ദില്ലി: രാജ്യത്ത് ആദ്യ കൊവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്നേക്ക് 100 ദിവസമാകുന്നു. ജനുവരി 30 ന് ചൈനയിലെ വുഹാനില്‍നിന്ന് കേരളത്തിലെത്തിയ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ജനുവരി 24ന് വീട്ടിലെത്തി. മൂന്ന് ദിവസത്തിന് ശേഷം രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയപ്പോള്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിച്ചു. 30ന് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അങ്ങനെ രാജ്യത്തെ ആദ്യത്തെ കൊവിഡ് കേസ് തൃശൂരില്‍ സ്ഥിരീകരിച്ചു. എന്നാല്‍, സംസ്ഥാനത്തെ ആരോഗ്യരംഗം ഉണര്‍ന്നുപ്രവര്‍ത്തിച്ചതിന്റെ ഫലമായി ഫെബ്രുവരി 20ന് പെണ്‍കുട്ടി ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടു.

കേരളത്തില്‍ രോഗവ്യാപനത്തിന്റെ ഒന്നാംഘട്ടമായ ജനുവരി 30 മുതല്‍ മാര്‍ച്ച് ഒന്നുവരെ മൂന്ന് പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. മൂന്ന് പേരും ചൈനയില്‍നിന്ന് വന്നവര്‍. ഇവര്‍ മൂവരും ആശുപത്രി വിട്ടു. മാര്‍ച്ച് രണ്ട് മുതല്‍ രോഗവ്യാപനം വേഗത്തിലായി.  മാര്‍ച്ച് 15ഓടെ രോഗികളുടെ എണ്ണം 104 ആയി. മാര്‍ച്ച് 28നാണ് സംസ്ഥാനത്ത് ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രാജ്യത്ത് 24 പേര്‍ മരിച്ചിരുന്നു.  തുടക്കത്തില്‍ തന്നെ രോഗം പടരാതിരിക്കാന്‍ കേരളത്തിന് സാധിച്ചു. മൊത്തം 500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും ഇപ്പോള്‍ 26 പേര്‍ മാത്രമാണ് ആശുപത്രിയിലുള്ളത്. മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബാക്കിയെല്ലാം ആശുപത്രി വിട്ടു. 

അതേസമയം, രാജ്യത്തെ മൊത്തം സ്ഥിതി ഇപ്പോഴും പൂര്‍ണമായി ആശ്വസിക്കാനുള്ളതായിട്ടില്ല. മാര്‍ച്ച് 25 മുതലാണ് 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നീട് മെയ് 17 വരെ നീട്ടി. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ദില്ലി എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം 56,516 പേര്‍ക്ക് രോഗബാധയേല്‍ക്കുകയും 1895 പേര്‍ മരിക്കുകയും ചെയ്തു.