Asianet News MalayalamAsianet News Malayalam

Covid In India : കുതിച്ചുയർന്ന് കൊവിഡ്, രാജ്യത്ത് പ്രതിവാര കേസുകൾ ഒരുലക്ഷം കടന്നു, സംസ്ഥാനങ്ങളിൽ നിയന്ത്രണം

മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്കൊപ്പം ദില്ലിയിലും രോഗികളുടെ എണ്ണം കൂടുകയാണ്.

Covid 19 and omicron  cases rising  rapidly in
Author
Delhi, First Published Jan 3, 2022, 7:30 AM IST

ദില്ലി : രാജ്യത്ത് ഒരിടവേളക്ക് ശേഷം കൊവിഡ് (Covid 19) കുതിച്ചുയരുന്നു. പ്രതിവാര കൊവിഡ് കേസുകൾ ഒരുലക്ഷം കടന്നു. കഴിഞ്ഞ ആഴ്ചത്തെക്കാൾ മൂന്നിരട്ടി വർദ്ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ പ്രതിദിന കേസുകൾ 34,000 ത്തിനടുത്ത് എത്തി. ഒമിക്രോൺ വ്യാപനമാണ് കേസുകൾ ഉയരാൻ കാരണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്കൊപ്പം ദില്ലിയിലും രോഗികളുടെ എണ്ണം കൂടുകയാണ്.

പശ്ചിമബംഗാളില്‍ ഇന്ന് മുതല്‍ ഭാഗിക ലോക്ക് ഡൗൺ ആണ്. യുകെയില്‍ നിന്നുള്ള വിമാനസര്‍വ്വീസുകള്‍ നിര്‍ത്തലാക്കി. ദില്ലിയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ തിങ്കളാഴ്ചയും വെള്ളിയാഴ്ചയുമാക്കി ചുരുക്കിയിട്ടുമുണ്ട്. മഹാരാഷ്ട്രയിൽ നിന്നുള്ള വിമാനങ്ങൾക്കും നിയന്ത്രണമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടും. സര്‍ക്കാര്‍ പരിപാടികള്‍ വെര്‍ച്വലായിട്ടായിരിക്കും.സ്വകാര്യ ഓഫീസുകളിൽ 50 % ഹാജർ മാത്രമേ പാടുള്ളു എന്നാണ് പുതിയ നിബന്ധന. പാർക്കുകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയടക്കം അടച്ചിടാനും തീരുമാനമായി. പൊതു സ്ഥലങ്ങളിലും നിയന്ത്രണമുണ്ട്. 

അതേ സമയം, രാജ്യത്ത് കൗമാരക്കാർക്കുള്ള കൊവിഡ് വാക്സീനേഷൻ ഇന്നുമുതൽ നടക്കും. 15 മുതൽ 18 വയസുവരെയുള്ളവർക്കാണ്  ( (15 to 18 Age Group) ഇന്ന് മുതൽ വാക്‌സീൻ ലഭിക്കുക. ഏഴ് ലക്ഷത്തിൽ അധികം കൗമാരക്കാർ ഇതുവരെ രജിസ്‌ട്രേഷൻ പൂർത്തിയാക്കി. കോവിൻ പോർട്ടലിലെ രജിസ്ട്രേഷന് പുറമെ സ്പോട് രജിസ്ട്രേഷനും നടത്താം. ഭാരത് ബയോടെക്ക് ഉത്പാദിപ്പിക്കുന്ന കോവാക്സിനാണ് കുട്ടികൾക്ക് നൽകുക. വാക്സീനേഷന് ശേഷം ഇവരെ പ്രത്യേകം നിരീക്ഷിക്കും. 
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് ഉണ്ടാകും. മുതിര്‍ന്നവരുടേത് നീല നിറമാണ്. ഈ ബോര്‍ഡുകള്‍ വാക്‌സീനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്‌ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കും. കുട്ടികളിലെ വാക്സീനേഷന് രാജ്യം സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻഷൂഖ് മാണ്ഡവ്യ അറിയിച്ചു.

Follow Us:
Download App:
  • android
  • ios