മുംബൈ: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ മാർഗമെന്ന നിലയിൽ ജയിലിലെ തിരക്ക് കുറയ്ക്കാൻ 11,000 തടവുകാരെ പുറത്തിറക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ. വിചാരണ തടവുകാരും ഏഴു വർഷത്തിൽ താഴെ ശിക്ഷ അനുഭവിക്കുന്നവരുമായ തടവുകാരെ പുറത്തിറക്കുമെന്നാണ് ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറിയിച്ചിരിക്കുന്നത്.

ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കടകൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാൻ മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പച്ചക്കറി, പലചരക്ക് കടകൾക്കും മരുന്ന് കടകൾക്കും ആണ് നിബന്ധനകളോടെ ഇളവ് അനുവദിച്ചിരിക്കുന്നത്. ലോക്ക് ഡൗണിനോട് ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ സൈന്യത്തെ വിളിക്കേണ്ടി വരുമെന്നും ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞിരുന്നു.

അതേസമയം, മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ആയി. രോഗം ബാധിച്ച 65കാരിയാണ് ഇന്ന് വൈകുന്നേരം മരിച്ചത്. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 700 കടന്നു. ഇന്ന് മാത്രം 88 പേർക്കാണ് ഔദ്യോഗിക കണക്ക് പ്രകാരം രോഗം സ്ഥിരീകരിച്ചത്.