴുവന്‍ അംഗീകാരവും അച്ഛന്‍റെ കാല്‍ച്ചുവട്ടില്‍ വയ്ക്കുന്നു ഈ മകന്‍. മകന്‍റെ വിജയത്തില്‍ സന്തോഷം അടക്കിവയ്ക്കാനാവുന്നില്ല ഈ ആച്ഛന്. മകന്‍റെ നേട്ടത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

''ഒരു ജഡ്ജാകണമെന്ന ലക്ഷ്യബോധം എനിക്കുണ്ടായിരുന്നു. ഞാന്‍ എന്‍റെ ഉത്തരവാദിത്വം സത്യസന്ധമായി നിര്‍വ്വഹിക്കും. നീതി നടപ്പിലാക്കാന്‍ എന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിക്കും. സമൂഹത്തിന് മാതൃക സൃഷ്ടിക്കും'' - ചേതന്‍ പറഞ്ഞു.