ദില്ലി: ഐഎന്‍എക്സ് മീഡിയാകേസില്‍  സിബിഐക്ക് എതിരെ പി ചിദംബരം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. അറസ്റ്റിനെതിരായ പുതിയ ഹര്‍ജി പരിഗണിച്ചില്ല. അറസ്റ്റ് ചെയ്തതോടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോടതി തള്ളിയത്. അറസ്റ്റ് നിയമവിരുദ്ധമാണ്, തന്‍റെ മനുഷ്യാവകാശം നിഷേധിക്കപ്പെട്ടു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഈ ഹര്‍ജിക്കൊപ്പം മറ്റൊരു അപേക്ഷയും സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു. എന്നാല്‍ അത് പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ സുപ്രീംകോടതി പരിഗണിക്കാന്‍ വിസമ്മതിച്ചു. 

എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റ്  മാധ്യമ വിചാരണയാണ് നടത്തുന്നതെന്ന് ചിദംബരം ആരോപിച്ചു. തന്‍റെ പേരിൽ വിദേശ ബാങ്ക് അക്കൗണ്ട് ഉണ്ട് എന്ന് തെളിയിക്കാനായാൽ ഹർജി തന്നെ പിൻവലിക്കാമെന്ന് ചിദംബരത്തിന്‍റെ അഭിഭാഷകൻ കപിൽ സിബൽ പ്രോസിക്യുഷനെ വെല്ലുവിളിച്ചു. കോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിച്ച സത്യവാങ്മൂലം  മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്ന സിബലിന്‍റെ  ആരോപണം എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റ്  തള്ളി.