Asianet News MalayalamAsianet News Malayalam

വാക്സിൻ എപ്പോഴെത്തുമെന്ന് പറയാനാകില്ല, രോഗമുക്തി കൂടിയപ്പോഴുള്ള അമിത ആത്മവിശ്വാസം ആപത്തെന്നും പ്രധാനമന്ത്രി

കൊവിഡിനെ മികച്ച രീതിയിൽ ഇന്ത്യ കൈകാര്യം ചെയ്യുന്നുവെന്ന് അവകാശപ്പെട്ട മോദി വാക്സിൻ വിതരണം സുതാര്യമായിരിക്കുമെന്നും പ്രഖ്യാപിച്ചു. വാക്സിനെ രാഷ്ട്രീയവത്കരിക്കരുതെന്നും ആവശ്യപ്പെട്ട പ്രധാനമന്ത്രി ചിലർ അത്തരം ശ്രമങ്ങൾ നടത്തുന്നതായും ചൂണ്ടിക്കാട്ടി

covid 19 india prime minister narendra modi response on vaccines
Author
Delhi, First Published Nov 24, 2020, 3:02 PM IST

ദില്ലി: കൊവിഡ് വാക്സിൻ എപ്പോഴെത്തുമെന്ന് ഇപ്പോൾ കൃത്യമായി പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം ഉള്‍പ്പടെ രോഗവ്യാപനം രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിലെ സാഹചര്യം അവലോകനം ചെയ്യാനായി വിളിച്ച് ചേർത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിൻ പുരോഗതി ശാസ്ത്രജ്ഞർ വിലയിരുത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

കൊവിഡിനെ മികച്ച രീതിയിൽ ഇന്ത്യ കൈകാര്യം ചെയ്യുന്നുവെന്ന് അവകാശപ്പെട്ട മോദി വാക്സിൻ വിതരണം സുതാര്യമായിരിക്കുമെന്നും പ്രഖ്യാപിച്ചു. വാക്സിനെ രാഷ്ട്രീയവത്കരിക്കരുതെന്നും ആവശ്യപ്പെട്ട പ്രധാനമന്ത്രി ചിലർ അത്തരം ശ്രമങ്ങൾ നടത്തുന്നതായും ചൂണ്ടിക്കാട്ടി. ആശുപത്രികളെ കൂടുതൽ സജ്ജമാക്കാൻ പിഎം കെയർ ഫണ്ട് വിനിയോഗിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

അഞ്ച് വാക്സിനുകളാണ് നിലവില്‍ പരീക്ഷണ ഘട്ടത്തിലുളളത്. ഇതില്‍ ഓക്സ്ഫോഡ് സര്‍വ്വകലാശാലുമായി ചേര്‍ന്ന് പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കുന്ന കൊവിഷീല്‍ഡ് മൂന്ന് പരീക്ഷണ ഘട്ടങ്ങളും പിന്നിട്ടു കഴിഞ്ഞു. അന്‍പത് ശതമാനത്തിന് മുകളില്‍ ഫല പ്രാപ്തിയെങ്കില്‍ വാക്സിന്‍ ഗുണകരമെന്നാണ് ഐസിഎംആറിന്‍റെ വിലയിരുത്തല്‍. 

കൊവിഡ് വാക്സിന്‍ ജനുവരിയോടെ വിതരണത്തിന് തയ്യാറാകുമെന്ന് പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത്. ആദ്യ ഘട്ടം ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ആലോചന. കൊവിഷീവല്‍ഡിന്‍റെ ശരാശരി ഫലപ്രാപ്തി എഴുപത് ശതമാനമെന്ന് ഓക്സ്ഫഡ് സര്‍വ്വകാലാശാല വ്യക്തമാക്കിയതിന് പിന്നാലെയാണ് മരുന്ന് ഉടന്‍ വിതരണത്തിലേക്കെന്ന് പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരിക്കുന്നത്. 

ആദ്യ ഘട്ടം മരുന്ന് നല്‍കേണ്ട ആരോഗ്യപ്രവര്‍ത്തകരുടെ വിവരം കേന്ദ്രം ഇതിനോടകം ശേഖരിച്ച് കഴിഞ്ഞു. 96 ശതമാനം സര്‍ക്കാര്‍ ആശുപത്രികളും, 26 ശതമാനം സ്വകാര്യ ആശുപത്രികളും പട്ടിക കേന്ദ്രത്തിന് കൈമാറിയിരുന്നു.

കൊവിഡ് നിയന്ത്രണത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി വിളിച്ച  മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പിണറായി വിജയന്‍ വ്യക്തമാക്കി. കൊവിഡിനെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജിഎസ്ടി കുടിശിക ഉടന്‍ ലഭ്യമാക്കണമെന്ന് കേരളവും പശ്ചിമബംഗാളും യോഗത്തില്‍ ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios