ദില്ലി: ദില്ലിയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ദില്ലിയില്‍ രോഗബാധിതരുടെ എണ്ണം 87 ആയി.  കേരളത്തിനും മഹാരാഷ്ട്രക്കും പിന്നില്‍  മൂന്നാമതാണ് ദില്ലിയുടെ സ്ഥാനം. നിസാമൂദ്ദീനില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതാണ് ദില്ലിയെ ആശങ്കയിലാക്കിയത്.

കേരളത്തില്‍ 202 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. രണ്ട് പേര്‍ മരിച്ചു. 19 പേര്‍ രോഗത്തില്‍ നിന്ന് മോചിതരായി. മഹാരാഷ്ട്രയില്‍ 198 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. എട്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 25 പേര്‍ രോഗത്തില്‍ നിന്ന് മോചിതരായി. 87 പേര്‍ക്കാണ് ദില്ലിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. രണ്ട് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് രോഗം ഭേദമായി. 

മതപരിപാടിക്ക് ശേഷം ദില്ലി നിസാമുദ്ദീന്‍ കൊറോണവൈറസ് ഹോട്‌സ്‌പോട്ടായിരിക്കുകയാണ്. വിദേശത്ത് നിന്നുള്‍പ്പെടെ 2000ത്തോളം പേരാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് പ്രാഥമിക നിഗമനം. മാര്‍ച്ച് ഒന്നുമുതല്‍ 15 വരെയാണ് പരിപാടി നടന്നത്. ഉത്തര്‍പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണവും വര്‍ധിക്കുകയാണ്.

1251 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത്. 32 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രോഗനിയന്ത്രണത്തിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഒരാഴ്ച പിന്നിട്ടു. ഏപ്രില്‍ 14വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.