സംസ്ഥാനത്ത് 39 പേര്‍ക്ക് കൂടി കൊവിഡ്, ആകെ 164 രോഗികള്‍; നിയന്ത്രണങ്ങള്‍ ശക്തമാക്കും: മുഖ്യമന്ത്രി |Live

Covid 19 live updates Kerala India Italy America

11:26 PM IST

സാമ്പത്തികാവസ്ഥ 2009നേക്കാള്‍ മോശമാകും: ഐഎംഎഫ്

കൊവിഡ് 19 ലോകമാകെ പടര്‍ന്ന സാഹചര്യത്തില്‍ സാമ്പത്തികാവസ്ഥ മാന്ദ്യകാലമായ 2008-2009നേക്കാള്‍ മോശമാകുമെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റീന ജിയോര്‍ജിവ പറഞ്ഞു. കാര്യങ്ങള്‍ വ്യക്തമാണ്. നമ്മള്‍ മാന്ദ്യത്തിലേക്ക് കടന്നു. ഇങ്ങനെ തുടരുകയാണെങ്കില്‍ ആഗോള സാമ്പത്തിക മാന്ദ്യം നേരിട്ട 2009നേക്കാള്‍ കാര്യങ്ങള്‍ മോശമാകും. ലോകരാജ്യങ്ങളിലെ സാമ്പദ് വ്യവസ്ഥ പൊടുന്നനെ നിശ്ചലമായിരിക്കുകയാണ്.  വിപണിയെ ഉത്തേജിപ്പിക്കുന്നതിനായി കുറഞ്ഞത് രണ്ട് ലക്ഷം കോടി ഡോളറെങ്കിലും വേണ്ടി വരുമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

11:23 PM IST

സൗദിയില്‍ പുതുതായി 92 രോഗികള്‍

സൗദി അറേബ്യയില്‍ വെള്ളിയാഴ്ച കൊവിഡ് ബാധിച്ച് പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. എന്നാല്‍ പുതുതായി 92 പേര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തി. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1104 ആയി ഉയര്‍ന്നതായി സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

11:23 PM IST

വയനാട്ടില്‍ കര്‍ശന നിയന്ത്രണങ്ങള്‍

വയനാട് ജില്ലയില്‍ കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം അയ്യായിരത്തോട് അടുക്കുന്നു. 1355 പേര്‍ കൂടി ഇന്ന് നിരീക്ഷണത്തിലായി. ഇതോടെ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുവരുടെ എണ്ണം 4281 ആയി. അഞ്ച് പേര്‍  ആശുപത്രിയില്‍  നിരീക്ഷണത്തിലുണ്ട്. 63 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 43 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. 19 ഫലം ലഭിക്കുവാനുണ്ട്

10:12 PM IST

വിദ്യാര്‍ഥികള്‍ക്ക് സൗകര്യങ്ങളും സഹായവും നല്‍കണം; അഭ്യര്‍ത്ഥനയുമായി രാഹുല്‍

ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ താമസിച്ചു പഠിക്കുന്ന  വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സഹായവും നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധി. ഇക്കാര്യം ചൂണ്ടിക്കാട്ടി മാനവവിഭവശേഷി മന്ത്രി ഡോ. രമേശ് പൊഖ്രിയാലിന് കത്തയച്ചു

10:12 PM IST

കേരളത്തിലെ പ്രതിരോധപ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി തൃപ്തിയറിയിച്ചു

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രി തന്നെ ഫോണിൽ ബന്ധപ്പെട്ടെന്നും സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികളും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് വൈറസ് വ്യാപനത്തിനെതിരെ സംസ്ഥാനം ഇതുവരെ സ്വീകരിച്ച നടപടികളിൽ പ്രധാനമന്ത്രി മതിപ്പ് അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു

10:12 PM IST

ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി നല്‍കുമെന്ന് യൂസഫലി

 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം എ യൂസഫലി അറിയിച്ചു.  കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിളിച്ചാണ് യൂസഫലി ഇക്കാര്യം അറിയിച്ചത്.

9:05 PM IST

മാസ്കുകള്‍ക്കും സാനിറ്റൈസറുകള്‍ക്കും അമിതവില; കൊല്ലത്ത് കേസെടുത്തു

മാസ്കുകള്‍ക്കും സാനിറ്റൈസറുകള്‍ക്കും അമിത വില ഈടാക്കിയ കൊല്ലത്തെ ഒമ്പത് സ്ഥാപനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും 80000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ലീഗല്‍ മെട്രോളജി വകുപ്പ് മെഡിക്കല്‍ ഷോപ്പുകളിലും സര്‍ജിക്കല്‍ സ്ഥാപനങ്ങളിലും നടത്തിയ മിന്നല്‍ പരിശോധനയെത്തുടര്‍ന്നാണ് നടപടി

7:35 PM IST

ഒമാനിൽ സമൂഹ വ്യാപനം

ഒമാനിൽ 22 പേർക്ക് കൂടി കോവിഡ്‌ 19 സ്ഥിരീകരിച്ചു. സമൂഹവ്യാപനം ഉള്ളതായി ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു, ഒമാനിൽ ആകെ 131 പേർക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്.

7:35 PM IST

ശബരിമല നട തുറക്കില്ല

ശബരിമല നട ഉത്സവത്തിനായി നാളെ തുറക്കില്ല. ഉത്സവം മാറ്റി വെച്ചിരുന്നു

7:09 PM IST

നിർദ്ദേശങ്ങൾ അനുസരിക്കണം

കൊറോണ വ്യാപനം നിയന്ത്രിക്കാന്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് എ കെ ആന്‍റണി

6:57 PM IST

ഇടുക്കി സ്വദേശിക്ക് രോഗം വന്നത് സമ്പർക്കം വഴിയെന്ന് സൂചന

ഇടുക്കി സ്വദേശിയായ പൊതുപ്രവർത്തകന് രോഗം സ്ഥിരീകരിച്ചത് സമ്പർക്കം വഴിയെന്ന് സൂചന ലഭിച്ചതായി മുഖ്യമന്ത്രി. 

6:57 PM IST

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി പണം സമാഹരിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി പണം സമാഹരിക്കുമെന്ന് മുഖ്യമന്ത്രി. വാഗ്ദാനം നൽകിയവർ അത് ചെയ്യണം, ആകുന്ന സംഭാവന എല്ലാവരും നൽകണമെന്ന് മുഖ്യമന്ത്രി.

6:54 PM IST

പ്രധാനമന്ത്രി വിളിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി

പ്രധാനമന്ത്രി രാവിലെ വിളിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികൾ അന്വേഷിച്ചുവെന്ന് മുഖ്യമന്ത്രി. കേരളത്തിന്‍റെ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി മതിപ്പി പ്രകടിപ്പിച്ചു. കടന്നു പോകുന്ന പ്രതിസന്ധി ഘട്ടം പരീക്ഷണ ഘട്ടമാണ് ഇത് നമ്മുക്ക് അതിജീവിക്കണമെന്ന് മുഖ്യമന്ത്രി. 

