ദില്ലി: ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് വാക്സിൻ കൊവാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കാനായി എത്തിക്സ് കമ്മിറ്റിക്ക് എയിംസ് ഉടൻ റിപ്പോർട്ട് സമർപ്പിക്കും. എത്തിക്സ് കമ്മറ്റി അനുമതി നൽകിയാൽ മൂന്നാം ഘട്ട പരീക്ഷണം തുടങ്ങും. 2000 മുതൽ 5000 ആളുകളിൽ പരീക്ഷണം നടത്താനാണ് ദില്ലി എയിംസ് പദ്ധതി. ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം  നടത്താൻ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ദില്ലി എംയിസ്. 

ഐസിഎംആർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നീ സ്ഥാപങ്ങളുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് കമ്പനിയാണ് കൊവാക്സിൻ വികസിപ്പിക്കുന്നത്. വാക്സിന്റെ ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങൾ വിലയിരുത്തിയ ഡിസിജിഐ ഇതുവരെയുള്ള പരീക്ഷണം സുരക്ഷിതമെന്ന് വിലയിരുത്തിയിരുന്നു.

ദില്ലി, മുംബൈ, പട്ന, ലക്നൗ തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടെ പത്തു സംസ്ഥാനങ്ങളിലായി 19 കേന്ദ്രങ്ങളിലായാണ് ക്ലിനിക്കൽ പരീക്ഷണം നടക്കുന്നത്. ഭാരത് ബയോടെക്കിനെ കൂടാതെ മറ്റു രണ്ട് കമ്പനികളുടെ വാക്സിൻ പരീക്ഷണവും വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.