ദില്ലി: രാജ്യത്ത് കൊവിഡ് രോഗികൾ 73 ലക്ഷം കടന്നു. 73,07,097 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 67,708 പേർക്ക് പുതിയതായി രോഗം ബാധിച്ചതായിആരോഗ്യമന്ത്രാലയം കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ 680 പേർ മരിച്ചു. 1,11,266 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്. 81,541 പേർ ഇന്നലെ രോഗമുക്തി നേടി. നിലവിൽ 8,12,390 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.  63,83,442 പേർ രോഗമുക്തി നേടി. രോഗമുക്തി നേടുന്നവരുടെ എണ്ണമുയരുന്നത് രാജ്യത്തിന് ആശ്വാസമാണ്. 

കൊവിഡിന്റെ പശ്ചാത്തലത്തിലും കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഇന്ന് മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയെങ്കലും ഉടന്‍ വേണ്ടെന്ന  തീരുമാനത്തിലാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളും. കേരളം, കര്‍ണ്ണാടകം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഛത്തീസ് ഘട്ട്., മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ സ്കൂളുകള്‍ തുറക്കില്ല. നവംബറിന് ശേഷം തീരുമാനമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്.

അതേ സമയം 9 മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഇന്ന് മുതല്‍ തുടങ്ങാന്‍ ഉത്തര്‍പ്രദേശും, പഞ്ചാബും തീരുമാനിച്ചിട്ടുണ്ട്. 20 കുട്ടികള്‍ മാത്രം ഒരു സെഷനില്‍ എന്നാണ് ഉത്തര്‍പ്രദേശും പഞ്ചാബും പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഡിറ്റോറിയങ്ങള്‍ ഇന്ന് മുതല്‍ തുറക്കാനും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്