Asianet News MalayalamAsianet News Malayalam

കയ്യില്‍ 'ഹോം ക്വാറന്റൈന്‍' എന്ന് മുദ്ര; ദമ്പതികളെ ട്രെയിനില്‍ നിന്ന് ഇറക്കിവിട്ടു

കയ്യില്‍ സ്റ്റാമ്പ് കണ്ട യാത്രക്കാരിലൊരാള്‍ ടിക്കറ്റ് ചെക്കറെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്...
 

Covid 19 : Couple Taken Off Rajdhani Train After Passengers Spot Quarantine Stamp
Author
Telangana, First Published Mar 21, 2020, 8:39 PM IST

ഹൈദരാബാദ്: തെലങ്കാനയില്‍നിന്ന് ദില്ലിയിലെ ഹസ്രത്ത് നിസാമുദ്ദീനിലേക്ക് പോകുകയായിരുന്ന രാജധാനി എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് ദമ്പതികളെ ഇറക്കിവിട്ടു.  ഹോം ക്വാറന്റൈന്‍ എന്ന് കയ്യില്‍ മുദ്രയുണ്ടായിരുന്നത് ശ്രദ്ധയില്‍പ്പെട്ട മറ്റ് യാത്രക്കാര്‍ ഇടപെട്ടതോടെയാണ് ഇവരെ ഇറക്കിവിട്ടത്. ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്ന് എത്തിയതായിരുന്നു ഇരുവരും. ഷംഷാബാദ് എയര്‍പോര്‍ട്ടില്‍ എത്തിയ ഇവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം നിരീക്ഷണത്തില്‍ ഇരിക്കുന്നത് അവസാനിപ്പിച്ച് പുറത്ത് കടക്കാന്‍ സ്വയം തീരുമാനിച്ച ഇവര്‍ ട്രെയിനില്‍ ദില്ലിയിലേക്ക് പോകുന്നതിനിടെയാണ് പിടിക്കപ്പെട്ടത്. 

കയ്യില്‍ സ്റ്റാമ്പ് കണ്ട യാത്രക്കാരിലൊരാള്‍ ടിക്കറ്റ് ചെക്കറെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കസിപെട്ട് സ്റ്റേഷനില്‍ ഇറക്കിയ ഇവരെ വാറങ്കലിലെ എംജിഎം ആശുപത്രിയിലേക്ക് മാറ്റി. കനത്ത സുരക്ഷയിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇവരെ ഇറക്കിയതിന് ശേഷം ആരോഗ്യ വിദഗ്ധരെത്തി കോച്ച് പൂര്‍ണ്ണമായും അണുവിമുക്തമാക്കി പൂട്ടിയിട്ടു. 

ജര്‍മനിയില്‍ നിന്നെത്തിയതിനെ തുടര്‍ന്ന് ഹോം ക്വാറന്റൈന്‍ നിര്‍ദേശിച്ച നാല് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെയും കഴിഞ്ഞ ദിവസം മുംബൈയില്‍ സമാന സാഹചര്യത്തില്‍ പിടികൂടിയിരുന്നു.കയ്യില്‍ ഹോം ക്വാറന്റൈന്‍ എന്ന് മുദ്ര പതിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥികളെ സഹയാത്രികര്‍ ട്രെയിനില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. പാല്‍ഘര്‍ സ്റ്റേഷനു സമീപമാണ് സംഭവം.

വിദ്യാര്‍ത്ഥികള്‍ ഗുജറാത്തിലേയ്ക്ക് മടങ്ങും വഴിയായിരുന്നു സംഭവം. ഇവരെ കണ്ടതോടെ ടിക്കറ്റ് ചെക്കറും ചില യാത്രക്കാരും ചേര്‍ന്ന് ബഹളം വെക്കുകയും ട്രെയിന്‍ നിര്‍ത്തിക്കുകയുമായിരുന്നു. പിന്നാലെ നാല് പേരെയും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ പരിശോധിക്കുകയും റോഡ് മാര്‍ഗം യാത്ര തുടരാന്‍ അനുവദിക്കുകയുമായിരുന്നു.

ജര്‍മനിയില്‍ നിന്നും മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇവരെ പരിശോധനയ്ക്ക് വിധേയരാക്കുകയും 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.സൂറത്ത്, വഡോദര, ഭാവ്‌നഗര്‍ സ്വദേശികളാണ് ഇവര്‍. പാല്‍ഘര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ യാത്രക്കാരോട് ആശങ്കപ്പെടേണ്ടതില്ലെന്ന് പറഞ്ഞെങ്കിലും ഇവര്‍ യുവാക്കളെ യാത്ര തുടരാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ട്രെയിനില്‍ നിന്ന് ഇറങ്ങിയ യുവാക്കള്‍ 6000 രൂപയോളം മുടക്കി ടാക്‌സി വാഹനത്തില്‍ സൂറത്തിലെത്തുകയായിരുന്നു.

Follow Us:
Download App:
  • android
  • ios