6:51 PM IST

സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയർത്തമെന്ന് മുഖ്യമന്ത്രി

സംസ്ഥാനങ്ങളുടെ വായ്‌പ പരിധി ഉയർത്തണമെന്ന് മുഖ്യമന്ത്രി. മൂന്ന് ശതമാനമെന്നത് അഞ്ച് ശതമാനമാക്കണമെന്ന് മുഖ്യമന്ത്രി.

6:49 PM IST

ഓട്ടോ ടാക്സി അമിത നിരക്ക് പാടില്ല

ഓട്ടോ ടാക്സി അമിത നിരക്ക് പാടില്ലെന്ന് മുഖ്യമന്ത്രി. കേന്ദ്ര പാക്കേജിൽ സ്വകാര്യ ആശുപത്രി ജീവനക്കാരെയും ഉൾപ്പെടുത്തണമെന്നാവശ്യം. 

6:42 PM IST

തൊണ്ട വേദനയും പനിയുമുള്ളവർ ആശുപത്രിയുമായി ബന്ധപ്പെടണം

തൊണ്ട വേദനയും പനിയുമുള്ളവർ ആശുപത്രിയുമായി ബന്ധപ്പെടണം

6:42 PM IST

ഉത്തരപേപ്പർ സ്ട്രോംഗ് റൂമിലേക്ക് മാറ്റും

എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളുടെ ഉത്തരപേപ്പർ സ്ട്രോംഗ് റൂമിലേക്ക് മാറ്റും, നിലവിൽ സുരക്ഷാ ജീവനക്കാർ രാത്രിയും കാവലിരിക്കേണ്ട സാഹചര്യം ഒഴിവാക്കും. 

6:42 PM IST

തെരുവ് നായക്കൾക്ക് ഭക്ഷണം നൽകണം

തെരുവ് നായക്കൾ ഭക്ഷണം കിട്ടാതെ വന്നാൽ അക്രമാസക്തരാവാൻ ഇടയുണ്ട്. അത് കൊണ്ട് ഇവയ്ക്ക് ഭക്ഷണം നൽകേണ്ടതായിട്ടുള്ള സംവിധാനെ ഒരുക്കണം. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം. 

6:42 PM IST

ആരോഗ്യപ്രവർത്തകരെ ഒറ്റപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി

ആരോഗ്യ പ്രവർത്തകരെ ഒറ്റപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി. ഇത് അനുവദിക്കില്ല. വാക്കിലോ നോക്കിലോ പ്രവർത്തിയിലോ അനാദരവ് പാടില്ലെന്നും മുഖ്യമന്ത്രി. 

6:37 PM IST

സംസ്ഥാനത്ത് ഒരുതരം ഒഴിപ്പിക്കലും പാടില്ലെന്ന് മുഖ്യന്ത്രി

സംസ്ഥാനത്ത് ഇപ്പോൾ ഒരു തരം ഒഴിപ്പിക്കലും പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാടക കടമുറികൾ അടക്കം ഒഴിപ്പിക്കരുത്. വിലക്കയറ്റം തടയുമെന്നും മുഖ്യമന്ത്രി. 

6:37 PM IST

ആയുർവ്വേദ മരുന്ന് വിൽപന ശാലകളും തുറക്കാം

സംസ്ഥാനത്തെ ആയുർവേദ മരുന്ന് വിൽപ്പന ശാലകളും തുറന്ന് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി. 

6:35 PM IST

ബാറുകൾ അടച്ചത് ഗുരുതര പ്രശ്നമുണ്ടാക്കുന്നു

ബാറുകള് അടച്ചത് ചില ഗുരുതര പ്രശനങ്ങൾ ഉണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി. ഒരാൾ ഇന്ന് ആത്മഹത്യ ചെയ്തു. മദ്യാസക്തിയുള്ളവർക്ക് ചികിത്സ ഉറപ്പാക്കും, ഇതിനായി എക്സൈസ് വകുപ്പ് മുൻകൈ എടുക്കണം.

6:27 PM IST

ഒഴിച്ചു കൂടാനാകാത്ത സാഹചര്യത്തിൽ മാത്രം പുറത്തിറങ്ങാം

 ഒഴിച്ചു കൂടാൻ പറ്റാത്ത സ്ഥിതിയിൽ മാത്രം പുറത്തു ഇറങ്ങാമെന്ന് മുഖ്യമന്ത്രി. സത്യവാങ്ങ് മൂലം ഇതിന് അനുവദിക്കും കബളിപ്പിച്ചാൽ കർശന നടപടിയെന്നും മുഖ്യമന്ത്രി.

6:25 PM IST

ക്യൂബയിൽ നിന്നുള്ള മരുന്ന് എത്തിക്കുന്നത് പരിഗണിക്കും

ക്യൂബയിൽ നിന്നുള്ള മരുന്ന് കൊണ്ട് വരുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി. ഇതിനായി ഡ്രഗ്സ് കണ്ട്രോളറിൽ നിന്ന് അനുമതി തേടും.

6:21 PM IST

കണ്ണൂർ മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയാക്കും

കണ്ണൂർ മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രി ആക്കുമെന്ന് മുഖ്യമന്ത്രി. രോഗം മൂർച്ഛിച്ചവരെ അവിടെ ചികിത്സിപ്പിക്കും. കാസ‍ർകോട് സെൻട്രൽ യൂണിവേഴ്സിറ്റി കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കും. അവിടെയും പരിശോധന തുടങ്ങുമെന്ന് മുഖ്യമന്ത്രി.

6:16 PM IST

നേരത്തെ നെഗറ്റീവായിരുന്ന രോഗിക്ക് പിന്നെയും കൊവിഡ്

നേരത്തെ കൊവിഡ് നെഗറ്റീവായ ഒരാൾക്ക് വീണ്ടും കൊവിഡ് 19 പൊസീറ്റാവായതായി മുഖ്യമന്ത്രി. 

6:16 PM IST

ക‍ർണാടകത്തിന്‍റെ നടപടിക്കെതിരെ മുഖ്യമന്ത്രി

അതിർത്തിയിൽ കർണ്ണാടക മണ്ണ് ഇട്ടു ഗതാഗതം തടയുന്നു. ഇതു കേന്ദ്ര സർക്കാർ നിര്ദേശത്തിന് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി.  മണ്ണ് മാറ്റാമെന്ന് കർണാടക ചീഫ് സെക്രട്ടറി സമ്മതിച്ചുവെന്ന് മുഖ്യമന്ത്രി. 

6:11 PM IST

ഇടുക്കി സ്വദേശിയുടെ യാത്രാ വിവരം അമ്പരിപ്പിക്കുന്നത്.

