ദില്ലി: ഇന്ത്യന്‍ സൈനികന് കൊവിഡ് 19 സ്ഥിരീകരിച്ചു. ലഡാക് സ്‌കൗട്ടിലെ 34 കാരനായ സൈനികനാണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചത്. ഇന്ത്യന്‍ സൈന്യത്തില്‍ ആദ്യമായാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ലേയിലെ ലഡാക് റെജിമെന്റല്‍ സെന്ററില്‍ 800ഓളം സൈനികരാണ് ഉള്ളത്. സൈനികന് കൊവിഡ് സ്ഥിരീകരിച്ചതോടെ കേന്ദ്രം അടച്ചു. ലഡാക്കിലെ മഞ്ഞില്‍ ജോലി ചെയ്യുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച റെജിമെന്റലിലെ സൈനികനാണ് കൊവിഡ് 19 ബാധിച്ചത്. 

കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സൈന്യം രോഗത്തെ തുരത്താന്‍ സജ്ജമായെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. യുദ്ധസമാന രീതിയിലാണ് സൈന്യം വിഷയത്തെ സമീപിക്കുന്നതെന്നും ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കമാന്‍ഡര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. യോഗങ്ങള്‍, സമ്മേളനങ്ങള്‍ എന്നിവ പരിപാടികള്‍ എന്നിവ മാറ്റിവെക്കണമെന്നും ഇനിയൊരറിയിപ്പുണ്ടാകും വരെ പരിശീലന പരിപാടികളൊന്നും നടത്തരുതെന്നും അറിയിച്ചിട്ടുണ്ട്. 

സൈനികന്‍റെ പിതാവ് ഫെബ്രുവരി 27-നാണ് ഇറാനിൽ നിന്ന് തിരികെയെത്തിയത്. സൈനികൻ അച്ഛനെ കാണാൻ നാട്ടിലെത്തിയിരുന്നു. മാർച്ച് രണ്ടിന് സൈനികൻ തിരികെ ഡ്യൂട്ടിക്ക് എത്തുകയും ചെയ്തു. സൈനികന്‍റെ അച്ഛനെ ഫെബ്രുവരി 29-ന് ക്വാറന്‍റൈൻ ചെയ്തു. മാർച്ച് 6-ാം തീയതിയോടെ അച്ഛന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. സൈനികൻ ഈ വിവരം യൂണിറ്റിനെ അറിയിച്ചതോടെ സൈന്യം അദ്ദേഹത്തെ ഉടൻ ക്വാറന്‍റൈനിലേക്ക് മാറ്റി. പരിശോധന നടത്തിയപ്പോൾ, തിങ്കളാഴ്ചയോടെ കൊവിഡ് പോസിറ്റീവ് ഫലവും വന്നു.

ഈ പശ്ചാത്തലത്തിൽ സൈനികന്‍റെ സഹോദരി, ഭാര്യ, രണ്ട് കുട്ടികൾ എന്നിവരെയും ക്വാറന്‍റൈനിലേക്ക് മാറ്റിയിരിക്കുകയാണ്. പുനെയിലെ മിലിട്ടറി ആശുപത്രിയിൽ മറ്റൊരു ആർമി ഓഫീസർക്കും കൊവിഡ് ലക്ഷണങ്ങളുണ്ട്. അദ്ദേഹത്തിന് പരിശോധനകൾ തുടരുകയാണ്. ഫലം ഇതുവരെ ലഭിച്ചിട്ടില്ല.

ഇന്ത്യയിലിത് വരെ കൊവിഡ് ബാധിച്ച് മരിച്ചത് മൂന്ന് പേരാണ്. 147 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചതായി ഔദ്യോഗിക കണക്ക് പുറത്തുവന്നിരിക്കുന്നത്. രോഗബാധ ഇന്ത്യയിൽ രണ്ടാം ഘട്ടത്തിലേക്ക് കടന്നായി ഐസിഎംആർ അഥവാ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നേരത്തേ വ്യക്തമാക്കിയിരുന്നു. നേരിട്ട് രോഗം ബാധിച്ചവരുമായി സമ്പർക്കമുണ്ടായവർക്ക് രോഗം വരുന്ന രണ്ടാംഘട്ടത്തിൽ ഈ വൈറസ് വ്യാപനം തടയേണ്ടത് അത്യാവശ്യമാണ്.

കമ്യൂണിറ്റി സ്പ്രെഡിംഗ്, അഥവാ സാമൂഹ്യവ്യാപനം എന്ന മൂന്നാമത്തെ ഘട്ടത്തിലേക്ക് കടന്നാൽ രോഗബാധ നിയന്ത്രിക്കാനാകില്ലെന്ന് ഐസിഎംആർ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. രോഗം നേരിട്ട് ബാധിച്ചവരുമായി ഒരു ബന്ധവുമില്ലാത്തവർക്കും രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയുണ്ടായാൽ കൊവിഡ് കാട്ടുതീ പോലെ പടരും. ഈ സാഹചര്യമാണ് യൂറോപ്യൻ രാജ്യങ്ങളിലും മറ്റും നിലനിൽക്കുന്നത്.

സമാനമായ സാഹചര്യം സൈന്യത്തിൽ ഉടലെടുക്കുകയാണെങ്കിൽ അത് ഗുരുതരമായ സ്ഥിതിവിശേഷത്തിന് വഴിവയ്ക്കുമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു. ഇതിനാലാണ് സൈനികൻ ജോലി ചെയ്തിരുന്ന യൂണിറ്റിലെ എല്ലാവരെയും ക്വാറന്‍റൈൻ ചെയ്തിരിക്കുന്നത്.

രാജ്യത്ത് ഇതുവരെ 147 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സൈനികന് കൊവിഡ് 19 സ്ഥിരീകരിച്ചത് അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. കൊവിഡ് 19ന്റെ രണ്ടാം ഘട്ടം സമൂഹ വ്യാപനമാണെന്നും അതിജാഗ്രത പുലര്‍ത്തണമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൊറോണവൈറസിന്റെ സമൂഹവ്യാപനം തടയാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരും. കൂടുതല്‍ ആശുപത്രികള്‍ സജ്ജീകരിക്കുക, ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ലഭ്യമാക്കുക, മറ്റ്് ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമാക്കുക എന്നതാണ് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം. വരുന്ന 30 ദിവസം അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും വിദഗ്ധര്‍ അറിയിച്ചു.