Asianet News MalayalamAsianet News Malayalam

കൊവിഡ് 19; സ്ഥിതിഗതികൾ വിലയിരുത്താൻ ദില്ലിയിൽ ഉന്നത തല യോഗം

മഹാരാഷ്ട്ര,തമിഴ്നാട്, ഗുജറാത്ത്, ദില്ലി സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്യത്ത് കാല്‍ലക്ഷത്തോളം പേര്‍ കൂടി രോഗബാധിതരായെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് വ്യക്തമാക്കുന്നത്.

Covid 19 high level meeting in delhi to access the situation
Author
Delhi, First Published May 23, 2020, 8:02 PM IST

ദില്ലി: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല യോ​ഗം ദില്ലിയിൽ തുടങ്ങി. പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗിന്റെ വസതിയിൽ നടക്കുന്ന യോ​ഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് ഒന്നേകാൽ ലക്ഷം പിന്നിട്ടിരുന്നു.

6654 പേ‌ർക്കാണ് ഇന്നലെ മാത്രം പുതുതായി രാജ്യത്ത് രോ​ഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര,തമിഴ്നാട്, ഗുജറാത്ത്, ദില്ലി സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്യത്ത് കാല്‍ലക്ഷത്തോളം പേര്‍ കൂടി രോഗബാധിതരായെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് വ്യക്തമാക്കുന്നത്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് രണ്ട് മാസമാകുമ്പോള്‍ രോഗബാധിതരുടെ എണ്ണത്തില്‍ 241 ഇരട്ടിയും, മരണനിരക്കില്‍ 338 ഇരട്ടി വര്‍ധനയുമാണ് ഉണ്ടായിരിക്കുന്നത്. ലോക്ക് ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ രാജ്യത്ത് 20 ലക്ഷം പേരെങ്കിലും രോഗബാധിതരാകുമായിരുന്നെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വാദം.

ഇതിനിടെ ഇത് വരെ രോ​ഗബാധിതരില്ലാതിരുന്ന സിക്കിമിൽ ആദ്യമായി ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയിൽ നിന്ന് തിരിച്ച് സംസ്ഥാനത്തെത്തിയ യുവാവിനാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ ഇന്ന് കൊവിഡ് ബാധിതരുടെ എണ്ണം 15,000 കടന്നു. ഇന്ന് മാത്രം 759 പേർക്കാണ് ചെന്നൈയിൽ രോ​ഗം സ്ഥിരീകരിച്ചത്.

ഇതിനിടെ അന്താരാഷട്ര വിമാനസ‍‌‌‍ർവ്വീസ് പുനരാരംഭിക്കുന്നത് കേന്ദ്രം പരി​ഗണിക്കുന്നുണ്ട്. നാലാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാൻ ഇനി ഒരാഴ്ച മാത്രം ശേഷിക്കെ കേന്ദ്രത്തിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് രാജ്യം കാത്തിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios