ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ഓഫീസ് അടച്ചു. ഓഫീസിലെ ഉദ്യോഗസ്ഥയുടെ ഭർത്താവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവർ നിരീക്ഷണത്തിൽ പോയ സാഹചര്യത്തിലാണ് ഇന്നലെ വൈകീട്ടോടെ നടപടി. ഓഫീസ് അണുവിമുക്തമാക്കാനുള്ള നടപടികൾ തുടങ്ങി. 

കർണാടകത്തിൽ ആശങ്കയേറ്റിക്കൊണ്ട് കൊവിഡ് കേസുകൾ കുത്തനെ കൂടുകയാണ്. മുംബൈ, ചെന്നൈ തുടങ്ങിയ മഹാ നഗരങ്ങളില്‍നിന്നും വ്യത്യസ്തമായി കൊവിഡ് കേസുകൾ താരതമ്യേന കുറവായിരുന്നു ഇതുവരെ ബെംഗളൂരുവില്‍. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്ഥിതി മാറുകയാണ്. വെള്ളിയാഴ്ച മാത്രം 138 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരു വയസ് പ്രായമുള്ള മൂന്ന് കുഞ്ഞുങ്ങളും ഉൾപ്പെടും. ഇതോടെ സംസ്ഥാനത്താകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8000 കടന്നു.

ബെംഗളൂരു നഗരം കൂടാതെ കലബുറഗി, ബെല്ലാരി, ഹാസന്‍, തുടങ്ങിയ ജില്ലകളിലും കേസുകൾ ദിനംപ്രതി കൂടുകയാണ്. ബെംഗളൂരുവില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 982 ആയി. 58 പേരാണ് ബംഗളൂരുവില്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. നിലവില്‍ 531 പേർ ചികിത്സയിലുണ്ട്.

സംസ്ഥാനത്താകെ 337 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 10 പേർ മരിച്ചു. ഇതില്‍ 7 പേരും ബെംഗളൂരുവില്‍ ചികിത്സയിലുണ്ടായിരുന്നവരാണ്. വ്യാഴാഴ്ച 12 പേരാണ് മരിച്ചത്. ചികിത്സയിലുള്ള 2943 പേരില്‍ 70 പേരുടെ രോഗഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8281 ആയി. 

ബെംഗളൂരുവില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 33 പേരില്‍ മൂന്നുപേർ ഒരുവയസ് മാത്രം പ്രായമുള്ള പെൺകുട്ടികളാണ്. കഴിഞ്ഞ ഒരാഴ്ചയായി പനി ലക്ഷണങ്ങളുമായും ശ്വാസകോശ അസുഖങ്ങൾക്കും ചികിത്സ തേടിയെത്തുന്നവരില്‍ കൂടുതല്‍ പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതും ആശങ്കയാകുന്നുണ്ട്.