ലക്നൗ: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് അതിര്‍ത്തികളെല്ലാം അടച്ചതോടെ വീടെത്താന്‍ നദി മുറിച്ചുകടന്ന് അതിഥി തൊഴിലാളികളുടെ യാത്ര. ''ഞങ്ങള്‍ വീടെത്താന്‍ 10 ദിവസമെങ്കിലും എടുക്കും'' - യമുനാ നദി മുറിച്ചുകടക്കുന്ന നൂറുകണക്കിന് അതിഥി തൊഴിലാളികളിലൊരാളുടെ പ്രത്യാശയോടെയും നിസ്സഹായതയോടെയുമുള്ള വാക്കുകളാണ്. ലോക്ക്ഡൗണില്‍ പൂര്‍ണ്ണമായും നിരാലംബരായി തീര്‍ന്ന ഒരു ജനവിഭാഗത്തിന്‍റെ ദാരുണമായ അവസ്ഥയുടെ നേര്‍ചിത്രമാവുകയാണ് യമുനാ തീരത്തുനിന്ന് പകര്‍ത്തിയ ഫോട്ടോകള്‍. 

തലയിലും കൈകളിലും തോളിലുമെല്ലാം ബാഗുകള്‍ ചുമന്ന് നൂറുകണക്കിന് പേരാണ് മുട്ടറ്റം വെള്ളമുള്ള യമുനാ നദി മുറിച്ചുകടന്ന് കിലോമീറ്ററുകള്‍ ദൂരെയുള്ള ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും വീടെത്താന്‍ പെടാപാടുപെടുന്നത്. യുപി - ഹരിയാന അതിര്‍ത്തിയിലൂടെയാണ് യമുനാ നദി ഒഴുകുന്നത്. 

''ഞങ്ങള്‍ക്ക് മറ്റുമാര്‍ഗ്ഗമില്ല. ഞങ്ങള്‍ക്ക് എന്ത് ചെയ്യാനാകും ? ഞങ്ങള്‍ക്ക് ഞങ്ങളുടെ ജോലി പോലുമില്ല'' ബിഹാര്‍ സ്വദേശിയായ അതിഥി തൊഴിലാളി പറഞ്ഞു. യമുനയുടെ തീരത്ത്, നദി മുറിച്ചുകടക്കാനുള്ള തന്‍റെ ഊഴത്തിനായി കാത്തിരിക്കുകയായിരുന്നു അയാള്‍. ടയര്‍ ട്യൂബുകളുടെ സഹായത്താലാണ് അവര്‍ നദി കടക്കാന്‍ ശ്രമിക്കുന്നത്. കുറച്ച് പേര്‍ നദി കടന്ന് വ്യാഴാഴ്ചയോടെ യുപിയിലെ ഷാംമിലിയില്‍ എത്തിയിട്ടുണ്ട്.

മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചതോടെ ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് നാട്ടിലെത്താനായി പല വഴിയില്‍ സഞ്ചരിക്കുന്നത്. ലോക്ക്ഡൗണ്‍ ലംഘിച്ച് അനധികൃതമായി യാത്ര ചെയ്യാന്‍ ശ്രമിച്ച നിരവധി പേരെ പൊലീസ് പിടികൂടി ക്വാറന്‍റൈനില്‍ ആക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ ആയിരക്കണക്കിന് ദൂരം സൈക്കിള്‍ ചവിട്ടിയും നടന്നും നിരവധി പേര്‍ വീട്ടിലെത്താന്‍ ശ്രമിച്ചു. ചിലര്‍ യാത്രക്കിടയില്‍ കുഴഞ്ഞുവീണും അപകടത്തില്‍പ്പെട്ടും മരിച്ചു. 

അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലെത്താന്‍ പ്രത്യേക സൗകര്യമൊരുക്കണമെന്നും അവര്‍ കാല്‍നടയായോ റെയില്‍വെ ട്രാക്കിലൂടെയോ യാത്ര ചെയ്യുന്ന സാഹചര്യം ഉണ്ടാകാന്‍ അനുവദിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.