ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു. 96,551 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 45,62,414 ആയി ഉയർന്നു. 1209 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് ഇത് വരെ രോഗബാധ മൂലം മരിച്ചത് 76,271 പേരാണ്. 1.67 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. 

9, 43, 480 പേരാണ് നിലവിൽ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 35,42,663 പേർ ഇത് വരെ രോഗമുക്തി നേടിയത്. 77. 65 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 

കണക്കുകള്‍ പ്രകാരം അഞ്ചു സംസ്ഥാനങ്ങളിലാണ് രാജ്യത്തെ രോഗികളുടെ അറുപത് ശതമാനത്തിലധികവും. മഹാരാഷ്ട്രയില്‍ ഇന്നലെ 23,446 ആണ് പ്രതിദിന വര്‍ധന. തമിഴ്നാട് 5,282. കര്‍ണാടക 9,217 എന്നിങ്ങനെയാണ് പ്രതിദിന വർധന. ഉത്തർ പ്രദേശില്‍ ഇന്നലെ 7042 പേരാണ് രോഗ ബാധിതരായത്. രാജ്യതലസ്ഥാനമായ ദില്ലിയിൽ പ്രതിദിന വർദ്ധന 4,308 ആയി. പശ്ചിമ ബംഗാള്‍ 3,112, ജമ്മു കശ്മീര്‍ 1,592, ഗുജറാത്ത്‌ 1332 എന്നിങ്ങനെയാണ് പ്രതിദിന വര്‍ധന.