ദില്ലി: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ തുറക്കാന്‍ പ്രതിരോധ സേനകൾ. പതിനൊന്ന് കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങൾ കൂടി ഉടൻ തുറക്കും. കൊച്ചിയിലുൾപ്പടെ കൂടുതൽ കേന്ദ്രങ്ങൾ തുറക്കും. നിലവിൽ നാല് ക്വാറന്‍റൈന്‍ കേന്ദ്രങ്ങളാണ് സേന നടത്തുന്നത്. അതേസമയം ഇറാനിൽ 255 ഇന്ത്യക്കാർക്ക് കൊവിഡ് 19 എന്ന  റിപ്പോർട്ടുകൾ കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു. വിദേശത്ത് ആകെ 276 ഇന്ത്യക്കാർക്ക് രോഗബാധയുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഫിലിപ്പീൻസിൽ കുടുങ്ങിയ മെഡിക്കൽ വിദ്യാ‍ർത്ഥികളെ തിരികെ എത്തിക്കുമെന്ന് ഇന്ത്യൻ അംബാസിഡർ ജൈദീപ് മജുംദ്ദാർ അറിയിച്ചു. 

ലഡാക്കിലെ കാർഗിൽ നിന്ന് ഇറാനിലേക്ക് പോയ ഷിയ തീര്‍ത്ഥാടകരും വിദ്യാർത്ഥികളും ഉൾപ്പടെ 255 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.  ഇറാൻ ഉൾപ്പടെ ഏഴ് രാജ്യങ്ങളിലായി 276 ഇന്ത്യക്കാര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന കണക്കുകൾ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. ഇറാനിൽ കുടുങ്ങിയ മത്സ്യതൊഴിലാളികളെ തിരിച്ചെത്തിക്കാൻ നാവിക സേനയുടെ കപ്പൽ അയക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. യുഎഇയിൽ 12 ഇന്ത്യക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.  യാത്രവിലക്കിനെ തുടർന്ന് മലയാളികൾ അടക്കം 400 വിദ്യാർത്ഥികളാണ് ഫിലിപ്പീൻസിൽ കുടുങ്ങിയത്. ഇവരെ തിരികെ എത്തിക്കാൻ ഇന്ത്യൻ എംബസി  നടപടി‍കൾ തുടങ്ങി. വാട്സപ്പ് വഴി വിദ്യാര്‍ത്ഥികളിൽ നിന്ന് ഏംബസി വിവരങ്ങൾ ശേഖരിച്ചു.  മലേഷ്യയിലെ ക്വാലലംപൂർ വിമാനത്താവളത്തിൽ കൂടുതൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ഇന്നത്തെ വിമാനത്തിൽ വരാൻ കഴിയാത്തവരാണ് പ്രതിസന്ധിയിലായത്.വിസാ കാലാവധി തീരാറായതോടെ ഇവർ ആശങ്കയിലാണ്