മുംബൈ: കുർളയിൽ മലയാളി അധ്യാപകൻ കൊവിഡ് ബാധിച്ച് മരിച്ചു. കുർളയിൽ വർഷങ്ങളായി താമസിക്കുന്ന വിക്രമൻ പിള്ളയാണ് മരിച്ചത്. ഒരാഴ്ചയായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ഇദ്ദേഹം. എറണാകുളം ഉദയംപേരൂർ സ്വദേശിയാണ്. ഇതോടെ മുംബൈയിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം എട്ടായി. 

വർഷങ്ങളായി മുംബൈയിൽ താമസിക്കുകയായിരുന്നു വിക്രമൻ പിള്ളയും കുടുംബവും. ഇദ്ദേഹത്തിന്‍റെ ഭാര്യയും രണ്ട് കുട്ടികളും ഒപ്പമുണ്ടായിരുന്നു. വിക്രമൻ പിള്ളയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഏതാണ്ട് ഒരാഴ്ച പിന്നിട്ടിരുന്നു. എന്നിട്ടും ഭാര്യയെയും മക്കളെയും ഹോം ക്വാറന്‍റൈനിലാക്കുകയല്ലാതെ ടെസ്റ്റിംഗ് പോലും നടത്താൻ മുംബൈ കോർപ്പറേഷൻ ഒരു സഹായവും നൽകുന്നില്ലെന്ന് മുംബൈയിലെ മലയാളി സംഘടനകൾ ആരോപിക്കുന്നുണ്ട്. 

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മുംബൈയിൽത്തന്നെയാകും ഇദ്ദേഹത്തിന്‍റെ സംസ്കാരച്ചടങ്ങുകൾ നടത്തുക. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ക്വാറന്‍റീനിലുള്ള ഭാര്യയ്ക്കും മക്കൾക്കും ഇദ്ദേഹത്തെ അവസാനമായി കാണാൻ അനുമതി ലഭിച്ചേക്കില്ലെന്നാണ് വിവരം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ പാടില്ലെന്നാണ് ചട്ടം. 

കാട്ടുതീ പോലെയാണ് മുംബൈയിൽ രോഗവ്യാപനം തുടരുന്നത്. മഹാരാഷ്ട്രയിൽ മാത്രം മരണം രണ്ടായിരത്തോട് അടുക്കുകയാണ്. മുംബൈയിൽ മാത്രം മരിച്ചത് 1135 പേരാണ്.