ദില്ലി: രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 90,000 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം 90,927 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണവും അരലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിൽ രോഗം പുതുതായി സ്ഥിരീകരിച്ചത് 4,987 പേർക്കാണ്. രാജ്യത്തെ ആകെ മരണസംഖ്യ 2872 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സംഖ്യ റിപ്പോർട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിലാണ്. 

രാജ്യം നാലാംഘട്ട ലോക്ക്ഡൗണിലേക്ക് കടക്കുമ്പോഴാണ് കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഈ വൻവർദ്ധന എന്നത് വലിയ ആശങ്ക തന്നെയാണ് ഉളവാക്കുന്നത്. ഒരു ദിവസത്തിൽ അയ്യായിരത്തോളം കേസുകൾ രാജ്യത്ത് കൂടുന്ന രീതിയാണ് കാണുന്നത്. ഈ സാഹചര്യത്തിൽ രണ്ട് ദിവസത്തിനകം തന്നെ രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞേക്കുമെന്നാണ് സൂചന. നാലാംഘട്ട ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ ഇന്ന് പുറത്തിറക്കാനിരിക്കെ, എന്തെല്ലാം ഇളവുകൾ നൽകാമെന്നത് കേന്ദ്രസർക്കാരിനെ അലട്ടുന്നുണ്ട്. 

ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 34,108 ആയി എന്നത് മാത്രമാണ് ഏക ആശ്വാസം. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ ശതമാനം 37.51 ആയി ഉയർന്നു. 

മഹാരാഷ്ട്ര, ദില്ലി, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽത്തന്നെയാണ് ആശങ്ക കൂട്ടുന്ന രോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജ്യത്തെ ആകെ കേസുകളിൽ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. 30,706 ആയി. ഇതിൽ പകുതിയിലധികം, അതായത് 18,500 രോഗികളും മുംബൈയിലാണ്. തമിഴ്നാട്ടിലും, ഗുജറാത്തിലും രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. മഹാനഗരങ്ങളിൽ വൻരീതിയിൽ രോഗം പടരുന്നുവെന്നതാണ് ഇതിൽ വ്യക്തമാകുന്നത്. കുടിയേറ്റത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ദില്ലി, മുംബൈ, ചെന്നൈ എന്നിങ്ങനെ രാജ്യത്തെ മഹാനഗരങ്ങളിലാണ് രോഗം വലിയ രീതിയിൽ പടരുന്നത്. 

ഈ സാഹചര്യത്തിൽ നഗരഭരണസംവിധാനങ്ങളോട് വലിയ ജാഗ്രത പാലിക്കാനാണ് ആരോഗ്യമന്ത്രാലയം നി‍ർദേശം നൽകുന്നത്. അനധികൃതകോളനികളിലും മറ്റുമാണ് രോഗവ്യാപനം കൂടുന്നത്. ചെറിയ ഇടത്ത് കൂടുതൽ പേർ തിങ്ങിപ്പാർക്കുന്ന ധാരാവിയെപ്പോലെയുള്ള ചേരിപ്രദേശങ്ങൾ എങ്ങനെ അണുവിമുക്തമാക്കാം എന്നതിൽ ഒരു മാർഗനിർദേശവും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. 

കുടിയേറ്റത്തൊഴിലാളികൾ അടക്കം തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ നല്ല വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള സമഗ്രമായ പദ്ധതി തയ്യാറാക്കണം. ഇതിനായി ഒരു ടീമിനെ രൂപീകരിക്കണം. ഈ പദ്ധതിക്ക് ഒരു കമാൻഡർ ഉണ്ടാകണം. മുൻസിപ്പൽ കമ്മീഷണർ ഇക്കാര്യം നേരിട്ട് വിലയിരുത്തണം, മേൽനോട്ടം വഹിക്കണം - എന്ന് ആരോഗ്യമന്ത്രാലയം. 

ആകെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ ചൈനയിലെ രോഗബാധിതരുടെ എണ്ണത്തെ ഇന്ത്യ മറികടന്നിരുന്നു. 85,000 കൊവിഡ് കേസുകളാണ് ചൈനയിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് കൊവിഡ് കേസുകൾ പടരുന്ന 30 സോണുകളെ കേന്ദ്രസർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ പൂർണ അടച്ചിടൽ പ്രഖ്യാപിച്ച്, മറ്റ് മേഖലകളിൽ ഇളവുകൾ നൽകാനാണ് ആലോചിക്കുന്നത്. 

മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ദില്ലി, മധ്യപ്രദേശ്, പശ്ചിമബംഗാൾ, രാജസ്ഥാൻ, ഉത്തർപ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ മുപ്പത് മേഖലകളാണ് പ്രത്യേക റെഡ് സോണുകളായി കണ്ടെത്തിയിട്ടുള്ളത്. ഇവിടങ്ങളിൽ സമ്പൂർണ്ണ അടച്ചിടലാണ് ഉണ്ടാവുക. 

തെരഞ്ഞെടുക്കപ്പെട്ട മുൻസിപ്പൽ മേഖലകൾ ഇവയാണ്: ബ്രിഹൻമുംബൈ/ഗ്രേറ്റർ മുംബൈ, ചെന്നൈ, അഹമ്മദാബാദ്, താനെ, ദില്ലി, ഇന്ദോർ, പുണെ, കൊൽക്കത്ത, ജയ്പൂർ, നാഷിക്, ജോധ്പൂർ, ആഗ്ര, തിരുവള്ളൂർ, ഔറംഗബാദ്, കടലൂർ, ഗ്രേറ്റർ ഹൈദരാബാദ്, സൂറത്ത്, ചെങ്കൽപ്പട്ട്, അരിയാളൂർ, ഹൗറ, കുർണൂൽ, ഭോപ്പാൽ, അമൃത്സർ, വിളുപുരം, വഡോദര, ഉദയ്പൂർ, പാൽഘർ, ബെർഹംപൂർ, സോലാപൂർ, മീറത്ത്.

50,000 എന്ന കണക്കിൽ നിന്ന് 90,000- എന്ന കണക്കിലേക്ക് രാജ്യത്തെ രോഗബാധിതരുടെ എണ്ണം വെറും 11 ദിവസം കൊണ്ടാണ് എത്തിയത്. കണക്കുകൾ കാണാം: