Asianet News MalayalamAsianet News Malayalam

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പടക്കപ്പലുകളോ: ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യത്തിന് ഇന്ത്യ

ഏകദേശം 10 മില്യനോളം ഇന്ത്യക്കാര്‍ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നുണ്ട് എന്നാണ് കണക്ക്. ഇവരെ എങ്ങനെയാണ് നാട്ടിലെത്തിക്കുക എന്ന പദ്ധതി പുറത്തുവന്നിട്ടില്ല. 

Covid 19 Indian Navy is readying warships for gulf evacuation
Author
Delhi, First Published Apr 29, 2020, 12:16 PM IST

ദില്ലി: ഗള്‍ഫില്‍ നിന്ന് ലക്ഷക്കണക്കിന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ നേവി സന്നാഹങ്ങളൊരുക്കുന്നതായി റിപ്പോര്‍ട്ട്. ആവശ്യമെങ്കില്‍ ഉപയോഗിക്കാനായി ഐഎന്‍എസ് ജലഷ്വയും രണ്ട് യുദ്ധക്കപ്പലുകളും തയ്യാറാക്കി നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതുകൂടാതെ വ്യോമസേനയോടും എയര്‍ ഇന്ത്യയോടും സന്നാഹങ്ങളൊരുക്കാനും നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യം ആവും ഇതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ഏകദേശം 10 മില്യനോളം ഇന്ത്യക്കാര്‍ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നുണ്ട് എന്നാണ് കണക്ക്. ഇവരെ എങ്ങനെയാണ് നാട്ടിലെത്തിക്കുക എന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ലോക്ക് ഡൗണ്‍ മെയ് മൂന്നിന് അവസാനിച്ച ശേഷമാകും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക എന്ന സൂചനകള്‍ ദേശീയ മാധ്യമങ്ങള്‍ നല്‍കുന്നു. 

ഗള്‍ഫിലെ തുറമുഖ നഗരങ്ങളില്‍ ഏറെ ഇന്ത്യക്കാര്‍ വസിക്കുന്നുണ്ട്. ഇവരെ നാട്ടിലെത്തിക്കാനാണ് നാവികസേനയുടെ സഹായം തേടുന്നത് എന്നാണ് എഎന്‍ഐയുടെ റിപ്പോര്‍ട്ട്. ഇതനുസരിച്ച് നാവികസേന വിശദമായ പദ്ധതിരൂപരേഖ കേന്ദ്രത്തിന് സമര്‍പ്പിച്ചതായും എഎന്‍ഐ റിപ്പോര്‍ട്ട് പറയുന്നു. 

വിമാനങ്ങള്‍ തയ്യാറാക്കി നിര്‍ത്താന്‍ എയര്‍ ഇന്ത്യയോടും വ്യോമസേനയോടും ആവശ്യപ്പെട്ടു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്  ചെയ്യുന്നു. നേരത്തെ, ചൈന, ജപ്പാന്‍, ഇറാന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ കുടുങ്ങിയ പൗരന്‍മാരെ വ്യോമസേനയും എയര്‍ ഇന്ത്യയും ചേര്‍ന്ന് നാട്ടിലെത്തിച്ചിരുന്നു. എന്നാല്‍ എത്ര പേരെ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിക്കാന്‍ കഴിയും എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. അഞ്ച് ലക്ഷം പേരെയെങ്കിലും രാജ്യത്തേക്ക് തിരികെ കൊണ്ടുവരേണ്ടിവരും എന്ന് പേര് വെളിപ്പെടുത്താത്ത നയതന്ത്രജ്ഞനെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

Follow Us:
Download App:
  • android
  • ios