ദില്ലി കലാപ ഗൂഢാലോചന കേസിൽ ഉമര്‍ ഖാലിദിനും ഷര്‍ജീ. ഇമാമിനും ജാമ്യമില്ല
ദില്ലി: ദില്ലി കലാപ ഗൂഢാലോചന കേസിൽ ഉമര്‍ ഖാലിദിനും ഷര്‍ജിൽ ഇമാമിനും ജാമ്യമില്ല. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മറ്റ് അഞ്ച് പ്രതികള്‍ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഗുള്‍ഫിഷ ഫാത്തിമ, ഷിഫ ഉര്‍ റഹ്മാൻ, മീര ഹൈദര്‍, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ.വി.അഞ്ജരിയയുമുൾപ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ജാമ്യം നിഷേധിച്ച ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീലുകൾ നൽകിയിരുന്നത്. അഞ്ച് വർഷത്തിലേറെയായി പ്രതികള്‍ കസ്റ്റഡിയിലാണ്. 2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ കലാപത്തിനായി ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സി എ എ വിരുദ്ധ സമരവും തുടർന്നുണ്ടായ ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉമർ ഖാലിദും ഷർജിൽ ഇമാമും ഉൾപ്പെടെയുള്ള എട്ടു വിദ്യാർത്ഥി സംഘടനാ പ്രവർത്തകരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്യുന്നത്. അഞ്ചു വർഷമായി വിചാരണയില്ലാതെ തടവിലായിരുന്നു ഇവർ.
2020 ജനുവരി 28 - ദേശവിരുദ്ധ പ്രസംഗം നടത്തിയെന്ന കേസിൽ ഷർജിൽ ഇമാം അറസ്റ്റിൽ
2020 സെപ്റ്റംബർ 14 - കലാപാഹ്വാന കേസിൽ യുഎപിഎ ചുമത്തി ഉമർ ഖാലിദ് അറസ്റ്റിൽ
2020 സെപ്റ്റംബർ - ജാമിയ മിലിയ പ്രസംഗ കേസിൽ ഷർജിൽ ഇമാമിന് ജാമ്യം. യു എ പി എ കേസുള്ളതിനാൽ ജയിലിൽ തുടർന്നു
2020 - 2022 - ഉമർ ഖാലിദിന്റെയും ഷർജിൽ ഇമാമിന്റെയും ജാമ്യഹർജികൾ പലതവണ തള്ളി
ഡിസംബർ, 2022 - സഹോദരിയുടെ വിവാഹത്തിന് ഉമറിന് ഒരാഴ്ച ഇടക്കാല ജാമ്യം
മെയ് 2023 -,ഉമർ ഖാലിദ് സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകി
ഫെബ്രുവരി 14, 2024 - വാദം അനിശ്ചിതമായി നീളുന്നതിനാൽ സുപ്രീം കോടതിയിലെ ജാമ്യാപേക്ഷ ഉമർ പിൻവലിച്ചു
മെയ് 29, 2024 - രാജ്യദ്രോഹ കേസിൽ ഷർജീൽ ഇമാമിന് ഹൈക്കോടതി ജാമ്യം. വടക്കൻ ദില്ലി കലാപകേസിൽ യുഎപിഎ ചുമത്തിയതിനാൽ ജയിലിൽ തുടരുന്നു



