ചെന്നൈ: തമിഴ്നാട്ടിൽ ആശങ്ക ഇരട്ടിയാക്കി കൊവിഡ് വ്യാപനം.  ചെന്നൈയിൽ മറ്റൊരു ചന്തയിൽ കൂടി പുതിയ ക്ലസ്റ്റർ രൂപപ്പെട്ടു. കോയമ്പേടിന് പുറമെ തിരുവാൺമയൂർ ചന്തയിൽ വന്നു പോയ എഴുപത് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.  തിരക്ക് നിയന്ത്രിക്കാനാകാതെ വാര്‍ത്തകളിൽ ഇടം പിടിച്ചതിന് പിന്നാലെയാണ് തിരുവാൺമയൂർ മാര്‍ക്കറ്റിൽ കൊവിഡ് ക്ലസ്റ്റര്‍ സ്ഥിരീകരിക്കുന്നത്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കോയമ്പേട് ചന്ത അടച്ചതിനെ തുടര്‍ന്ന് ആളുകൾ കൂടുതൽ ആശ്രയിച്ചിരുന്ന ചന്ത കൂടിയാണ് തിരുവാൺമയൂർ. കച്ചവടക്കാർ ചുമട്ടുതൊഴിലാളികൾ ഉൾപ്പടെ എഴുപത് പേർക്കാണ് ഇപ്പോൾ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നിരവധി ഇടങ്ങളിൽ നിന്ന് ആളുകൾ വന്നു പോയതിനാൽ സമ്പർക്ക പട്ടികയും നീളുകയാണ്.

രോഗവ്യാപനത്തിൻ്റെ കേന്ദ്രമായതോടെ കോയമ്പേടിലെ രോഗബാധിതരെ നിരീക്ഷണത്തിലാക്കി വരുന്നതിനിടയിലാണ് പുതിയ  ക്ലസ്റ്റർ ആശങ്ക ഉയർത്തുന്നത്. രോഗബാധിതർ  ഇരട്ടിക്കുന്ന ചെന്നൈയിൽ മലയാളി കൊവിഡ് രോഗികൾക്കും ദുരിതമാണെന്നാണ് റിപ്പോര്‍ട്ടുകൾ. ശരിയായ ചികിത്സ പോലും ലഭിക്കുന്നില്ലെന്ന  പരാതി വ്യാപകമാണ്. കടുത്ത ലക്ഷണം ഉള്ളവരെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നുള്ളൂ.