ഭോപ്പാൽ: മധ്യപ്രദേശിൽ ഒരു മാധ്യമപ്രവർത്തകനും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15 ആയി. ഇദ്ദേഹത്തിന്‍റെ മകൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഭോപ്പാലിൽ ഇരുന്നൂറോളം മാധ്യമപ്രവർത്തകരെ നിരീക്ഷണത്തിലാക്കി. കോൺഗ്രസ് നേതാവ് കമൽ നാഥ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച വാ‌ർത്താസമ്മേളനം റിപ്പോർട്ട് ചെയ്യാൻ രോഗം സ്ഥീരികരിച്ച മാധ്യമപ്രവർത്തകനും ഉണ്ടായിരുന്നു, ഇതേ തുടർന്നാണ് മറ്റ് മാധ്യപ്രവർത്തകരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. 

കേന്ദ്ര സർക്കാരിന്‍റെ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് 562 പേർക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. രാജ്യത്ത് 9 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചതെന്നാണ് കേന്ദ്രത്തിൻ്റെ കണക്ക്. ഇന്ന് മിസോറാമിലും ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇന്നലെ മാത്രം രാജ്യത്തെ 64 പേരിലേക്കാണ് കൊവിഡ് പടര്‍ന്നത്.  മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന, ബീഹാര്‍ സംസ്ഥാനങ്ങളിൽ നിന്നെല്ലാം പുതിയ കേസുകൾ രാവിലെ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ അൽപം ആശ്വാസമെന്നോണം കൊവിഡ് രോഗം ഭേദമായ 40 പേര്‍ ആശുപത്രി വിട്ടു. ദില്ലിയിൽ ഇന്നലെ മരിച്ച 57 കാരന്‍റെ പരിശോധന ഫലം നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനിൽ നിന്ന് തിരിച്ചെത്തിയ 277 പേരെ ജോധ്പൂരിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണഅ. 

കൊവിഡ് രോഗബാധിതരിൽ ആരോഗ്യസ്ഥിതി തീരെ മോശമായവര്‍ക്ക് മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ളോറോക്വിൻ നൽകാമെന്ന് ഐ.സി.എം.ആര്‍ അറിയിച്ചിരുന്നു. മരുന്നിന്‍റെ ലഭ്യത ഉറപ്പുവരുത്താൻ ഹൈഡ്രോക്സി ക്ളോക്വിൻ്റെ  കയറ്റുമതി നിരോധിച്ചിരിക്കുകയാണ്.