ദില്ലി: രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയിൽ കൊവിഡ് 19 മൂലമുണ്ടായ ആഘാതം മറികടക്കാൻ കടുത്ത നടപടികളുമായി കേന്ദ്ര സ‍ർക്കാർ. പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളം ഒരു വർഷത്തേക്ക് മുപ്പത് ശതമാനം വെട്ടിക്കുറച്ചു. എംപി വികസനഫണ്ട് രണ്ട് വർഷത്തേക്ക് ഒഴിവാക്കുകയും ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, ഗവർണ്ണർമാർ എന്നിവർ 30 ശതമാനം ശമ്പളം സംഭാവനയായി നല്കും.

പ്രധാനമന്ത്രി നടത്തിയ വിഡിയോ കോൺഫ്രൻസിംഗിന് ശേഷമാണ് മന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കാൻ തീരുമാനം എടുത്തത്. ഇതിനായി ഓർഡിനൻസ് കൊണ്ടു വരും. 2020-2021,2021-2022 വർഷങ്ങളിൽ എംപി ഫണ്ട് നല്കില്ല. ഇതുവഴി 7900 കോടി രൂപ സഞ്ചിത നിധിയിലേക്ക് പോകും. പല എംപിമാരും ഈ വർഷത്തെ ഫണ്ട് കൊവിഡ് പ്രവർത്തനത്തിനായി നല്കാൻ ഉത്തരവിട്ട ശേഷമാണ് ഈ നീക്കം. കോൺഗ്രസും ഇടതുപക്ഷവും തൃണമൂൽ കോൺഗ്രസും എംപി ഫണ്ട് നിർത്തലാക്കുന്നതിനെ എതിർത്തു. 

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഏതറ്റം വരെയും പോകേണ്ടി വരും എന്ന സന്ദേശമാണ് കേന്ദ്രസർക്കാർ നല്കുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പളം കുറയ്ക്കില്ലെന്ന് പറയാൻ സർക്കാർ തയ്യാറാവാത്തത് ഈ വഴിക്കും ആലോചനയുണ്ടെന്നതിന്‍റെ സൂചനയാണ്