മുംബൈ: മഹാരാഷ്ട്രയില്‍ ഒറ്റ ദിവസം 82 പുതിയ കൊവിഡ് 19 രോഗികള്‍. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 302 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ഒരുദിവസം ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ഇന്നാണ്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 ബാധിച്ച സംസ്ഥാനം മഹാരാഷ്ട്രയായി. തലസ്ഥാന നഗരമായ മുംബൈയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്(59). ഇന്നത്തെ കണക്കുകള്‍ പുറത്തുവിട്ടതോടെ മുംബൈയില്‍ മാത്രം കൊവിഡ് ബാധിച്ചവരുടെ എണ്ണം 151 ആയി ഉയര്‍ന്നു.  

അതേസമയം, കൊവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിച്ചത് ആശങ്കക്കിടയാക്കേണ്ടതില്ലെന്നും സ്വകാര്യ ലാബുകളിലാണ് പരിശോധന നടത്തിയതെന്നും ആരോഗ്യവിഭാഗം അറിയിച്ചു. സ്വകാര്യ ലബോറട്ടറികളിലെ പരിശോധനാഫലം സര്‍ക്കാര്‍ ലബോറട്ടറികള്‍ വീണ്ടും പരിശോധിക്കും. സംസ്ഥാനത്ത് 5,000 സാമ്പിളുകളാണ് പ്രതിദിനം പരിശോധിക്കുന്നത്. 13 സര്‍ക്കാര്‍ ലബോറട്ടറികളില്‍ 2300 സാമ്പിളുകലും 2800 സാമ്പിളുകള്‍ എട്ട് സ്വകാര്യ ലാബുകളിലുമാണ് പരിശോധിക്കുന്നത്. 

covid19.india.org വെബ്‌സൈറ്റിലെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ചൊവ്വാഴ്ച വരെ 1613 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 47 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളമാണ് (241) മഹാരാഷ്ട്രക്ക് പിന്നില്‍. തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച 57 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.