ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വൻ വർധന, കഴിഞ്ഞ 24 മണിക്കൂറിനിടെ 24,879 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 7,67,296 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 487 പേർ മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. നിലവിൽ 2,69,789 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

രോഗമുക്തി നിരക്ക് ഉയരുന്നുവെന്നാണ് കേന്ദ്രം ലഭ്യമാക്കുന്ന കണക്കുകൾ പറയുന്നത്. നിലവിൽ 62.08 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇത് വരെ 4,76,378 പേർ കൊവിഡ് മുക്തരായി. മഹാരാഷ്ട്രയിൽ തന്നെയാണ് എറ്റവും കൂടുതൽ രോ​ഗികൾ. 2,23,724 പേ‌‌ർക്കാണ് ഇത് വരെ മഹാരാഷ്ട്രയിൽ മാത്രം രോ​ഗം സ്ഥിരീകരിച്ചത്. 9,448 പേരാണ് മഹാരാഷട്രയിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്.