ദില്ലി: ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം പിന്നിട്ടപ്പോള്‍ ഇന്ത്യയില്‍ രോഗം പടരുന്നത് തടയുവാന്‍ നിരീക്ഷണത്തില്‍ പോയവരുടെ എണ്ണം 31.6 ലക്ഷം കവിഞ്ഞു. ഉത്തര്‍ പ്രദേശിലാണ് ഏറ്റവും കൂടുതല്‍പ്പേര്‍ നിരീക്ഷണത്തിലുള്ളത്. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്.

ഏറ്റവും കൂടുതല്‍പ്പേര്‍ നിരീക്ഷണത്തിലുള്ള ഉത്തര്‍ പ്രദേശില്‍ എണ്ണം 11 ലക്ഷമാണ്. മഹാരാഷ്ട്രയില്‍ ഇത് 7.27 ലക്ഷമാണ്. ഗുജറാത്തില്‍ 3.25 ലക്ഷമാണ്. 2.4 ലക്ഷമാണ് ഒഡീഷയില്‍. ഇന്ത്യയില്‍ മൊത്തം 31.6 ലക്ഷം പേര്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍, ഹോം നിരീക്ഷണത്തില്‍ ഉണ്ട് എന്നാണ് വാര്‍ത്ത ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊവിഡ് സംശയിക്കുന്നവര്‍, ചെറിയ കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍, പൊസറ്റീവ് ആയിട്ടും കൂടുതല്‍ ഗുരുതരമല്ലാത്തവര്‍ ഇവരെയാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുന്നത്. ഉത്തര്‍പ്രദേശ് ആസാം എന്നിവിടങ്ങളില്‍  വീട്ടില്‍ നിരീക്ഷണം അനുവദിക്കുന്നില്ല.

മറ്റ് പ്രധാന സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലും വന്നാല്‍ ഹരിയാനയില്‍ 49,907, തമിഴ്നാട്ടില്‍ 46,969, ചത്തീസ്ഗഢ് 41,0621  പഞ്ചാബ് 25,307 എന്നിങ്ങനെയാണ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ നിരന്തരം പൊലീസും ആരോഗ്യപ്രവര്‍ത്തകരും നിരീക്ഷിക്കുന്നുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.