ഇടുക്കി സ്വദേശിയുടെ യാത്ര വിവരം അമ്പരപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി. റൂട്ട് മാപ്പ് വല്ലാതെ നീളുന്നു. ഇയാൾ നിയമസഭ മന്ദിരവും സന്ദർശിച്ചു. രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ കാസർ​ഗോഡ് മുതൽ തിരുവനന്തപുരം വരേയും മൂന്നാർ മുതൽ ഷൊളായാർ വരേയും സ‍ഞ്ചരിച്ചിട്ടുണ്ട്. സ്കൂളുകൾ. പൊതുസ്ഥാപനങ്ങൾ നിയമസഭാ മന്ദിരം തുടങ്ങി വലിയ വലിയ സ്ഥാപനങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്.

Read more at:  കൊവിഡ് സമ്പര്‍ക്ക പട്ടിക; ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന് പിണറായിയുടെ ശകാരം ...

 

6:06 PM IST

സ്ഥിതി അതീവ ഗുരുതരം

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി. ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാകണം. പുതുതായി കണ്ടെത്തിയ രോഗികൾ നിരവധി പേരുമായി സമ്പർക്ക് പുലർത്തി. 

6:03 PM IST

39 പേർക്ക് കൂടി കൊവിഡ്

സംസ്ഥാനത്ത് 39 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 34 പേരും കാസർകോട്, കണ്ണൂരിൽ 2 പേർക്കും രോഗം സ്ഥിരീകരിച്ചു. 
 

Read more at: കൊവിഡിൽ ഞെട്ടി കേരളം; ഇന്ന് മാത്രം 39 പേര്‍ക്ക് കൊവിഡ്, കാസര്‍കോട് 34 കേസ് ...

5:50 PM IST

സംസ്ഥാനത്ത്  ഇന്ന് 1381 കേസുകള്‍

അടച്ചുപൂട്ടല്‍ ലംഘനത്തിന് സംസ്ഥാനത്ത്  ഇന്ന് 1381 കേസുകള്‍രജിസ്റ്റർ ചെയ്തു 1383 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് 923 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും പൊലീസ്. 

5:37 PM IST

അഭ്യർത്ഥനയുമായി തൊടുപുഴയിലെ കൊവിഡ് ബാധിതൻ

ഫെബ്രുവരി 29 മുതൽ താനുമായി അടുത്ത് ഇടപഴകിയവർ മുൻകരുതൽ എടുക്കണമെന്ന അഭ്യർ‍ത്ഥനയുമായി തൊടുപുഴയിലെ കൊവിഡ് ബാധിതൻ. അടുത്ത് ഇടപഴകിയ പരിചയക്കാരും സുഹൃത്തുക്കളും ആരോഗ്യവകുപ്പിനെ ബന്ധപ്പെടണമെന്നും പൊതുപ്രവർത്തകനായതിനാൽ ബന്ധപ്പെട്ട എല്ലാവരെയും ഓർത്തെടുക്കാനാകുന്നില്ലെന്നും ഇയാൾ വിശദീകരിച്ചു. 

5:31 PM IST

മലപ്പുറം സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നു

തിരുവനന്തപുരത്ത് ചികിത്സയിലുളള മലപ്പുറം സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നു. വിമാനത്താവളത്തിൽ വച്ച് ഇയാൾക്ക് ടാക്സി പിടിക്കാൻ സഹായിച്ച പൊലീസുകാരെ നിരീക്ഷണത്തിനയക്കും. നാട്ടിലേക്ക് പോകാനായി ഇയാൾ റെയിവേ സ്റ്റേഷനിലുമെത്തിയിരുന്നു. 

5:31 PM IST

നമസ്കാരം നടത്തിയതിന് ഇന്ന്  മലപ്പുറത്ത് അഞ്ചു കേസുകൾ

ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയിൽ നമസ്കാരം നടത്തിയതിന് ഇന്ന് മലപ്പുറത്ത് അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തു.പോത്തുകൽ,  വഴിക്കടവ് സ്റ്റേഷനുകളിൽ 1 കേസ് വീതവും മേലാറ്റൂരിൽ 3 കേസുമാണ് രജിസ്റ്റർ ചെയ്തത്. 

5:25 PM IST

കർണ്ണാടകം അതിർത്തി അടച്ചു

കണ്ണൂർ ജില്ലയിലെ മാക്കൂട്ടത്തെ സംസ്ഥാന അതിർത്തി കർണ്ണാടകം അടച്ചു. റോഡിൽ ഒരാൾ പൊക്കത്തിൽ മണ്ണിട്ടാണ് വഴിയടച്ചത്. കേരളത്തിലേക്കുള്ള പച്ചക്കറി അടക്കമുള്ള ചരക്കു വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. കണ്ണൂർ എസ്‍പി കർണാട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നു.

5:08 PM IST

ബിഎസ് ഫോർ വാഹനങ്ങൾ വിൽക്കുന്നതിനുള്ള അവസാന തീയതി നീട്ടി

ബിഎസ് ഫോർ വാഹനങ്ങൾ വിൽക്കുന്നതിനുള്ള അവസാന തീയതി നീട്ടി. മാർച്ച് 31 വരെയായിരുന്നു സമയപരിധി. ലോക്ക്ഡൗൺ അവസാനിച്ച് പത്തു ദിവസത്തിൽ ഇപ്പോൾ വിറ്റഴിക്കാത്ത വാഹനങ്ങളിൽ 10 ശതമാനം വില്ക്കാമെന്ന് സുപ്രീം കോടതി. ഇവയുടെ രജിസ്ട്രേഷൻ വാങ്ങി പത്തുദിവസത്തിൽ പൂർത്തിയാക്കണം. ദില്ലി ഒഴികെയുള്ള സ്ഥലങ്ങളിലാണ് ഇളവ്

4:45 PM IST

ബോറിസ് ജോൺസണ് കൊവിഡ് 19

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കൊവിഡ് സ്ഥിരീകരിച്ചു .

4:45 PM IST

ബിഇഎൽ 30000വെന്‍റിലേറ്ററുകൾ നിർമ്മിക്കും

പൊതുമേഖലാസ്ഥാപനമായ ബിഇഎൽ 30000 വെൻറിലേറ്റർ രണ്ടു മാസത്തിനുള്ളിൽ തയ്യാറാക്കും. 10,000 വെൻറിലേറ്റർ മറ്റൊരു പൊതുമേഖലാ സ്ഥാപനം നിർമ്മിക്കും. 

4:38 PM IST

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 724

രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 724ആയി. ഇത് വരെ 17 പേരാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 പേരാണ് മരണത്തിന് കീഴടങ്ങിയത്. 

