ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 22 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 62,064 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇത് വരെ രോഗം സ്ഥിരീകരിച്ചത് 22,15,704 പേർക്കാണ്. 1007 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര സർക്കാർ പുറത്ത് വിട്ട കണക്ക് പറയുന്നു. രാജ്യത്ത് ഇത് വരെ 44,386 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് സർക്കാർ കണക്ക്. രാജ്യത്തെ രോഗമുക്തരുടെ എണ്ണം ഇന്ന് 15 ലക്ഷം കടന്നുവെന്നതാണ് ആശ്വാസകരമായ വാർത്ത.

നിലവിൽ 6,34,945 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇത് വരെ 15,35,743 പേർ രോഗമുക്തി നേടി. 68.78 ശതമാനമാണ് രാജ്യത്ത് രോഗമുക്തി നിരക്ക്. 

മഹാരാഷ്ട്രയിലും ആന്ധ്രയിലും പതിനായിരത്തിന്  മുകളിലാണ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം. മഹാരാഷ്ട്രയില്‍ 12,248 പേർക്കും ആന്ധ്രയില്‍ 10,820 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ രോഗികളുടെ പ്രതിദിന വർദ്ധന 5994 ആയി ഉയർന്നു. 

കർണാടകത്തിൽ ഇന്നലെ 5,985 പേരാണ്‌ രോഗ ബാധിതരായത്. ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലും ബിഹാറിലും രോഗ ബാധ നിരക്ക് ഉയരുന്നത് ആശങ്ക ഉണ്ടാക്കുന്നു. പ്രതിദിന സാമ്പിൾ പരിശോധന ഏഴ് ലക്ഷമായി ഉയർത്താൻ ആയെന്നാണ് ഐസിഎംആർ വ്യക്തമാക്കുന്നത്.