ദില്ലി: രാജ്യം ലോക്ക്ഡൗൺ മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോൾ കടുത്ത ആശങ്കയായി കുത്തനെ കുതിച്ചുകയറുന്ന രോഗികളുടെ എണ്ണവും മരണസംഖ്യയും. 48 മണിക്കൂറിൽ അയ്യായിരത്തോളം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് മുതൽ ഞായറാഴ്ച വൈകിട്ട് വരെ, 4898 രോഗികളുണ്ടായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ പറയുന്നു. 48 മണിക്കൂറിൽ 155  മരണങ്ങൾ (വെള്ളി മുതൽ ശനി വരെ 83 മരണങ്ങൾ, ശനിയാഴ്ച വൈകിട്ട് മുതൽ ഞായറാഴ്ച വൈകിട്ട് വരെ 72 മരണം) ഉണ്ടായതും കേന്ദ്രസർക്കാരിന് മുന്നിൽ വലിയ പ്രതിസന്ധി തന്നെയാണ് സൃഷ്ടിക്കുന്നത്. 

ലോക്ക് ഡൗൺ രണ്ടാംഘട്ടത്തിൽ കൊവിഡ് കേസുകളുടെ എണ്ണം മൂന്നിരട്ടിയിൽ അധികമായി എന്നതാണ് കണക്കുകൾ കാണിക്കുന്നത്. രണ്ടാം ലോക്ക്ഡൗൺ തുടങ്ങിയ ഏപ്രിൽ 14-ന് രാജ്യത്ത് ആകെ 10,815 രോഗബാധിതരും, 353 മരണവുമാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ, ഈ ഘട്ടം അവസാനിച്ച മെയ് 3-ന് ശേഷം, മെയ് 4-ന് (ഇന്ന്) രാവിലെ പുറത്തുവന്ന ഏറ്റവുമൊടുവിലത്തെ കണക്ക് പ്രകാരം രോഗബാധിതരുടെ എണ്ണം 42,532 ആയി കൂടിയെന്നതും മരണസംഖ്യ 1373 ആയതും ആശങ്കാജനകമാണ്. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ കേസുകളുടെ എണ്ണം ഏഴ് മടങ്ങ് കൂടിയെന്നതും നിർണായകമാണ്.   

മെയ് നാലിന് രാവിലെ എട്ട് മണിക്കുള്ള കണക്ക് പ്രകാരം, നിലവിൽ രോഗം സ്ഥിരീകരിച്ചത് 29,453 പേർക്കാണ്. 11,706 പേർക്ക് രോഗം ഭേദമായി, മരണസംഖ്യ ആകെ 1373, ഒരു രോഗിയെ രാജ്യത്തിന് പുറത്തേക്ക് മാറ്റിയിരുന്നുവെന്നും കേന്ദ്രത്തിന്‍റെ കണക്ക്.

ശനിയാഴ്ച വൈകിട്ട് മുതൽ 24 മണിക്കൂറിൽ 83 മരണം റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കൂടുതൽ മരണം മഹാരാഷ്ട്രയിലാണ്. 36 മരണം. 26 പേർ ഗുജറാത്തിലും, 11 പേർ മധ്യപ്രദേശിലും, രാജസ്ഥാനിലും ദില്ലിയിലും മൂന്ന് പേർ വീതവും തെലങ്കാനയിൽ രണ്ട് പേരും, തമിഴ്നാട്ടിലും ബിഹാറിലും ഒരാൾ വീതവും മരിച്ചു. രോഗികളുടെ എണ്ണം കുതിച്ചുകയറുന്നതും മഹാരാഷ്ട്രയിൽത്തന്നെ. മരണനിരക്ക് ഏറ്റവും കൂടുതലുള്ളത് ഗുജറാത്തിലാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളും മരണസംഖ്യയും തമ്മിലുള്ള അനുപാതം കണക്കാക്കിയാൽ ഗുജറാത്ത് കടുത്ത ജാഗ്രത പുലർത്തിയേ തീരൂ. 

രാജ്യത്തെ മൂന്നിൽ രണ്ട് ജനസംഖ്യയും ഇളവുകൾ ഉള്ള ഓറഞ്ച്, ഗ്രീൻ സോണിലാണ് എന്നത് ജാഗ്രതയുടെ നാളുകളാണ് വരാനിരിക്കുന്നതെന്ന മുന്നറിയിപ്പ് നൽകുന്നതാണ്. ഇവിടങ്ങളിൽ രോഗവ്യാപനം വരാതിരിക്കാൻ കനത്ത ജാഗ്രത ഉണ്ടായേ തീരൂ. എന്നാൽ പ്രധാന തൊഴിൽമേഖലകളും വ്യാവസായികമേഖലകളും അടങ്ങിയ പല മെട്രോ നഗരങ്ങളും റെഡ് സോണിലാണ്. ഇവിടെ കടുത്ത നിയന്ത്രണങ്ങളോടെ മാത്രമേ പ്രവർത്തനാനുമതിയുള്ളൂ.  

വിവിധ ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ലോക്ക്ഡൗണുകളിൽ രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിൽ ഇന്ത്യയിൽ സ്ഥിതി വ്യത്യസ്തമാണ്. എന്നാൽ രോഗമുക്തി ശതമാനം കൂടുന്നതും, ലോക്ക്ഡൗൺ ഇല്ലായിരുന്നെങ്കിൽ സ്ഥിതി തീർത്തും വഷളായിരുന്നേനെ എന്നതും രാജ്യത്തിന് ആശ്വാസമാകുന്നു.