ആരാധനാലയങ്ങളിലടക്കം പരിശോധന നടത്തേണ്ടി വരുമെന്ന് ദില്ലി പോലീസ് സർക്കാരിനെ അറിയിച്ചു

ദില്ലി: നിസാമുദ്ദീനിൽ തബ്ലീഗ് ജമാഅത്തിൽ പങ്കെടുത്ത 200ഓളം വിദേശ പ്രതിനിധികൾ ഒളിവിലെന്ന് ദില്ലി പൊലീസ്. നിരീക്ഷണത്തിന് വിധേയമാകാതെ ദില്ലിയിൽ പലയിടങ്ങളിലായി ഇവർ ഒളിച്ച് താമസിക്കുകയാണെന്നും ദില്ലി പൊലീസിന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നു. 

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ വിദേശ പ്രതിനിധികളെ കണ്ടെത്താൻ ആരാധനാലയങ്ങളിലടക്കം പരിശോധന നടത്തേണ്ടി വരുമെന്നും ദില്ലി പൊലീസ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ അറുപത്തി നാല് ശതമാനം നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരിൽ നിന്നാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിടുന്ന കണക്ക് . ഇതിനിടെയാണ് 200 പ്രതിനിധികളെ കാണാനില്ലെന്ന ദില്ലി പൊലീസിന്‍റെ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. 

ദില്ലിയിൽ തങ്ങുന്ന വിദേശ പ്രതിനിധികൾ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന നിര്‍ദ്ദേശം കഴിഞ്ഞ ദിവസം തന്നെ നൽകിയിരുന്നു. ഇതിനോടും സഹതരിക്കാത്തവര്‍ക്ക് വേണ്ടിയാണ് പരിശോധന നടത്തണം എന്നതടക്കമുള്ള ആവശ്യം പൊലീസ് മുന്നോട്ട് വക്കുന്നത്. 

പതിനാറ് ആരാധനാലയങ്ങളിലാണ് പ്രതിനിധികളെ താമസിപ്പിക്കുന്നതെന്നും ദില്ലി പൊലീസ് പറയുന്നു. വിദേശ പ്രതിനിധികളിൽ നിന്നാണ് കൊവിഡ് പടര്‍ന്നതെന്ന വിലയിരുത്തൽ കൂടി ഉണ്ടെന്നിരിക്കെ മറ്റുള്ളവരിലേക്ക് കൂടി രോഗവ്യാപനത്തിനുള്ള സാഹചര്യം തള്ളിക്കളയാനാകില്ലെന്നാണ് വിലയിരുത്തൽ. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക