മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക്  കൊവിഡ് 19 സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ വൈറസ് വ്യാപനം തടയാന്‍ പുതിയ നീക്കം. വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കാന്‍ അവശ്യപ്പെടുന്നവരുടെ കൈകളില്‍ മുദ്ര പതിപ്പിക്കാനാണ് തീരുമാനം. നിരീക്ഷണചത്തില്‍ കഴിയുന്നവരെ പെട്ടന്ന് തിരിച്ചറിയാനാണ് ഈ നീക്കം. ഇതിനായി ഇവരുടെ ഇടത് കയ്യിന്റെ പുറകില്‍ മുദ്ര പതിപ്പിക്കും. മുഖ്യമന്ത്രി ഉ്ദദവ് താക്കറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 

39 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഇങ്ങനെയൊരു തീരുമാനമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. അതേസമയം കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് സംശയിക്കുന്ന ഏഴ് പേരാണ് ഐസൊലേഷനില്‍ നിന്ന് ചാടിപ്‌പോയത്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ കൂടിയാണ് ഈ നടപടി. 

ആശുപത്രികളിലെയും വിമാനത്താവളങ്ങളിലെയും അധികൃതര്‍ക്ക് ഗ്രേറ്റര്‍ മുംബൈ മുന്‍സിപ്പല്‍ കമ്മീഷണര്‍ തിങ്കളാഴ്ച വൈകീട്ടോടെ ഇത് സംബന്ധിച്ച നിര്‍ദ്ദേശം കൈമാറി. '' ആര്‍ക്കെങ്കിലും കൊവിഡ് ബാധിക്കുന്നത് ഒരു കുറ്റമല്ല. അവര്‍ക്ക് നിര്‍ബന്ധമായും വൈദ്യസഹായവും മാനസിക പിന്തുണയും നല്‍കണം. ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ ഇതിനുവേണ്ട ബോധവല്‍ക്കരണം നല്‍കും'' ഉദ്ദവ് താക്കറെ പറഞ്ഞു. 

തെരഞ്ഞെടുപ്പിന് വോട്ടര്‍മാരുടെ വിരലുകളില്‍ പതിക്കുന്ന അതേ മഷിയാണ് ഇതിനായി ഉപയോഗിക്കുകയെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പ് പറഞ്ഞു. ''ഈ രോഗ്ി നിര്‍ബന്ധിത നിരീക്ഷണത്തിലാണ്'' എന്നായിരിക്കും എഴുതുക. മാര്‍ച്ച് 31 വരെ ഇത് തുടരാനാണ് തീരുമാനം. 

നിരീക്ഷണത്തിലിരിക്കെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തിറങ്ങുന്നവരെ തിരിച്ചറിയാന്‍ ഇത് മറ്റുള്ളവരെ സഹായിക്കുമെന്നും ആളുകളോട് ഇടപെഴകുന്നത് കുറയ്ക്കാനാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. നിര്‍ബന്ധിത നിരീക്ഷണത്തില്‍ നിന്നോ ഐസൊലേഷനില്‍ നിന്നോ ചാടിപ്പോകുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍.