ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കൊവിഡ് 19 വൈറസ് ബാധ പടരുമ്പോള്‍ വിവാദ പരമാര്‍ശവുമായി പുരോഹിതന്‍. സ്ത്രീകളുടെ തെറ്റുകളും മാന്യമല്ലാത്ത പ്രവര്‍ത്തികളുമാണ് മഹാമാരി പടരാന്‍ കാരണമായതെന്നാണ് മൗലാന താരിഖ് ജമീല്‍ പറഞ്ഞതെന്ന് പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു പ്രാര്‍ത്ഥനാസംഗമത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ സാന്നിധ്യത്തിലായിരുന്നു താരിഖ് ജമീലിന്‍റെ പരാമര്‍ശങ്ങള്‍.

സ്ത്രീകള്‍ നൃത്തം ചെയ്യുന്നതിനെയും അവരുടെ വേഷവിധാനത്തെയും കുറ്റപ്പെടുത്തിയ പുരോഹിതന്‍ രാജ്യത്തിന് മുകളിലേക്ക് ദൈവത്തിന്‍റെ ശിക്ഷ വീഴാന്‍ കാരണം ഇതൊക്കെയാണെന്നും പറഞ്ഞു. കൊറോണ വൈറസിന്‍റെ രൂപത്തില്‍ ദൈവത്തിന്‍റെ ശിക്ഷ വരാന്‍ കാരണം അശ്ലീലതയും നഗ്നതയുമാണ്. ''ആരാണ് തന്‍റെ രാജ്യത്തിലെ പെണ്‍മക്കളെ കൊണ്ട് നൃത്തം ചെയ്യിപ്പിക്കുന്നത്. അവരുടെ വസ്ത്രം ചെറുതായി വരുന്നു. അശ്ലീലത സമൂഹത്തില്‍ സാധാരണമായതോടെ അള്ളാഹ് ശിക്ഷ നല്‍കി'' - മൗലാന താരിഖ് ജമീല്‍ പറഞ്ഞു.

തന്‍റെ പരാമര്‍ശങ്ങളില്‍ ഇതുവരെ ഖേദം പ്രകടിപ്പിക്കാത്ത പുരോഹിതനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് പാകിസ്ഥാനില്‍ ഉയര്‍ന്നിരിക്കുന്നത്. രാജ്യത്ത് ഏറെ പിന്തുണയുള്ള പുരോഹിതനെതിരെ രാഷ്ട്രീയ നേതാക്കളും സോഷ്യല്‍ മീഡിയയും രംഗത്ത് വന്നുകഴിഞ്ഞു.

മഹാമാരിയെ കുറിച്ചുള്ള അജ്ഞത അല്ലെങ്കില്‍ സ്ത്രീവിരുദ്ധ മനസുള്ളവന്‍ എന്നാണ് പാക്കിസ്ഥാനിലെ ഭരണകക്ഷിയായ തഹരീക് ഇ ഇന്‍സാഫ് പ്രതികരിച്ചത്. വിഷയത്തില്‍ നിശബ്‍ദനായിരിക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. പുരോഹിതന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ പാകിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്.

ഇത്രയും സ്ത്രീവിരുദ്ധത സമൂഹത്തില്‍ വ്യാപിപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ഔദ്യോഗിക ട്വിറ്ററിലൂടെ പ്രതികരിച്ചത്. അതേസമയം, പാകിസ്ഥാനില്‍ ഇതുവരെ 13,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 250ലേറെ പേര്‍ രോഗം മൂലം മരണപ്പെട്ടു.