ദില്ലി: രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധനയിലാണ് ലോക്ക് ഡൗൺ നീട്ടുന്ന കാര്യം അറിയിച്ചത്. നിര്‍ണ്ണായകമായ പോരാട്ടത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പത്തൊൻപത് ദിവസം കൂടി ലോക്ക് ഡൗൺ നീട്ടിയേ തീരു എന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

നാളെ മുതൽ ഒരാഴ്ച രാജ്യത്ത് കര്‍ശന നിയന്ത്രണം. ഏപ്രിൽ 20 ന് ശേഷം സ്ഥിതി വിലയിരുത്തി ഉപാധികളോടെ ഇളവുകൾ നൽകുന്നതിനെ കുറിച്ച് ആലോചിക്കും. വിശദമായ മാര്‍ഗ്ഗരേഖ നാളെ പുറത്തിറക്കും. സ്ഥിതി വഷളായാൽ വീണ്ടും കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

നമ്മൾ സ്വീകരിച്ച മാർഗം നമ്മൾക്കേറ്റവും യോജിച്ചതാണ്. ലോക്ക് ഡൗണിന്‍റെ ഗുണം രാജ്യത്തിന് ലഭിച്ചിട്ടുണ്ട്. ഇത് വളരെ വിലപ്പെട്ടതാണ്, ഇതിന് വലിയ വില നൽകേണ്ടതായിട്ടുണ്ട് എന്നാൽ ഭാരതീയരുടെ ജീവനാണ് അതിനേക്കാൾ  വില.  ഈ കാലഘട്ടത്തിലും ഇത് വരെ പാലിച്ചത് പോലെ തന്നെ നിയമം പാലിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ വിശദാംശങ്ങൾ:  

പുതിയ ഹോട്ട്സ്പോട്ടുകളുണ്ടാകാതെ നോക്കണം, അത് വലിയ  വെല്ലുവിളികൾ ഉണ്ടാക്കും, അത് കൊണ്ട് കൊവിഡിനെതിരായ യുദ്ധം കൂടുതൽ ശക്തമാക്കണം, ഏപ്രിൽ 20 വരെ രാജ്യത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. ഇതിനി ശേഷം സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്ന സ്ഥലങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കും. ഏതെങ്കിലും ഘട്ടത്തിൽ സ്ഥിതി ഗതികൾ കൈവിട്ട് പോയാൽ വീണ്ടും കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും

ഏഴിനനിര്‍ദ്ദേശങ്ങളാണ് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുന്നോട്ട് വച്ചത് 

  •  മുൻപ് രോഗങ്ങൾ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം അവര്‍ക്ക് രോഗ സാധ്യത കൂടുതലായതിനാൽ കരുതൽ വേണം 
  •  സാമൂഹിക അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കൻം 
  •  മാസ്ക് ധരിക്കണം, രോഗ പ്രതിരോധ ശേഷി കൂട്ടാൻ ശ്രമിക്കണം
  •  ആരോഗ്യ സേതു മൊബൈൽ അപ്പ് ഡൗൺലോഡ് ചെയ്ത് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങൾ പിന്തുടരണം
  • ദരിദ്ര വിഭാഗങ്ങളെ സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ട് വരണം
  • ജോലിയിൽ നിന്ന് പുറത്താക്കുന്ന സാഹചര്യം ഉണ്ടാകരുത്  
  •  കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരെ ആദരിക്കണം 

കൊവിഡ് 19 നെതിരെ രാജ്യത്ത് നടക്കുന്നത് അതിശക്തമായ പ്രതിരോധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.  കൊവിഡിനെതിരായ യുദ്ധം വിജയകരമാണ്. അതിന് വേണ്ടി ഒപ്പം നിന്ന ജനങ്ങളെ നമിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ മൂലമുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് പൂര്‍ണ്ണ ബോധ്യമുണ്ട്. എല്ലാ ബുദ്ധിമുട്ടുകളും സഹിച്ചാണ് ജനങ്ങൾ കൊവിഡ് പോരാട്ടത്തിൽ ഒപ്പം നിന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

പലരും വീട്ടിൽ നിന്ന് അകന്ന് നിൽക്കുകയാണ്, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഒരു പട്ടാളക്കാരനെ പോലെ ദൗത്യം നിർവഹിക്കുന്ന നിങ്ങളെയെല്ലാവരെയും ആദരപൂർവ്വം നമിക്കുന്നു.രാജ്യത്തിന്‍റെ പലയിടങ്ങളിലും ഇത് അഘോഷത്തിന്‍റെ വേളയാണ്, ബൈശാഖിയും, ബുധാണ്ടുവും, വിഷുവുമെല്ലാം ആക്ഷോഷിക്കുന്ന വേളയാണ്, ലോക്ക് ഡൗണിന്‍റെ ഈ ബന്ധനങ്ങളുടെ ഇടയിലും ജനങ്ങൾ ഏറെ ക്ഷമയോടെ വീട്ടിലിരുന്ന് കൊണ്ട് ഉത്സവഭങ്ങൾ ആർഭാടങ്ങളില്ലാതെ ആഘോഷിക്കുകയാണ്. ഇത് പ്രശംസനീയമാണ്. എല്ലാവരുടെയും കുടുംബത്തിന് നല്ലത് നേരുന്നു എന്നും പ്രധാനമന്ത്രി പറ‍ഞ്ഞു. 

ലോകം മുഴുവൻ കൊവിഡിനെ നേരിടുകയാണ്. രാജ്യത്ത് കൊവിഡിന്‍റെ ഒരു കേസ് പോലും ഇല്ലാതിരുന്ന സമയത്ത് തന്നെ രാജ്യം കൊവിഡിൽ നിന്ന് വരുന്ന യാത്രക്കാരുടെ പരിശോധന ആരംഭിച്ചിരുന്നു. കൊവിഡ് മരണം 100 ആകുന്നതിന് മുമ്പ് തന്നെ വിദേശത്ത് നിന്നെത്തിയവർക്കെല്ലാം 14 ദിവസത്തെ ഐസൊലേഷൻ നിർബന്ധമാക്കിയിരുന്നു. പ്രശ്നങ്ങൾ വഷളാവാൻ കാത്തുനിന്നില്ല, അതിന് മുമ്പ് തന്നെ ലോക്ക് ഡൗൺ അടക്കം ആവശ്യമായ നടപടികൾ സ്വീകരിച്ചു. ഈ പ്രതിസന്ധിഘട്ടത്തിൽ മറ്റൊരു രാജ്യവുമായി നമ്മൾ സ്വയം താരതമ്യം ചെയ്യാൻ പാടില്ല. എങ്കിലും സത്യം മനസിലാക്കേണ്ടതുണ്ട്. ലോകത്ത് മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. .

21 ദിവസത്തെ ലോക്ക് ഡൗൺ കാലാവധി ഇന്ന് തീരാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തിയത്. നേരത്തെ ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചും അതിന് ശേഷം ലോക്ക് ഡൗൺ പ്രഖ്യാപിക്കാനുമെല്ലാം പ്രധാനമന്ത്രി രാജ്യത്തോട് സംസാരിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതിന് ദീപം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട ഒരു വീഡിയോ സന്ദേശവും പ്രധാനമന്ത്രി പുറത്ത് വിട്ടിരുന്നു. കൊവിഡ് മുൻകരുതലും ജാഗ്രതാ നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളുമെല്ലാം കഴി‍ഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി വിശദമായി വിലയിരുത്തിയിരുന്നു.

വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി വിശദമായ ചര്‍ച്ചയാണ് നടത്തിയിരുന്നത്. രാജ്യത്ത് കൊവിഡിനെതിരായ യുദ്ധം ഇനിയെങ്ങനെ മുന്നോട്ട് പോകും, നമ്മളെങ്ങനെ വിജയിക്കും, നമ്മുടെ ജനങ്ങളുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കുമെന്നീ കാര്യങ്ങളിൽ സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയാൽ ലോക്ക് ഡൗൺ നീട്ടണമെന്ന അഭിപ്രായമാണ് മുന്നോട്ട് വന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.