4:06 PM IST

ജനുവരി 18ന് ശേഷമെത്തിയ എല്ലാവരെയും നിരീക്ഷിക്കണം

ജനുവരി പതിനെട്ടിന് ശേഷം വിദേശത്തു നിന്ന് വന്ന എല്ലാവരെയും നിരീക്ഷിക്കണമെന്ന് കേന്ദ്രം. 15 ലക്ഷം പേർ 18 നു ശേഷം ഇന്ത്യയിലെത്തി. നിലവിൽ നീരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറവെന്ന് കേന്ദ്രം. കഴിഞ്ഞ 24 മണിക്കൂറിൽ 75 പുതിയ കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു, 

4:04 PM IST

കൊല്ലം സബ് കളക്ടർക്ക് സസ്പെൻഷൻ

നിരീക്ഷണത്തിലിരിക്കെ അനുമതി കൂടാതെ മുങ്ങിയ കൊല്ലം സബ്‍കളക്ടറെ സസ്പെൻഡ് ചെയ്തു. 

4:03 PM IST

ദിവസ വേതനക്കാർക്കും ലോക്ക് ഡൗൺ കാലത്ത് ശമ്പളം നൽകും

സർക്കാർ മേഖലയിലെ ദിവസ വേതനക്കാർക്കും - കരാർ ജീവനക്കാരും ലോക് ഡൗൺ കാലം ഡ്യൂട്ടിയായി കണക്കാക്കും. ജോലി ചെയ്യാൻ സാധിച്ചില്ലെങ്കിലും ശമ്പളം കിട്ടും. കരാർ അധ്യാപകർക്കും ഉത്തരവ് ബാധകമെന്ന് ധനവകുപ്പ്. 

4:01 PM IST

മെഡിക്കൽ പിജി നീറ്റ് ഫലം പ്രസിദ്ധീകരിക്കുന്നത് മാറ്റിവച്ചു

മെഡിക്കൽ പിജി നീറ്റ് ഫലം പ്രസിദ്ധീകരിക്കുന്നത് മാറ്റിവച്ചു. ലോക്ക്ഡൗൺ പശ്ചാത്തലത്തിലാണിത്. സാങ്കേതികപ്രശ്നങ്ങൾ കാരണം ചിലർക്ക് ഓപ്ഷൻ നല്കാനായില്ലെന്ന പരാതിയുണ്ട്. 

3:55 PM IST

വിമാന സർവ്വീസ് 15 വരെ നിർത്തിവയ്ക്കും

രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സർവ്വീസുകളും ഏപ്രിൽ 14 വരെ നിറുത്തിവയ്ക്കും. ലോക്ക്ഡൗൺ തീരും വരെ സർവ്വീസുകൾ നിർത്താൻ തീരുമാനം. 

3:45 PM IST

മഹാരാഷ്ട്രയിൽ മാത്രം 147 പേർക്ക് കൊവിഡ്

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 147ആയി. സാംഗ്ലിയിൽ 12 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് ഇവരെല്ലാം.

3:42 PM IST

മൂല്യ നിർണ്ണയം നിർത്തിവച്ചു

രാജ്യമൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലെയും (സാങ്കേതിക സർവകലാശാല ഉൾപ്പെടെ) പരീക്ഷകളും ക്യാമ്പ് മുഖേനയുള്ള മൂല്യനിർണയ പ്രവർത്തനങ്ങളും മാറ്റിവെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. മാർച്ച് 21 മുതലുള്ള 31 വരെ പരീക്ഷകൾ മാറ്റിവെച്ച് നേരത്തെ ഉത്തരവിറങ്ങിയിരുന്നു.

3:33 PM IST

നോയിഡയിൽ മൂന്ന് പേർക്ക് കൂടി കൊവി‍ഡ്

നോയിഡയിൽ രണ്ടു സ്ത്രീകൾക്കും ഗ്രെയ്റ്റർ നോയിഡയിൽ ഒരു പുരുഷനും കോവിഡ് സ്ഥിരീകരിച്ചു. 

3:25 PM IST

കൗൺസിലർ അറസ്റ്റിൽ

കണ്ണൂരിൽ നിരീക്ഷണ കേന്ദ്രത്തിലുള്ള ആളെ വീട്ടിലേക്ക് കൊണ്ടു പോയ കേസിൽ കൗൺസിലർ അറസ്റ്റിൽ. കണ്ണൂർ കോർപറേഷൻ ലീഗ് കൗൺസിലറായ ഷെഫീഖിനെയാണ് നോട്ടീസ് നൽകി ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ബംഗലൂരുവിൽ നിന്നെത്തിയ ബന്ധുവിനെ പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് വീട്ടിൽ എത്തിക്കുകയായിരുന്നു. ഇയാളെ തിരികെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

2:43 PM IST

സേലം, ഈറോഡ് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

സേലം, ഈറോഡ് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം. ഇവിടെ പലചരക്ക് കടകളുൾപ്പെടെ അടച്ചിടും. തായ്ലാൻഡ് ഇന്തോനേഷ്യൻ സ്വദേശികൾ ഒരാഴ്ചയോളം ഇവിടെ താമസിച്ചിരുന്നു. ഈ മേഖലയിൽ അവശ്യസാധനങ്ങൾക്ക് പോലും പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. പച്ചക്കറിയും മറ്റ് അവശ്യസാധനങ്ങളും ജില്ലാ ഭരണകൂടം വീട്ടിൽ എത്തിച്ച് നൽകു. 300 ലധികം ആളുകളുമായി വിദേശികൾ സമ്പർക്കം പുലർത്തിയതായി തമിഴ്നാട് ആരോഗ്യ വകുപ്പ്

2:14 PM IST

രാജ്യത്ത് ഒരു കൊവിഡ് മരണം കൂടി

കർണാടകത്തിൽ ഒരു കൊവിഡ് മരണം കൂടി. തുമകൂരു സ്വദേശിയായ അറുപതുകാരനാണ് മരിച്ചത്. ഇയാൾ ഈ മാസം 13ന് ദില്ലിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്തിരുന്നു. വിദേശത്തുള്ളവരുമായി  നേരിട്ട്  സമ്പർക്കം ഇല്ലാത്തയാളാണ് മരിച്ചത്. 

2:14 PM IST

ഷിയ തീർത്ഥാടകരെ തിരിച്ചെത്തിക്കണമെന്ന് ആവശ്യം

 ഇറാനിൽ കുടുങ്ങിയ 850 ഷിയ തീർത്ഥാടകരെ തിരിച്ചെത്തിക്കണമെന്ന ആവശ്യം. സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. കാർഗിലിൽ നിന്ന് പോയ തീർത്ഥാടകരാണ് ഇറാനിൽ കുടുങ്ങിയത്. 

1:55 PM IST

ലോക്ക് ഡൗൺ ലംഘനം പുതുച്ചേരി എംഎൽഎക്കെതിരെ കേസ്

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് പുതുച്ചേരി എംഎൽഎക്ക് എതിരെ കേസ്. പുതുച്ചേരി കാമരാജ് നഗർ എംഎൽഎ ജോൺ കുമാറിനെതിരെയാണ് ക്രിമിനൽ കേസ് എടുത്തത്. 200 ഓളം ആളുകളെ ക്ഷണിച്ച് പൊതുചടങ്ങ് സംഘടിപ്പിച്ച് പലചരക്ക് സാധങ്ങൾ വിതരണം ചെയ്തതിനാണ് കേസ്. 

1:50 PM IST

കളക്ടർക്കെതിരെ കൊച്ചി മേയർ

കൊച്ചി നഗരസഭക്ക് കളക്ടർ താക്കീത് നൽകിയ സംഭവത്തിൽ വിശദീകരണവുമായി മേയർ. മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിഞ്ഞതെന്ന് വിശദീകരിച്ച മേയർ ഇന്ന് നഗരസഭയുടെ നേതൃത്വത്തിൽ 5 കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിച്ചതായി പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങുന്നതിന് മുൻപ് തന്നെ കുടുംബശ്രീ വഴി ഭക്ഷണം ഉണ്ടാക്കി തെരുവുകളിൽ ഉള്ളവർക്ക് എത്തിച്ചു നൽകിയിരുന്നു എന്നും മേയർ വിശദീകരിച്ചു. വാർത്ത ആശ്ചര്യമുണ്ടാക്കിയെന്ന് മേയറുടെ വിശദീകരണം. 

1:19 PM IST

കൊച്ചി നഗരസഭക്ക് കളക്ടറുടെ താക്കീത്

കമ്മ്യൂണി കിച്ചൻ ഒരുക്കുന്നതിൽ കൊച്ചി നഗരസഭയ്ക് വീഴ്ച പറ്റിയെന്ന് ജില്ലാ കളക്ടർ. നഗരസഭയ്ക് ജില്ലാ കളക്ടർ താക്കീത് നൽകി. ഇന്ന് തന്നെ മുഴുവൻ കമ്മ്യൂണിറ്റി കിച്ചനുകൾ ആരംഭിക്കണമെന്ന് ജില്ലാ കളക്ടർ നി‍‌ർദ്ദേശിച്ചു. കളക്ടർ അല്പസമയത്തിനകം  കൊച്ചി കോർപറേഷനിലെ കമ്മ്യൂണിറ്റി കിച്ചൻ സന്ദർശിക്കും

1:08 PM IST

നിരീക്ഷണത്തിലുള്ള ബന്ധുവിനെ കൗൺസിലർ കടത്തിക്കൊണ്ട് പോയി

കണ്ണൂരിൽ ഐസൊലേഷൻ കേന്ദ്രത്തിലുള്ള ആളെ ലീഗ് കൌൺസിലർ കടത്തിക്കൊണ്ടു പോയി. ബംഗളൂരുവിൽ  നിന്നെത്തിയ ബന്ധുവിനെ പൊലീസിൻ്റെ കണ്ണ് വെട്ടിച്ചാണ് കൗൺസിലർ കൊണ്ടു പോയത്. കണ്ണൂർ കോർപ്പറേഷൻ കൗൺസിലറെ അറസ്റ്റ് ചെയ്യാൻ എസ് പി ഉത്തരവിട്ടു. നിരീക്ഷണത്തിലുള്ളയാളെ തിരികെ കൊവിഡ് കെയർ കേന്ദ്രത്തിലേക്ക് മാറ്റി

1:04 PM IST

ലോക്ക് ഡൗണിനിടെ യുവതി ആംബുലൻസിൽ പ്രസവിച്ചു

ലോക്ക് ഡൗണിനിടെ കാസർകോഡ് യുവതി ആംബുലൻസിൽ പ്രസവിച്ചു. പാട്ന സ്വദേശിനി ഗൗരി ദേവിയാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. വേദനയെ തുടർന്ന് ഭർത്താവ് വിനന്തക്കൊപ്പം മംഗലാപുരം ആശുപത്രിയിലേക്ക് ആംബുലൻസിൽ പോയതായിരുന്നു. തലപ്പാടി അതിർത്തിയിൽ കർണാടക പോലീസ് ഇവരെ തടഞ്ഞു. പിന്നീട് കേരള പൊലീസ് മങ്കൽപാടി താലൂക് ആശുപത്രിയിലേക്ക് തിരിച്ചു വിട്ടു. ഇവിടേക്ക് വരും വഴിയാണ് പ്രസവം നടന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

12:59 PM IST

ചികിത്സ കിട്ടാതെ ആസ്തമ രോഗി മരിച്ചു

കൊവിഡ് പ്രതിസന്ധിക്കിടെ ചികത്സ കിട്ടാതെ ആസ്തമ രോഗി മരിച്ചു. കർണ്ണാടക അതിർത്തിയായ തുമിനാട് സ്വദേശി അബ്ദുൾ ഹമീദാണ് മരിച്ചത്. മംഗളൂരുവിലേക്ക് ചികത്സയ്ക്ക് പോകാൻ പറ്റാത്തതിനെ തുടർന്നാണ് മരണം.

12:26 PM IST

തമിഴ്നാട്ടിൽ 6 പേർക്ക് കൂടി കൊവിഡ്

തമിഴ്നാട്ടിൽ 6 പേർക്ക് കൂടി കൊവിഡ്. ഇവരിൽ ഒരാൾക്ക് കൊവിഡ് പകർന്നത് എങ്ങനെയെന്ന് സ്ഥിരീകരണമില്ല. 25 കാരിയായ ചെന്നൈ സ്വദേശി വിദേശ സന്ദർശനം നടത്തുകയോ വിദേശ ബന്ധമുള്ളവരുമായി ഇടപഴകിയതോ ആയി സ്ഥിരീകരണമില്ല. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് ബാധിതർ 35 ആയി.

12:23 PM IST

മിൽമ വീടുകളിൽ പാൽ എത്തിക്കും

പാൽ ആവശ്യമുള്ളവർ‍ക്ക് മിൽമ വീട്ടിൽ പാലെത്തിച്ച് നൽകുമെന്ന് മന്ത്രി കെ രാജു. പാൽ സംഭരണത്തിലും വിതരണത്തിലും വൻ പ്രതിസന്ധിയുണ്ട് ഈ സാഹചര്യത്തിൽ പാൽ വേണ്ടവർ മിൽമയിൽ വിളിച്ചാൽ വീട്ടിൽ പാൽ എത്തിക്കും, സംഭരിക്കുന്ന മുഴുവൻ പാലും വിതരണം ചെയ്യാൻ കഴിയുന്നില്ലെന്ന് മന്ത്രി

12:01 PM IST

ദില്ലിയിൽ 39 പേർക്ക് കൊവിഡ് 19

ദില്ലിയിൽ കോവിഡ് ബാധിതരുടെ എണ്ണം 39 ആയി. ലോക് ഡൗൺനു ശേഷം ദില്ലിയിൽ പുതിയ രോഗബാധിതരുടെ എണ്ണം കുറഞ്ഞു എന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. 

12:00 PM IST

കാസർകോട്ട് ഇന്നലെ രജിസ്റ്റർ ചെയ്തത് 53 കേസുകൾ

ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന്  മാര്‍ച്ച് 26ന് കാസർകോട് ജില്ലയില്‍ 53 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 56 പേരെ അറസ്റ്റ് ചെയ്തു. 47 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. നീലേശ്വരം -2, ഹോസ്ദുര്‍ഗ്-3, രാജപുരം-1, ബേക്കല്‍-6, കാസര്‍കോട്-3, കുമ്പള-6, അമ്പലത്തറ-1, വിദ്യാനഗര്‍-3, ചന്തേര-7, ചീമേനി-4, ചിറ്റാരിക്കാല്‍- 1, ബദിയടുക്ക-8, ബേഡകം-2, മേല്‍പ്പറമ്പ-3, മഞ്ചേശ്വരം-1, വെള്ളരിക്കുണ്ട്-2 എന്നീ സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

11:55 AM IST

കൊച്ചിയിൽ ഇന്ന് ലഭിച്ച 6 പരിശോധന ഫലങ്ങളും നെഗറ്റീവ്

കൊച്ചിയിൽ നിന്നും കൊവിഡ് പരിശോധനയ്ക്കായി അയച്ച ആറ് പരിശോധനാഫലങ്ങളും നെഗറ്റീവ്. കൊച്ചി തുറമുഖത്ത എത്തിയ നാല് കപ്പലുകളിലെ 102 ജീവനക്കാരെ പരിശോധിച്ചു. ആർക്കും രോഗലക്ഷണങ്ങൾ ഇല്ല.

11:54 AM IST

പലിശ നിരക്ക് ഉടൻ കുറയ്ക്കണം

ബാങ്കുകൾ പലിശനിരക്ക് ഉടൻ കുറയ്ക്കണമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. റിസർവ്വ് ബാങ്ക് നടപടിയുടെ ഗുണം സാധാരണക്കാർക്ക് കിട്ടണമെന്നും ധനമന്ത്രി.

11:53 AM IST

പൂഴ്ത്തിവയ്പ്പിനെതിരെ കർശന നടപടി

സാധനങ്ങൾ പൂഴ്ത്തിവയ്ക്കാൻ ശ്രമിച്ച 3 കടകൾ തിരുവനന്തപുരത്ത് ഇന്നലെ അടച്ചു പൂട്ടിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

11:53 AM IST

മദ്യം ആവശ്യപ്പെട്ട് ബഹളം

കൊച്ചിയിൽ അടച്ചിട്ട ബാറിൽ മദ്യം ആവശ്യപ്പെട്ട് ബഹളം. സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതിന് രണ്ട് പേർക്കെതിരെ കേസെടുത്തു. ആലുവ മുപ്പത്തടം സ്വദേശികളായ അമൽ,  ജിത്തു എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജീവക്കാർ പരാതിപ്പെട്ടതോടെ പോലീസ് സ്ഥലത്ത് എത്തി വാഹനം അടക്കം യുവാക്കളെ കസ്റ്റഡിയിൽ എടുത്തു

11:50 AM IST

സൈനികരുടെ സുരക്ഷ ഉറപ്പാക്കും

സൈനികരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കരസേന മേധാവി എം എം നരവനെ. കുടുംബങ്ങളെ കുറിച്ചോർത്ത് സൈനികർക്ക് ആശങ്ക വേണ്ടെന്നും കരസേന മേധാവി. സൈനികരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും നരവനെ ഉറപ്പ് നൽകി. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർക്ക് അടുത്തുള്ള ആർമി ക്യാമ്പിനെ സമീപിക്കാമെന്നും കരസേനാ മേധാവി. 

11:49 AM IST

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കൊവിഡ് 19

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മുഖ്യമന്ത്രി മലപ്പുറം ലിസ്റ്റിൽ പറഞ്ഞയാളാണ് ഇത്. ഈ വ്യക്തി തിരുവനന്തപുരത്താണ് ചികിത്സയിൽ കഴിയുന്നത്. വിമാനത്താവളത്തിലെ പരിശോധനയിൽ രോഗക്ഷണം കണ്ടതിനെ തുടർന്ന് കെയർ സെൻ്ററിലേക്ക് മാറ്റുകയായിരുന്നു. 

11:45 AM IST

നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ പ്രത്യേക പോസ്റ്റർ

തിരുവനന്തപുരത്ത് നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ പ്രത്യേക പോസ്റ്റർ പതിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജിയോ ഫെൻസിംഗ് വഴി ഇവർ വീടിന് പുറത്തിറങ്ങിയാൽ അറിയിപ്പ് കിട്ടുന്ന രീതിയിൽ സംവിധാനമൊരുക്കുമെന്നും കടകംപള്ളി അറിയിച്ചു.

11:28 AM IST

ചരക്ക് നീക്കം സുഗമമാക്കാൻ പുതിയ ക്രമീകരണം

ഇതര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ ചരക്ക് നീക്കം സുഗമമാക്കാൻ ക്രമീകരണം ഏർപ്പെടുത്തി, ചെക്പോസ്റ്റുകൾ വഴി 60 വാഹനങ്ങൾ കടത്തിവിടും, ചരക്ക് കയറ്റിറക്ക് തൊഴിലാളികൾക്കായി കെഎസ്ആർടിസി ബസുകൾ വിട്ടുനൽകും, ആരോഗ്യ പ്രവർത്തകർക്കായും ബസുകൾ വിട്ടുനൽകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

11:23 AM IST

പൊലീസിന്‍റെ ശത്രു ജനങ്ങളല്ല വൈറസാണെന്ന് ഓർമ്മിപ്പിച്ച് ഐജി

കാസർകോട് ജനങ്ങൾ ലോക്ക് ഡൗണുമായി ജനങ്ങൾ പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്ന് ഐജി വിജയ് സാക്കറെ. പൊലീസിനെതിരായ പരാതികൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും, ഇത് ഗൗരവമായി പരിഗണക്കുമെന്നും സാക്കറെ വ്യക്തമാക്കി. പൊതുജനങ്ങളല്ല വൈറസാണ് പൊലീസിന്‍റെ ശത്രുവെന്നും സാക്കറെ ഓർമിപ്പിച്ചു. 

