Asianet News MalayalamAsianet News Malayalam

'കെട്ടിപ്പെറുക്കി ഇറങ്ങുമ്പോ എന്ത് സർട്ടിഫിക്കറ്റ്?', ഇറ്റലിയിൽ കുടുങ്ങിയ മലയാളികൾ

കൊവിഡ് 19 ഇല്ലെന്ന 'നെഗറ്റീവ് സർട്ടിഫിക്കറ്റ്' കിട്ടാതെ ഒരാളെയും വിമാനത്തിൽ പ്രവേശിപ്പിക്കില്ലെന്ന കേന്ദ്രസർക്കാരിന്‍റെ സർക്കുലറാണ് ഇവരെ പ്രതിസന്ധിയിലാക്കിയത്. ഗർഭിണിയും കുഞ്ഞുമടക്കമുള്ളവർ റോമിലും മിലാനിലുമായി കുടുങ്ങിക്കിടക്കുകയാണ്.

covid 19 malayalees stranded in italy sufferes of non availability of a no covid certificate
Author
Rome, First Published Mar 11, 2020, 12:33 PM IST

റോം: 'ഉള്ളതെല്ലാം കെട്ടിപ്പെറുക്കിയെടുത്ത് തിരികെ വീട്ടുകാരുടെ അടുത്തെത്താൻ ഓടിയിറങ്ങുമ്പോൾ എന്ത് സർട്ടിഫിക്കറ്റ് കിട്ടാനാണ്? അതും തീർത്തും ഒറ്റപ്പെട്ട് ക്വാറന്‍റൈനിലായ ഈ ഇറ്റലിയിൽ'? റോമിൽ വിമാനത്താവളത്തിൽ ഫ്ലൈറ്റിൽ കയറാൻ പോലുമാവാതെ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർത്ഥിനി ഹിമ ചോദിക്കുന്നു. ഹിമയെപ്പോലെ നൂറ് കണക്കിന് ഇന്ത്യക്കാരാണ് റോമിലെയും മിലാനിലെയും വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരിൽ ഗർഭിണിയും കുഞ്ഞുമടക്കമുള്ള മലയാളികളുണ്ട്.

മിലാൻ വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ ചെക്കിൻ കൗണ്ടറിന് മുന്നിൽ നൂറ് കണക്കിന് ഇന്ത്യക്കാർ സ്വന്തം ബാഗേജുകളുമായി കാത്തിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. വിമാനത്തിൽ കയറണമെന്നല്ല, ചെക്കിൻ ചെയ്യണമെങ്കിൽത്തന്നെ കൊവിഡ് 19 ഇല്ലെന്ന ഹെൽത്ത് സർട്ടിഫിക്കറ്റ് വേണം. ഇന്ത്യൻ സർക്കാർ ഇങ്ങനെയൊരു സർക്കുലർ പുറത്തിറക്കിയ വിവരം പലരും അറിഞ്ഞിരുന്നില്ല. പലരും ടിക്കറ്റ് ബുക്ക് ചെയ്ത് ലഗ്ഗേജുകളുമായി വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് ഈ വിവരം അറിഞ്ഞത്. ആർക്കും ഇനി പുറത്തിറങ്ങാൻ പറ്റുന്ന സാഹചര്യമില്ല. ഒറ്റപ്പെട്ടു കിടക്കുന്ന റോം അടക്കമുള്ള നഗരങ്ങളിലെ ആശുപത്രികളിൽ നിന്ന് അത്തരമൊരു സർട്ടിഫിക്കറ്റ് ലഭിക്കുകയെന്നത് പ്രായോഗികവുമല്ല. 

പുറത്തുനിന്ന് ഇത്തരം ഒരു സർട്ടിഫിക്കറ്റ് കിട്ടാൻ ഒരു വഴിയുമില്ലാത്ത ഇവർക്ക് ഇന്ത്യൻ എംബസി ഇടപെട്ട് ഒരു പരിശോധനാ സംവിധാനം ഒരുക്കേണ്ടത് അത്യാവശ്യമാണ്. ഡോക്ടർമാരടങ്ങിയ ഒരു സംഘം പരിശോധന നടത്തി കൊവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി ഇവരെ തിരികെയെത്തിക്കാൻ ശ്രമിക്കുന്നതിന് പകരം, ഇവരെ എയർപോർട്ടുകളിൽത്തന്നെ ഇരുത്തുകയാണ് കേന്ദ്രസർക്കാർ. അത് എന്തുകൊണ്ടാണെന്നാണ് ഇവർ ചോദിക്കുന്നത്. 

എയർപോർട്ടുകളിൽ വെള്ളവും ഭക്ഷണവും പോലും കിട്ടാതെയാണ് ഇവർ കുടുങ്ങിക്കിടക്കുന്നത്. എയർ ഇന്ത്യ പൈലറ്റുമാരുമായി ഇവർ തർക്കിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൈലറ്റുമാർക്ക് ഒന്നും ചെയ്യാനാകില്ലല്ലോ, എന്നും നിസ്സഹായരാണെന്നും പറഞ്ഞ് അവരും മടങ്ങിപ്പോകുന്ന ദൃശ്യങ്ങളും പുറത്തു വരുന്നു. 

'നിങ്ങൾ പറയൂ സർ, 10 മിനിറ്റ് മുമ്പ് ഹെൽത്ത് സർട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞാൽ ഞങ്ങളെവിടെ നിന്ന് കൊണ്ടുവരാനാണ്? ഞങ്ങളെന്ത് തെറ്റ് ചെയ്തു? സ്വന്തം രാജ്യത്തെ പൗരൻമാരെ നിങ്ങളെന്തിന് കൈയൊഴിയുന്നു?', എന്ന് കുടുങ്ങിക്കിടക്കുന്നവർ ചോദിക്കുമ്പോൾ മറുപടി പറയാനാകാതെ നിസ്സഹായരായി പോവുകയാണ് എയർ ഇന്ത്യ പൈലറ്റുമാർ. എയർ ഇന്ത്യയുടെ കൗണ്ടറിലടക്കം മറുപടി നൽകാൻ ആരുമില്ല താനും. 

വിദ്യാർത്ഥികളും വൃദ്ധരുമടക്കം നിരവധിപ്പേർ ഇവിടെ കാത്തിരിക്കുകയാണ്. ദില്ലി, ചെന്നൈ, ബെംഗളുരു, കൊച്ചി എന്നിങ്ങനെ ഒരു ഇന്ത്യൻ നഗരങ്ങളിലേക്കുമുള്ള ഫ്ലൈറ്റുകളിലും നിലവിൽ സർട്ടിഫിക്കറ്റില്ലാത്ത ഇന്ത്യൻ പൗരൻമാരെ ചെക്കിൻ ചെയ്യാൻ അനുവദിക്കുന്നില്ല. സർട്ടിഫിക്കറ്റ് ഇല്ലാത്ത ആരും കൊറോണയും കൊണ്ടിങ്ങോട്ട് വരണ്ട എന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ കമന്‍റുകൾ കാണുന്നത് വേദനിപ്പിക്കുന്നുവെന്ന് ഇവർ പറയുന്നു. 'സ്വന്തം വീട്ടുകാരാണെങ്കിൽ ഇങ്ങനെ പറയുമോ?', അവർ ചോദിക്കുന്നു.

''മിലൻ എയർപോർട്ടിൽ മാത്രം എഴുപത് പേരുണ്ട്. ഒരു കുടുംബം ദുബായ് എയർപോർട്ടിൽ കുടുങ്ങിക്കിടപ്പുണ്ട്. ഇന്ത്യൻ സർക്കാരിനെന്താ ഞങ്ങളെ വേണ്ടേ? ഞങ്ങൾ സാധാരണമനുഷ്യരാണ്. എയർപോർട്ടിലെ ഒരു ഐസൊലേഷൻ വാർഡ് പോലെ ഞങ്ങൾ ഒരു വശത്ത് മാറിയിരിക്കുകയാണ്. നല്ല തണുപ്പുള്ള കാലാവസ്ഥയാണ്. കുട്ടികളടക്കം തണുത്ത് വിറച്ചാണിരിക്കുന്നത്. സംസ്ഥാനസർക്കാരിന്‍റെ ഭാഗത്ത് നിന്ന് പരമാവധി ശ്രമിക്കുന്നുണ്ട്. അവർ ഞങ്ങളെ നിരന്തരം ബന്ധപ്പെടുന്നുണ്ട്. കേന്ദ്രസർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഈ നടപടി എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്നത് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. ഒരാൾക്കും ഇവിടെ പനിയോ ചുമയോ ഇല്ല. അങ്ങനെ ഉണ്ടോ എന്ന് എല്ലാവരും പരസ്പരം പരിശോധിക്കുന്നുമുണ്ട്. ഇന്ത്യൻ എംബസി എന്തുകൊണ്ട് ഒരു മെഡിക്കൽ ഫെസിലിറ്റി തരുന്നില്ല? പരിശോധിക്കാൻ ഒരു മെഡിക്കൽ സംഘത്തെ തരുന്നില്ല? ഞങ്ങൾ പോകാൻ റെഡിയായി വന്നവരാണ്'', മലയാളി വിദ്യാർത്ഥി ഹിമ ചോദിക്കുന്നു.

Follow Us:
Download App:
  • android
  • ios