Asianet News MalayalamAsianet News Malayalam

നിസ്സാമുദ്ദീൻ രാജ്യത്തെ ഏറ്റവും പുതിയ 'കൊവിഡ് ഹോട്ട് സ്പോട്ട്', വന്ന് പോയത് ആയിരക്കണക്കിന് പേർ, ആശങ്ക

വിദേശരാജ്യങ്ങളിൽ നിന്ന് എത്തിയവർ അല്ലാതെ, രാജ്യത്തെ പല ഭാഗങ്ങളിലേക്കും കൊവിഡ് ബാധ എത്തിയതിന്‍റെ ഒരു പ്രധാന കേന്ദ്രമായി നിസ്സാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തവർ മാറിയിട്ടുണ്ടെന്നാണ് വിവരം.

covid 19 delhi nizamuddin turns new covid hotspot under tight observation many people are shifted to nearby hospitals
Author
Nizamuddin Railway Station Platform 1, First Published Mar 31, 2020, 10:12 AM IST

ദില്ലി: രാജ്യത്തെ പുതിയ 'കൊവിഡ് ഹോട്ട് സ്പോട്ട്' ആയി ദില്ലിയിലെ നിസ്സാമുദ്ദീൻ മാറിയെന്ന് സൂചന. ദില്ലിയിലെ ഹസ്‍രത് നിസ്സാമുദ്ദീനിലെ ബംഗ്ലെ വാലി മസ്ജിദിൽ മാർച്ച് 13 -നും 15-നും ഇടയിൽ നടന്ന തബ്‍ലീഹ് ജമാ അത്ത് എന്ന ചടങ്ങിൽ തായ്‍ലൻഡിൽ നിന്നും, ഫിലിപ്പീൻസിൽ നിന്നും, മലേഷ്യയിൽ നിന്നുമെത്തിയ പ്രതിനിധികളടക്കം പങ്കെടുത്തിരുന്നു. ഇവിടെ നടന്ന പരിപാടിയിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തിരുന്നു. വാർഷികപരിപാടിയായ തബ്‍ലീഹ് ജമാ അത്തിലേക്ക് എല്ലാ വർഷവും നിരവധിപ്പേരാണ് ഒഴുകിയെത്താറുള്ളത്. ഇതിൽ പങ്കെടുത്ത് മടങ്ങിപ്പോയ ആറ് തെലങ്കാന സ്വദേശികൾ മരിച്ചതോടെയാണ്, ചടങ്ങ് ശ്രദ്ധാകേന്ദ്രമായത്. 

ഈ വിവരം സ്ഥിരീകരിച്ചതോടെ കൂട്ടത്തോടെ ആളുകളെ നിസ്സാമുദ്ദീനിൽ പരിശോധന നടത്തുകയും ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യുകയാണ് അധികൃതർ. ആളുകൾ പരിശോധന നടത്താനായി നീണ്ട ക്യൂവിൽ നിൽക്കുകയാണിവിടെ. പ്രദേശത്ത് പരിഭ്രാന്തി നിലനിൽക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 400-ഓളം പേർ ഇപ്പോഴും മർകസിലുണ്ട്. ഇതിൽ കേരളത്തിൽ നിന്നുള്ളവരുമുണ്ട്. ഇവരെയെല്ലാവരുടെയും പേരുവിവരങ്ങൾ രേഖപ്പെടുത്തി, എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റുകയാണിപ്പോൾ. 

ഇതുവരെ ഏതാണ്ട് 860 പേരെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ഇനിയും മുന്നൂറോളം പേരെ മാറ്റാനുണ്ട്. 

ഇപ്പോഴും നിരവധിപ്പേരെ നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റിക്കൊണ്ടേയിരിക്കുകയാണ്. ഇതുവരെ ആശുപത്രികളിലെത്തിച്ച 170 പേർക്ക് രോഗലക്ഷണങ്ങളുണ്ടെന്നാണ് വിവരം. നിസ്സാമുദ്ദീനടുത്തുള്ള ഓൾഡ് ദില്ലിയിലെ ലോക് നായക് ജയ്പ്രകാശ് നാരായൺ ആശുപത്രിയാണ് നിലവിൽ നിരീക്ഷണകേന്ദ്രമാക്കി മാറ്റിയിട്ടുള്ളത്. ഇവിടേക്കാണ് ആളുകളെ കൊണ്ടുപോകുന്നത്. ഇന്നലെ രാത്രി മാത്രം നിസ്സാമുദ്ദീൻ മർക്കസ് പരിസരത്തുള്ള ഇരുന്നൂറിലധികം പേരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

കഴിഞ്ഞ ദിവസം നിസാമുദ്ദീനിൽ നിന്നുള്ള രോഗി മരിച്ചത് കൊവിഡ് മൂലമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ലോക് നായക് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. പരിശോധന റിപ്പോർട്ടുകൾ വന്നതിന് ശേഷമേ പറയാനാകൂ എന്നും ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിയിൽ നിലവിൽ 500 കിടക്കകൾ ഉണ്ടെന്നും വേണ്ടി വന്നാൽ 500 കിടക്കകൾ കൂടി കൊണ്ടുവരും എന്നും ലോക് നായക് ആശുപത്രി അധികൃതർ അറിയിച്ചു. 

നിരവധിപ്പേരെ ഇനിയും നിരീക്ഷണത്തിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടെന്ന് വ്യക്തമായതിനാൽ ദില്ലി ജവഹർലാൽ നെഹ്റു സ്റ്റേഡിയം നിരീക്ഷണകേന്ദ്രമാക്കി മാറ്റാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. മർക്കസിൽ മതപരമായ ചടങ്ങുകൾ നിരന്തരം നടക്കാറുണ്ടെന്നും വിദേശികൾ  അടക്കം മർക്കസിൽ വരികയും താമസിക്കാറുമുണ്ടെന്ന് ദില്ലി പൊലീസ് വ്യക്തമാക്കുക കൂടി ചെയ്ത സ്ഥിതിക്ക് അതീവ ജാഗ്രതയിലാണ് രാജ്യതലസ്ഥാനം. ഈ സാഹചര്യത്തിൽ നിസാമുദ്ദീൻ മർക്കസ് മൗലാനയ്ക്ക് എതിരെ കേസെടുക്കാൻ ദില്ലി സർക്കാർ പൊലീസിനോട് ആവശ്യപ്പെട്ടു. 

നിസ്സാമുദ്ദീനും കാസർകോടും പത്തനംതിട്ടയും ഉൾപ്പടെ രാജ്യത്തെ പത്ത് സ്ഥലങ്ങൾ പ്രത്യേക ശ്രദ്ധ നൽകേണ്ട മേഖലകളെന്ന് വീണ്ടും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 

നിസ്സാമുദ്ദീനിൽ പങ്കെടുത്തവർ എവിടെ നിന്നെല്ലാം?

തെലങ്കാനയിലെ പന്ത്രണ്ട് ജില്ലകളിൽ നിന്നുള്ളവർ നിസാമുദീനിലെ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. ചടങ്ങിൽ പങ്കെടുത്ത 380 പേരെ ഇതുവരെ തിരിച്ചറിഞ്ഞെന്ന് സർക്കാർ വ്യക്തമാക്കുന്നു. ആന്ധ്ര പ്രദേശിലെ വൈഎസ്ആർ കോൺഗ്രസ് എംഎൽഎ മുഹമ്മദ് മുസ്തഫ നിരീക്ഷണത്തിലാണിപ്പോൾ. നിസ്സാമുദ്ദീൻ ചടങ്ങിൽ പങ്കെടുത്ത ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇദ്ദേഹത്തോടും നിരീക്ഷണത്തിൽ പോകാൻ പറഞ്ഞിരിക്കുന്നത്. 

തമിഴ്‍നാട്ടിലെ സ്ഥിതിയാണ് ഏറ്റവും ഗുരുതരം. ചടങ്ങിൽ തമിഴ്‌നാട്ടിൽ നിന്ന് പങ്കെടുത്തത് 1500-ലധികം പേരാണെന്നാണ് പ്രാഥമിക നിഗമനം. നിസാമുദ്ദീനിലെ പ്രാർഥനാ ചടങ്ങിൽ പങ്കെടുത്തവർ ആരോഗ്യ വകുപ്പുമായി ഉടൻ ബന്ധപ്പെടണമെന്ന് തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരിൽ 16 പേർ ചടങ്ങിൽ പങ്കെടുത്തതായി സ്ഥിരീകരിച്ചിരുന്നു. കോയമ്പത്തൂരിൽ 6 പേരെയും സേലത്ത് മടങ്ങിയെത്തിയ 4 പേരെയും തിരിച്ചറിഞ്ഞു. ഇവരെല്ലാം ദില്ലിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് മടങ്ങിയെത്തിയത് ട്രെയിനിലാണെന്നത് ആശങ്ക കൂട്ടുന്നു.