11:17 AM IST

ആലപ്പുഴയിൽ ടെസ്റ്റിംഗ് കിറ്റുകൾക്ക് ക്ഷാമം

കൊവിഡ് 19 പരിശോധനയ്ക്കുള്ള കിറ്റുകൾക്ക് ആലപ്പുഴ ജില്ലയിൽ ക്ഷാമം. താലൂക്ക് ആശുപത്രിയിലാണ് കിറ്റുകൾക്ക് ക്ഷാമമുള്ളത്. പരിശോധന മുടങ്ങുമോ എന്ന് ആശങ്ക. മെഡിക്കൽ സർവീസ് കോർപ്പറേഷൻ ആണ് ഇവ വിതരണം ചെയ്യേണ്ടത്. 

10:58 AM IST

ജനങ്ങളോട് മോശമായി പെരുമാറരുതെന്ന് ഡിജിപി

ലോക് ഡൗൺ സമയത്ത് ജനങ്ങളോട് മോശമായി പെരുമാറരുതെന്ന് ഡിജിപി ലോകനാഥ് ബെഹ്റ. ഒരു തരത്തിലുള്ള പരാതിയും ഉണ്ടാകാൻ പാടില്ലെന്നും പൊലീസ് ചെയ്യുന്ന പ്രവർത്തനങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങൾ പോലും ബാധിക്കുമെന്ന് ബെഹ്റ പറഞ്ഞു. കർശനമായി നിർദ്ദേശങ്ങൾ പാലിക്കണമെന്നും പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കണമെന്നും ബെഹ്റ പറഞ്ഞു. 

10:50 AM IST

മഹാരാഷ്ട്രയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ്

മഹാരാഷ്ട്രയിൽ 5 പേർക്ക് കൂടി കൊവിഡ്. നാല് പേർ നാഗ്‌പൂരിലും ഒരാൾ ഗോണ്ടിയയിലുമാണ്.

10:48 AM IST

രാജ്യത്ത് കൊവിഡ് രോഗം ഭേദമായവർ 66

കൊവിഡ് ബാധിതരുടെ എണ്ണം 724 ആയി ഉയർന്നു എന്ന് ആരോഗ്യ മന്ത്രാലയം. രോഗം ഭേദമായവർ 66. രാജ്യത്തു കോവിഡ് മരണം  17 ആയി 

10:45 AM IST

രണ്ടു പേർക്ക് കൂടി കൊവിഡ്

രാജസ്ഥാനിൽ രണ്ടു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

10:00 AM IST

ഇന്ത്യയിൽ 724 രോഗബാധിതർ, മരണം 17

രാജ്യത്ത് 724 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുവരെ 17 പേർ മരിച്ചുവെന്നും കണക്ക്.

9:55 AM IST

പുരാണ സീരിയൽ രാമായണം പുന:സംപ്രേഷണം

കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാവരും വീട്ടിലിരിക്കുന്ന സാഹചര്യത്തിൽ പുരാണ സീരിയൽ രാമായണം നാളെ മുതൽ പുന:സംപ്രേക്ഷണം ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ജനങ്ങളുടെ ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. ദൂരദർശനിൽ രാവിലെയും രാത്രിയും 9 മണി മുതൽ 10 വരെയാണ് സംപ്രേഷണം

9:55 AM IST

ഓഹരി വിപണിയിൽ മികച്ച തുടക്കം

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് മികച്ച തുടക്കം. കൊവിഡിനെ നേരിടാൻ പ്രഖ്യാപിച്ച പ്രത്യേക പാക്കേജിന് പിന്നാലെയാണിത്. സെൻസെക്സ് 1049 പോയിന്റ് ഉയർന്ന്, 30000 ന് മുകളിൽ വ്യാപാരം തുടരുകയാണ്

9:54 AM IST

രണ്ടു പേർക്ക് കൂടി കൊവിഡ്

ബിഹാറിൽ രണ്ടു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ ദുബായിൽ നിന്നു മടങ്ങിവന്ന ആളാണ്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒൻപതായി.

9:46 AM IST

ഗവർണർമാരുമായി രാഷ്ട്രപതിയുടെ വീഡിയോ കോൾ ചർച്ച

രാജ്യം കൊവിഡ് ബാധയെ നേരിടുന്ന ഇപ്പോഴത്തെ സാഹചര്യം വിലയിരുത്താൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗവർണർമാരുമായി വീഡിയോ കോൾ ചർച്ച നടത്തുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ചർച്ചയിൽ പങ്കെടുക്കും. രാവിലെ പത്ത് മണിക്കാണ് ചർച്ച ആരംഭിക്കുക.

9:27 AM IST

കൊല്ലം സബ് കളക്ടർക്കെതിരെ പൊലീസ് കേസെടുത്തു

കൊല്ലം: കൊവിഡ് 19 നിരീക്ഷണത്തിൽ നിന്ന് മുങ്ങിയ കൊല്ലം സബ് കളക്ടർക്കെതിരെ കേസെടുത്തു. കൊല്ലം വെസ്റ്റ് പൊലീസാണ് കേസെടുത്തത്. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസെടുക്കാൻ നേരത്തെ തിരുവനന്തപുരം ഡിഐജി സഞ്ജയ് കുമാർ ഉത്തരവിട്ടിരുന്നു.

9:27 AM IST

ദില്ലിയിൽ നിന്നും മുംബൈയിൽ നിന്നും കൂടുതൽ മലയാളികൾ നാട്ടിലേക്ക്

കൂടുതൽ പേരെത്തുന്നു. ദില്ലിയിൽ നിന്നും ഇന്ന് പുലർച്ചെ പ്രത്യേക തീവണ്ടിയിൽ ഒരു സംഘം മലയാളികൾ കണ്ണൂരിലെത്തി. 25 പേരടങ്ങുന്ന സംഘത്തെ പ്രത്യേകം നിരീക്ഷണ കേന്ദ്രത്തിലാക്കി. മുംബൈയിൽ നിന്നും ഒരു സംഘം അൽപസമയത്തിനകം കണ്ണൂരിലെത്തും. റെയിൽവെ സ്റ്റേഷനിൽ നിന്നും ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടു പോകും.
 

9:10 AM IST

പത്തനംതിട്ടയിൽ 327 പേർക്കെതിരെ കേസ്

നിരോധനാജ്ഞ ലംഘനം. പത്തനംതിട്ടയിൽ 327 പേർക്കെതിരെ കേസ്. ഐസോലേഷൻ നിർദേശം ലംഘിച്ചതിന് 7 പേർക്കെതിരെയും കേസ്

9:10 AM IST

ശ്രീചിത്രയിൽ ആശങ്കയൊഴിഞ്ഞു

ശ്രീചിത്ര ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 12 പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായതോടെ ആശങ്ക പൂർണ്ണമായും അകന്നു. ഇതോടെ ഇതോടെ ആശുപത്രിയിൽ നിരീക്ഷണത്തിൽ ആയിരുന്ന 176 പേർക്കും കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു

8:49 AM IST

സുരക്ഷിത അകലം പാലിക്കേണ്ടത് വിശദീകരിച്ച് മമത

കൊവിഡ് വൈറസ് വ്യാപനം തടയാൻ വ്യക്തികൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് വിശദീകരിക്കുകയാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഒരു വഴിയോര കച്ചവടക്കാരന്റെ മുന്നിൽ വൃത്താകൃതിയിൽ ആളുകൾക്ക് നിൽക്കാൻ ഇടം രേഖപ്പെടുത്തുകയാണ് അവർ, ദരേക് ഒബ്രയാൻ ട്വീറ്റ് ചെയ്ത വീഡിയോ

8:44 AM IST

പ്രതിരോധ നടപടികൾ ഗൾഫ് ഭരണാധികാരികളുമായി മോദി ചർച്ച ചെയ്തു

കൊവിഡ് പത്തൊമ്പത് പ്രതിരോധത്തിനുള്ള നടപടികൾ പ്രധാനമന്ത്രി ഗൾഫ് ഭരണാധികാരികളുമായി ചർച്ച ചെയ്തു. അബുദാബി കിരീടാവകാശി ഷെയ്ക് മൊഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായി മോദി സംസാരിച്ചു. അടുത്ത ചില ആഴ്ചകൾ പ്രതിരോധത്തിന് നിർണ്ണായകമെന്ന് രണ്ടു രാജ്യങ്ങളും. 20 ലക്ഷം ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കുമെന്ന് യുഎഇ ഭരണാധികാരി. ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽതാനിയുമായും മോദി സംസാരിച്ചു. ഖത്തറിലെ ഇന്ത്യക്കാരുടെ സ്ഥിതി ചർച്ചയായി. അന്താരാഷ്ട്ര സമൂഹം ഒന്നിച്ചു നിന്ന് മഹാമാരിയെ നേരിടണമെന്ന് ഇരുനേതാക്കളും

8:20 AM IST

നിരീക്ഷണത്തിലിരിക്കെ മുങ്ങി

നിരീക്ഷണത്തിലിരിക്കെ ചേർത്തല സ്വദേശികൾ മുങ്ങിയെന്ന് പരാതി. ചേർത്തല വെല്ലപ്പാട്ടിൽ ആനന്ദ് ജോസഫ്, എത്സമ്മ ജോസഫ് എന്നിവരാണ് മുങ്ങിയത്.

8:20 AM IST

മദ്യം കിട്ടാത്തതിന് ആത്മഹത്യ!

കുന്നംകുളത്തിനടുത്ത് തൂവാനൂരിൽ മദ്യം കിട്ടാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. കുളങ്ങര വീട്ടിൽ സനോജ്(38) ആണ് മരിച്ചത്‌. 

8:19 AM IST

ആന്റമാനിൽ വീണ്ടും കൊവിഡ്

ആൻഡമാനിൽ രണ്ടാമത്തെ ആൾക്ക് കോവിഡ്  സ്ഥിരീകരിച്ചു . ഇന്നലെ രോഗം സ്ഥിരീകരിച്ചയാൾക്ക് ഒപ്പം വിമാനത്തിൽ യാത്ര ചെയ്തയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

8:18 AM IST

ശ്രീചിത്രയില്‍ ടെലിമെഡിസിന്‍ സൗകര്യം

ശ്രീചിത്രയില്‍ തുടര്‍ചികിത്സയിലുള്ള രോഗികള്‍ക്ക്  ടെലിമെഡിസിന്‍ സംവിധാനം വഴി ഒപി ചികിത്സ ലഭ്യമാക്കുന്നു. സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളില്‍ ചികിത്സയിലുള്ളവര്‍ക്കും ഈ സേവനം ലഭ്യമാകും. അപ്പോയ്ന്റ്‌മെന്റ് ലഭിച്ചിട്ടുള്ളവര്‍ക്ക് അതത് ക്ലിനിക്ക് ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 10 മണി വരെ ഡോക്ടര്‍മാരുമായി സംസാരിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

0471- 2524621 (ന്യൂറോളജി)
0471- 2524533 (കാര്‍ഡിയോളജി)

8:16 AM IST

മേലുദ്യോഗസ്ഥർക്കെതിരെ നടപടി: ബെഹ്റയുടെ മുന്നറിയിപ്പ്

പരിശോധനയ്ക്കിടെ പോലീസുകാർ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാൽ മുതിർന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കി കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു

8:14 AM IST

146 വാഹനങ്ങൾ കൂടി പിടിച്ചെടുത്ത് പൊലീസ്

ലോക്ക് ഡൗൺ ലംഘിച്ചതിന് ഇന്നലെ കോഴിക്കോട് നഗരത്തിൽ 146 വാഹനങ്ങൾ പിടിച്ചെടുത്തു. കോഴിക്കോട് റൂറലിൽ പിടികൂടിയത് 131 വാഹനങ്ങളാണ്.

8:13 AM IST

കൊല്ലം സബ് കളക്ടർക്കെതിരെ കേസ്

നിരീക്ഷണത്തിൽ നിന്നും മുങ്ങിയ കൊല്ലം സബ് കളക്ടർ അനുപം മിശ്രക്കെതിരെ കേസെടുക്കാൻ ഉത്തരവ്. തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാറാണ് ഉത്തരവിട്ടത്. ഗൺമാനെതിരെയും കേസെടുക്കും.

8:11 AM IST

ആളുകളെ കടത്താൻ ട്രക്ക്

രാജസ്ഥാനിലേക്ക് ആളുകളെ കടത്താൻ ശ്രമിച്ച ട്രക്ക് മഹാരാഷ്ട്ര പൊലീസ് പിടികൂടി. തെലങ്കാനയിൽ നിന്ന് പുറപ്പെട്ട ട്രക്ക് മഹാരാഷ്ട്രയിലെ യവത്മാളിൽ വച്ചാണ് തടഞ്ഞത്.
 

8:11 AM IST

അമേരിക്കയിൽ ആളിപ്പടർന്ന് കൊവിഡ്‌

കൊവിഡ്‌ രോഗികളുടെ എണ്ണത്തിൽ അമേരിക്ക ഒന്നാമത്. കഴിഞ്ഞ 24 മണിക്കൂറിൽ അമേരിക്കയിൽ 15461 പുതിയ കോവിഡ്‌ രോഗ ബാധിതരെ കണ്ടെത്തി. അമേരിക്കയിലെ ആകെ രോഗികൾ 85000 കടന്നിരിക്കുകയാണ്. ഇവിടെ 1200 ഓളം പേർ മരണമടഞ്ഞു.

സംസ്ഥാനത്ത് 39 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 34 പേരും കാസർകോട്, കണ്ണൂരിൽ 2 പേർക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം അടച്ചുപൂട്ടല്‍ ലംഘനത്തിന് സംസ്ഥാനത്ത്  ഇന്ന് 1381 കേസുകള്‍ രജിസ്റ്റർ ചെയ്തു 1383 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 923 വാഹനങ്ങള്‍ പിടിച്ചെടുത്തു