Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗികളുടെ എണ്ണം 42 ആയി; കനത്ത ജാഗ്രതയില്‍ മഹാരാഷ്ട്ര

പൂനെയിൽ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം 42 ആയി. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ ദില്ലിയിലേക്ക് പോകാൻ ശ്രമിച്ച നാലംഗ കുടുംബത്തെ കൈയിൽ പതിച്ച മുദ്ര കണ്ട് സഹയാത്രക്കാർ തടഞ്ഞു.
 

covid 19 maharashtra under heavy alert
Author
Mumbai, First Published Mar 18, 2020, 5:44 PM IST

മുംബൈ: കനത്ത ജാഗ്രതയിലാണ് രാജ്യത്ത് ഏറ്റവുമധികം കൊവിഡ് 19 രോഗികളുള്ള മഹാരാഷ്ട്ര. പൂനെയിൽ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം 42 ആയി. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ ദില്ലിയിലേക്ക് പോകാൻ ശ്രമിച്ച നാലംഗ കുടുംബത്തെ കൈയിൽ പതിച്ച മുദ്ര കണ്ട് സഹയാത്രക്കാർ തടഞ്ഞു

എല്ലാ ദിവസവും പുതിയ കൊവിഡ് 19 കേസുകൾ മഹാരാഷ്ട്രയിൽ സ്ഥിരീകരിക്കുന്നുണ്ട്.  ഇന്നലെ മരണം കൂടിയായതോടെ പൊതുജനം വലിയ ആശങ്കയിലുമാണ്. 18 പേർക്ക് രോഗം സ്ഥിരീകരിച്ച പൂനെയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. പുതുതായി രോഗം സ്ഥിരീകരിച്ച രോഗി ഫ്രാൻസിലും നെതർലൻഡിലും പോയി വന്നയാളാണ്. 

ബാന്ദ്രയിൽ നിന്ന് ദില്ലിയിലേക്ക് പോകുന്ന ഗരീബ് രഥ് എക്സ്പ്രസിൽ നിന്നാണ് കൊവിഡ് നിരീക്ഷണത്തിലുള്ള നാലംഗ കുടുംബത്തെ ആളുകള്‍ തടഞ്ഞത്. വീട്ടിൽ നിരീക്ഷണത്തിലുള്ളവരെന്ന് മഹാരാഷ്ട്രാ സർക്കാർ പതിച്ച മുദ്ര ഇവരുടെ കൈകളിലുണ്ടായിരുന്നു. ഇതുകണ്ട യാത്രക്കാർ ബഹളം വച്ചതോടെ ടിടിആർ ഇവരെ പാൽഖർ സ്റ്റേഷനിൽ ഇറക്കി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. ഇവ‍ർ സഞ്ചരിച്ച ബോഗി സൂറത്തിൽ വച്ച് അണുവിമുക്തമാക്കി. 

ഓഫീസുകളിൽ 50 ശതമാനത്തിൽ താഴെ ഹാജർനില മതിയെന്ന നിബന്ധന വന്നതോടെ നഗരത്തിൽ തിരക്ക് കുറഞ്ഞിട്ടുണ്ട്.  രോഗ വ്യാപനത്തിന് സാധ്യതയുള്ള സബർബൻ ട്രെയിനുകൾ നിർത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ട്രെയിനിലും തിരക്ക് കുറഞ്ഞിട്ടുണ്ട്. സബർബൻ സർവീസുകൾ നിർത്തിയാൽ മുംബൈ ഒരർഥത്തിൽ നിശ്ചലമാവും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios