ദില്ലി: കൊവിഡിനെതിരെയുള്ള ആയുര്‍വേദ മരുന്ന് ഫലപ്രദമാണോ എന്നറിയാന്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുവദിക്കണമെന്ന ആവശ്യവുമായി ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പ്രൊഫസര്‍ രംഗത്ത്. എന്നാല്‍, ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡോ. കെ എന്‍ ദ്വിവേദിയാണ് തന്റെ കണ്ടെത്തല്‍ സര്‍ക്കാര്‍ സമിതിക്ക് അയച്ചത്. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ആയുര്‍വേദം, പാരമ്പര്യ വൈദ്യം തുടങ്ങിയവയുടെ ശാസ്ത്രീയ മൂല്യ നിര്‍ണയത്തിന് സര്‍ക്കാര്‍ പ്രത്യേക സമിതി രൂപവത്കരിച്ചിരുന്നു. ആയുഷ്, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് എന്നിവയിലെ അംഗങ്ങളാണ് സമിതിയിലെ അംഗങ്ങള്‍. 

ആയുര്‍വേദം, ഹോമിയോ, യുനാനി, പ്രകൃതി ചികിത്സ, സിദ്ധ ഇന്‍സ്റ്റിറ്റിയൂഷനുകളോട് കൊവിഡിനെതിരെ എന്തെങ്കിലും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മാര്‍ച്ച് 31ന് ആയുഷ് മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് രണ്ടായിരത്തോളം പ്രൊപ്പോസലുകളാണ് ആയുഷ് വകുപ്പിന് മുന്നിലെത്തിയത്. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രോഗികള്‍ക്ക് ആയുര്‍വേദ മരുന്നായ ഫിഫത്രോള്‍ നല്‍കി. ഗുരുതരമായ കൊവിഡ് രോാഗികള്‍ക്ക് ഫിഫത്രോള്‍ മരണസാധ്യത എത്രത്തോളം കുറക്കുമെന്ന് നിരീക്ഷിക്കുകയാണെന്ന് ദ്വിവേദി പറഞ്ഞു. വൈറല്‍ പനി, ശ്വാസകോശ രോഗങ്ങള്‍ എന്നിവക്ക് നല്‍കുന്ന ആയുര്‍വേദമരുന്നാണ് ഫിഫത്രോള്‍. പക്ഷേ ഈ മരുന്ന് കൊവിഡിന് ഫലപ്രദമാണോ എന്ന് ആദ്യമായാണ് പരീക്ഷിക്കുന്നത്. 

ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് ഈ മരുന്ന് പ്ലേറ്റ്‌ലെറ്റ് കൗണ്ട് വര്‍ധിപ്പിക്കുന്നതായി ആയുര്‍വേദ വിദഗ്ധര്‍ അവകാശപ്പെട്ടിരുന്നു. പാര്‍ശ്വഫലങ്ങളില്ലാതെ കരളിനെ ശക്തിപ്പെടുത്താന്‍ ഫിഫത്രോളിന് സാധിക്കുമെന്നും അവകാശവാദമുണ്ടായിരുന്നു. കൊവിഡിനെതിരെയുള്ള ചികിത്സക്ക് സാധ്യമായതെല്ലാം ചെയ്യാന്‍ പ്രധാനമന്ത്രി ആയുഷ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.