Asianet News MalayalamAsianet News Malayalam

മൂന്ന് ദിവസത്തിനകം മരിച്ചത് 3 പൊലീസുകാർ, മുംബൈ പൊലീസിൽ കൂട്ട അവധി നിർദേശം

56-കാരനായ ട്രാഫിക് പൊലീസ് കോൺസ്റ്റബിൾ ഇന്നലെയാണ് കൊവിഡ് ബാധിച്ച് മുംബൈയിൽ മരിച്ചത്. പൊലീസുകാർക്കിടയിലും ആരോഗ്യപ്രവർത്തകർക്കിടയിലും മഹാരാഷ്ട്രയിൽ കൊവിഡ് പടരുകയാണ്. ഈ ആശങ്ക കണക്കിലെടുത്താണ് കൂട്ട അവധിക്ക് നിർദേശം.

covid 19 mumbai police force loses third constable in three days
Author
Mumbai, First Published Apr 28, 2020, 11:21 AM IST

മുംബൈ: മുംബൈ പൊലീസിൽ കൊവിഡ് ബാധിച്ച് മൂന്ന് ദിവസത്തിനിടെ മരിച്ചത് മൂന്ന് ഉദ്യോഗസ്ഥരാണ്. പൊലീസുകാർക്കിടയിൽ രോഗവ്യാപനം കുത്തനെ കൂടുകയും ഇത് വലിയ ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ മുംബൈ പൊലീസിൽ കൂട്ട അവധിക്ക് നിർദേശിച്ചിരിക്കുകയാണ് മഹാരാഷ്ട്ര ആഭ്യന്തരവകുപ്പ്. 55 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ ഉദ്യോഗസ്ഥരോടും അടിയന്തരമായി അവധിയിൽ പോകാൻ ആഭ്യന്തരവകുപ്പ് നിർദേശം നൽകി. 

50 വയസ്സിന് മുകളിൽ പ്രായമുള്ള ഉദ്യോഗസ്ഥരാണ് മരിച്ചവർ എല്ലാവരും. അതേസമയം, മൂന്ന് പൊലീസുദ്യോഗസ്ഥർ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തു. 

ഇന്നലെയാണ് 56-കാരനായ ട്രാഫിക് പൊലീസ് കോൺസ്റ്റബിൾ മുംബൈയിലെ കെഇഎം ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. അസുഖബാധിതനായ ഇദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മൂന്ന് ആശുപത്രികൾ ഇദ്ദേഹത്തിന് ചികിത്സ നിഷേധിച്ചു. അതിന് ശേഷമാണ് ഇദ്ദേഹത്തെ കെഇഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് കാലത്തും പുറത്തിറങ്ങി ദൗത്യം നിർവഹിക്കുന്ന പൊലീസുദ്യോഗസ്ഥർക്കും ആരോഗ്യപ്രവർത്തകർക്കും മഹാരാഷ്ട്രയിൽ കൃത്യമായ ചികിത്സ പോലും കിട്ടുന്നില്ല എന്ന ആരോപണങ്ങൾക്കുള്ള തെളിവാകുകയാണ് ഈ ട്രാഫിക് പൊലീസ് കോൺസ്റ്റബിളിന്‍റെ മരണം. 

''മുതിർന്ന പൊലീസുദ്യോഗസ്ഥരെ ഫീൽഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് നേരത്തേ നിർദേശം നൽകിയിരുന്നതാണ്. ഈ ഉദ്യോഗസ്ഥർ അവധിക്ക് അപേക്ഷിച്ചാൽ അത് അനുവദിക്കാനും നേരത്തേ നിർദേശം നൽകിയിരുന്നു. പരമാവധി മുതിർന്ന ഉദ്യോഗസ്ഥരെ ഡസ്ക് ഡ്യൂട്ടിക്കാണ് നിയോഗിച്ചിരുന്നത്. നിലവിൽ 55 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ ഉദ്യോഗസ്ഥരോടും അവധിയിൽ പോകാൻ നിർദേശം നൽകിയിരിക്കുകയാണ്. 50 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവരെയും പ്രത്യേകം നിരീക്ഷിക്കും'', മുംബൈ പൊലീസ് വക്താവ് ഡിസിപി പ്രണയ് അശോക് വ്യക്തമാക്കി. 

മരിച്ച മൂന്ന് പൊലീസുദ്യോഗസ്ഥർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു. ബിപി കൂടുതലായിരുന്നു മൂന്ന് പേർക്കും. ശാരീരികഭാരം കൂടുതലായിരുന്നു. മൂന്ന് പേർക്കും പ്രമേഹവുമുണ്ടായിരുന്നു. ഡ്യൂട്ടി സമയം പോലും നോക്കാതെ നിരവധിസമയം ജോലി ചെയ്തവരായിരുന്നു മൂന്ന് പേരും. 

മുംബൈയിൽ ഏറ്റവും ആദ്യം മരിച്ച പൊലീസ് കോൺസ്റ്റബിളിന് 56 വയസ്സായിരുന്നു പ്രായം. വകോല പൊലീസ് സ്റ്റേഷനിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ഏപ്രിൽ 22-നാണ് ഇദ്ദേഹത്തിന് അസുഖം സ്ഥിരീകരിക്കുന്നത്. ഏപ്രിൽ 25-ന് മരിക്കുകയും ചെയ്തു. 

53-കാരനായ പൊലീസ് കോൺസ്റ്റബിളാണ് മരിച്ച രണ്ടാമത്തെയാൾ. പ്രൊട്ടക്ഷൻ ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് അസുഖം ബാധിച്ചത് ഏപ്രിൽ 23-ന്. മരിച്ചത് ഏപ്രിൽ? 26-നാണ്. ഇദ്ദേഹം കാൻസർ രോഗമുക്തനായിരുന്നു എന്നതാണ് ഏറ്റവും വേദനാജനകമായ കാര്യം.

ഏറ്റവുമൊടുവിൽ മരിച്ച 56-കാരനായ ട്രാഫിക് കോൺസ്റ്റബിൾ കുർള ട്രാഫിക് ചൗക്കിയിൽ ട്രാഫിക് നിയന്ത്രണ, പരിശോധനാ ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു. ഏപ്രിൽ 21-നാണ് ഇദ്ദേഹത്തിന് അസുഖം സ്ഥിരീകരിക്കുന്നത്. ഏപ്രിൽ 27-ന് മരിക്കുകയും ചെയ്തു. കടുത്ത രക്താതിസമ്മർദ്ദം ഇദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇത് കണക്കാക്കാതെ മണിക്കൂറുകൾ ഇദ്ദേഹം ജോലി ചെയ്തിരുന്നു.

മുംബൈയിൽ ആകെ 41,115 പൊലീസുദ്യോഗസ്ഥരാണുള്ളത്. 3500 ട്രാഫിക് ഉദ്യോഗസ്ഥരും ഇതിൽപ്പെടും. ഇവരുടെ ശരാശരി പ്രായം 30 ആണ്. അതുകൊണ്ട് തന്നെയാണ് പ്രായമേറിയ ഉദ്യോഗസ്ഥരെ തൽക്കാലം ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്താൻ മഹാരാഷ്ട്ര ആഭ്യന്തരവകുപ്പ് തീരുമാനിക്കുന്നതും.

Follow Us:
Download App:
  • android
  • ios