ചെന്നൈ: ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങൾ ഇല്ലെന്ന് പരാതിയുമായി ചെന്നൈയിലെ ഡോക്ടർമാ‍ർ. കൊവിഡ് രോഗികളെ ചികിത്സിച്ച ഡോക്ടർമാർക്ക് കൃത്യമായ സൗകര്യം ഇല്ലെന്ന് പരാതി. ചെന്നൈയിൽ സർക്കാർ ആശുപത്രികളിൽ പോലും ഐസിഎംആർ നിർദ്ദേശിച്ച മുൻകരുതൽ പാലിക്കുന്നില്ലെന്ന് ഡോക്ടർമാർ പരാതിപ്പെടുന്നു. ഇങ്ങനെ പോയാൽ സമരത്തിലേക്ക് പോകുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. 

ആവശ്യങ്ങളും പരാധീനതകളും ചൂണ്ടിക്കാട്ടി സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ മുഖ്യമന്ത്രിക്ക് കത്തയച്ചു. ആകെ രോഗബാധിതരുടെ എണ്ണത്തിൽ നിലവിൽ രാജ്യത്ത് അഞ്ചാമതാണ് തമിഴ്നാട്, ആകെ 1596 പേർക്കാണ് ഇത് വരെ സംസ്ഥാനത്ത് രോ​ഗം സ്ഥിരീകരിച്ചത്. 635 പേ‌ർക്ക് രോ​ഗം ഭേദമമായി. 18 പേരാണ് സംസ്ഥാനത്ത് രോ​ഗം ബാധിച്ച് മരിച്ചത്. എറ്റവും കൂടുതൽ രോ​ഗബാധിത‌ർ ചെന്നൈയിലാണ്. 

കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ സംസ്കാരം നടത്താനെത്തിയ സഹപ്രവർത്തകരെ പ്രദേശവാസികൾ ആക്രമിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Read more at: ആംബുലന്‍സ് തകര്‍ത്തു, ബന്ധുക്കളെ തല്ലി; കൊവിഡ് ബാധിച്ച് മരിച്ച ഡോക്റുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞു...

ചെന്നൈ നഗരത്തിൽ ‍ഇന്ന് 10 മാധ്യമ പ്രവർത്തകർക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ആറ് പേർ ഒരു തമിഴ് ചാനലിലെ മാധ്യമപ്രവർത്തകരാണ്. ഇതോടെ ചെന്നൈയിൽ കൊവിഡ് സ്ഥിരീകരിച്ച ആകെ മാധ്യമപ്രവർത്തകരുടെ എണ്ണം 40 ആയി. 

ചാനൽ ജീവനക്കാർക്ക് കൂട്ടത്തോടെ രോഗം വന്നതിനെ തുടർന്ന് ഒരു പ്രമുഖ തമിഴ് ന്യൂസ് ചാനൽ ഇന്ന് തത്സമയ സംപ്രേക്ഷണം നിർത്തിയിരുന്നു. നേരത്തെ തന്നെ അമ്പതോളം മാധ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇന്ന് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കൂടുതൽ മാധ്യമപ്രവർത്തകർ നിരീക്ഷണപട്ടികയിൽ വരും.  

മറ്റൊരു ചാനലിലെ സബ് എഡിറ്റര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ന്യൂസ് റീഡര്‍മാരടക്കം ഇരുപത്തിമൂന്ന് മാധ്യമപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച തമിഴ് ദിനപ്ത്രത്തിലെ ലേഖകന്‍ ആരോഗ്യസെക്രട്ടറിയുടെ വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരം പങ്കെടുത്തിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കായി പ്രത്യേക പരിശോധന തുടങ്ങി. 

ചെന്നൈ കഴിഞ്ഞാല്‍ കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി, തിരുനെൽവേലി എന്നിവടങ്ങളിലാണ് രോഗബാധിതര്‍ കൂടുതല്‍. കോയമ്പത്തൂരില്‍ 134പേര്‍ക്കും തിരുപ്പൂരില്‍ 109 പേര്‍ക്കുമാണ് കൊവിഡ്.ചെന്നൈയില്‍ ഇന്ന് 58 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതര്‍ 1596 ആയി. പത്ത് ദിവസത്തിനുള്ളില്‍ ചെന്നൈയില്‍ മാത്രം ഇരുന്നൂറോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.