ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,661 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായി മൂന്നാം ദിവസവും പുതിയ രോഗികളുടെ എണ്ണം അമ്പതിനായിരത്തിനടുത്തെത്തിയത് ആശങ്കയുണ്ടാക്കുന്നു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13,85,522 ആയി. ഇത് വരെ 32,063 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം മരിച്ചത് 705 പേരാണ്.

ഇതുവരെ 8,85,576 പേർക്ക് രോഗം മാറി. നിലവിൽ 4,67,882 പേരാണ് ചികിത്സയിലുള്ളതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. രാജ്യത്തെ രോഗമുക്തി നിരക്ക് നിലവിൽ 63.91 ശതമാനമാണ്. 

ഓരോ സംസ്ഥാനത്തെയും നിലവിലെ സ്ഥിതി നോക്കാം ( ഇൻ്ററാക്ടീവ് മാപ്പ്)

 

പ്രതിദിന രോഗബാധ ഏഴായിരത്തിന് അടുത്തെത്തിയ തമിഴ്നാട്ടിൽ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. മഹാരാഷ്ട്രയിൽ ഒമ്പതിനായിരത്തിനും ആന്ധ്രപ്രദേശിൽ ഏഴായിരത്തിനും കർണ്ണാടകയിൽ അയ്യായിരത്തിനും മുകളിൽ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ബിഹാറിൽ ആദ്യമായി പ്രതിദിന രോഗബാധ രണ്ടായിരത്തിന് മുകളിലെത്തി. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും ഇന്നലെ ഏറ്റവും ഉയർന്ന രോഗബാധയാണ് റിപ്പോർട്ട് ചെയ്തത്. 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 4,42,263 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ഇതുവരെ 1,62,91,331 സാമ്പിളുകൾ രാജ്യത്ത് പരിശോധിച്ചുവെന്നാണ് ഐസിഎംആർ പുറത്ത് വിടുന്ന കണക്ക്.