ദില്ലി: കൊവിഡ് ചികിത്സയിൽ കഴിയുന്ന ദില്ലി ഉപമുഖ്യമന്ത്രി മനീഷ സിസോദിയയെ ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ടോടെയാണ് ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് മനീഷ് സിസോദിയയെ ദില്ലി എൽഎൻജെപി ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലെത്തിച്ച സിസോദിയയെ തീവ്രപരിചരണവിഭാഗത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. 

ദില്ലിയുടെ കൊവിഡ് പ്രതിരോധത്തിന് നേതൃത്വം വഹിച്ചിരുന്നവരിൽ ഒരാളായിരുന്ന സിസോദിയക്ക് ഈ മാസം 14-ാം തീയതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു അദ്ദേഹംേ. താൻ വീട്ടിൽത്തന്നെ ചികിത്സയിൽ തുടരുകയാണെന്നും, താനുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കത്തിൽ വന്ന എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്നും സിസോദിയ ആവശ്യപ്പെട്ടിരുന്നു. 

അദ്ദേഹത്തിന്‍റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും, എന്നാൽ പനിയും ശ്വാസതടസ്സവുമുള്ളതിനാലാണ് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയതെന്നും ഡോക്ടർമാർ അറിയിച്ചു. നിലവിൽ ദില്ലിയിൽ ഗുരുതരരോഗങ്ങളുള്ളവരോ വൃദ്ധരോ അല്ലാത്ത എല്ലാ കൊവിഡ് രോഗികളോടും വീട്ടിൽത്തന്നെ ക്വാറന്‍റീനിൽ തുടരാനാണ് ദില്ലി സർക്കാർ നിർദേശിച്ചിരിക്കുന്നത്.

ദില്ലിയിൽ കൊവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ ഇന്ന് വർഷകാലസമ്മേളനം വെട്ടിച്ചുരുക്കി പാർലമെന്‍റ് അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു. എട്ട് ദിവസം ബാക്കിയുള്ളപ്പോഴാണ് സമ്മേളനം വെട്ടിച്ചുരുക്കിയത്. സമ്മേളനത്തിൽ പങ്കെടുത്ത എംപിമാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വെട്ടിച്ചുരുക്കാനുള്ള നിർദേശം ഉയർന്നത്. 

ദില്ലിയിൽ ചൊവ്വാഴ്ച പുതുതായി 3800 പുതിയ രോഗികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ ദില്ലിയിൽ കൊവിഡ് ബാധിതരായത് 2.53 ലക്ഷം പേരാണ്. മരണസംഖ്യ 5051 കടന്നു. ചൊവ്വാഴ്ച മാത്രം മരിച്ചത് 37 പേരാണ്.