ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 60  ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 85362 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികൾ 59,03,932 ആയി. ഇന്നലെ 1089 പേർ കൂടി മരിച്ചതോടെ ആകെ മരണം 93,379 ആയി. 48,49,584 പേർക്ക് ഇത് വരെ രോഗം ഭേദമായി. 1.58 ശതമാനമാണ് നിലവിൽ രാജ്യത്തെ മരണ നിരക്ക്. 82.14 ശതമാനമാണ് രോഗമുക്തി. മരണനിരക്ക് ഒരു ശതമാനത്തിൽ താഴെ എത്തിക്കുകയെന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. 

ആറ് ദിവസമായി പ്രതിദിന രോഗബാധാ നിരക്ക് തൊണ്ണൂറായിരത്തിൽ താഴെയാണ്. ആഴ്ച്ചകൾക്ക് ശേഷം മഹാരാഷ്ട്രയിൽ പ്രതിദിന രോഗബാധ ഇരുപതിനായിരത്തിൽ താഴെ എത്തി. 17,794 പേർക്കാണ് മഹാരാഷ്ട്രയിൽ ഇന്നലെ രേഖപ്പെടുത്തിയ രോഗം സ്ഥിരീകരിച്ചത്. കർണാടകയിൽ 8655 പേർക്കും, ആന്ധ്രയിൽ 7073 പേർക്കും രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ 6477 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു, തമിഴ്നാട്ടിൽ 5674 പേർക്കും, ഉത്തർപ്രദേശിൽ 4519 പേർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. തുടർച്ചായ രണ്ടാം ദിവസവും കേരളമാണ് പ്രതിദിനരോഗബാധയിൽ രാജ്യത്ത് നാലാം സ്ഥാനത്ത് എന്നതാണ് ആശങ്കയുയർത്തുന്നത്.