നിസാമുദ്ദീനിലെ ചടങ്ങിൽ പങ്കെടുത്ത വിദേശികൾ തമിഴ്നാട്ടിലെ വിവിധ ഇടങ്ങൾ സന്ദർശിച്ചുവെന്ന് വ്യക്തമായിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപേട്ട്, അതിരംപട്ടിണം, കോയമ്പത്തൂർ, സേലം എന്നിവടങ്ങളിലെ പള്ളികളിൽ പ്രഭാഷണം നടത്തി.

കോയമ്പത്തൂരിലെ റെയിൽവേയിലുള്ള മലയാളി ഡോക്ടർ ഈ പ്രാർത്ഥനായോഗത്തിൽ പങ്കെടുത്തയാളെയാണ് ചികിത്സിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഇവരുടെ അടുക്കൽ ചികിത്സ തേടിയെത്തിയ റെയിൽവേ ജീവനക്കാരനായ ഈ ആൾ ഈറോഡിലെ പ്രാർഥനാ ചടങ്ങിൽ പങ്കെടുത്തിരുന്നു. നിസാമുദ്ദീനിൽ ചടങ്ങിൽ പങ്കെടുത്ത തായ്‍ലൻഡ് സ്വദേശികളാണ് ഈറോഡിൽ പ്രാർത്ഥനാ ചടങ്ങ് നടത്തിയത്. ഡോക്ടർക്കും പത്ത് മാസം പ്രായമുള്ള കുട്ടിക്കും ഉൾപ്പടെ കുടുംബത്തിലെ 4 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

നിസാമുദ്ദീനിലെ ചടങ്ങിൽ പങ്കെടുത്ത മലേഷ്യൻ സ്വദേശികൾ ചെന്നൈയിൽ പ്രാർഥനാ ചടങ്ങ് നടത്തി. ചെന്നൈ മണ്ണടി മമ്മൂദ് മസ്ജിദിൽ മാർച്ച് 19നായിരുന്നു  പ്രാർത്ഥനാ ചടങ്ങ്. ചടങ്ങിൽ പങ്കെടുത്തവരെയെല്ലാം നിരീക്ഷണത്തിലാക്കുമെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 

ഇതേത്തുടർന്ന്, തമിഴ്നാട് ഈറോഡ് പെരുന്തുറയിലെ ഒൻപത് തെരുവുകൾ ബഫർ സോണായി പ്രഖ്യാപിച്ചു. ഈ മേഖലയിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങി. ഇതുവരെ 1118 പേരെ ക്വാറന്‍റൈനിലാക്കി. നിസാമുദ്ദീനിലെ  പ്രാർഥനാ യോഗത്തിൽ പങ്കെടുത്തവരിൽ ഇനിയും തിരിച്ചറിയാനുള്ളത് 600- ഓളം പേരെയാണ്.

മുംബൈയിൽ ഫിലീപ്പീൻസിൽ നിന്ന് എത്തിയ 65 വയസ്സുള്ളയാൾ കൊവിഡ് ബാധിച്ച് മരിച്ചയാൾ ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. പത്ത് പേരുള്ള ഒരു ഗ്രൂപ്പിലെ അംഗമായിരുന്നു ഇദ്ദേഹം. ഇതിൽ രണ്ട് പേരും കൊവിഡ് പോസിറ്റീവായിരുന്നു. നവി മുംബൈയിലെ ഒരു പള്ളിയിൽ ഇവർ തങ്ങിയിരുന്നു. ഈ പള്ളിയുടെ മേധാവിയും കൊവിഡ് പോസിറ്റീവായി കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മകനും പേരക്കുട്ടിയും വീട്ടിൽ ജോലി ചെയ്യുന്ന സ്ത്രീയ്ക്കും അസുഖമുണ്ട്. അതിനാൽ ഈ പള്ളിയിലെ പുരോഹിതനുമായി ഇടപഴകിയ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. 

നിസാമുദ്ദീനിലെ മതപരമായ ചടങ്ങിൽ പങ്കെടുത്തവരെ അടിയന്തരമായി പരിശോധനക്ക് വിധേയരാക്കാൻ ഉത്തർ പ്രദേശ് ഡിജിപി ഉത്തരവിട്ടു. യുപിയിലെ 18 ജില്ലകളുടെ പൊലീസ് മേധാവിമാർക്ക്‌ ആണ് നിർദേശം നൽകിയിട്ടുള്ളത്.

Follow Us:
Download App:
  • android
  • ios