ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം. ആദ്യമായി പ്രതിദിന വ‍ർധന അരലക്ഷം കടന്നു. 24 മണിക്കൂറിനിടെ 52,123 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 775 മരണങ്ങൾ കൂടി ഈ കാലയളവിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വരെ 15,83,792 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്, രാജ്യത്ത് ആകെ 34,968 മരണങ്ങളാണ് കേന്ദ്ര സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗമുക്തരായവരുടെ എണ്ണം 10ലക്ഷം കടന്നുവെന്നതാണ് ആശ്വാസകരമായ വാർത്ത. നിലവിൽ 5,28,242 പേരാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്.    

മഹാരാഷ്ട്രയിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലുമാണ് രോഗബാധ ഏറ്റവും കൂടുതൽ. ഉത്തർപ്രദേശിൽ മൂവായിരത്തിലേറെ പേർക്ക് പുതുതായി രോഗം ബാധിച്ചു. പശ്ചിമ ബംഗാളിലും ബിഹാറിലും പ്രതിദിന രോഗബാധിതർ രണ്ടായിരം കടന്നു.

ഓരോ സംസ്ഥാനത്തെയും സ്ഥിതി അറിയാം (ഇൻ്ററാക്ടീവ് മാപ്പ് )

കൊവിഡ് വ്യാപനം തുടരുമ്പോൾ പരിശോധനകളുടെ എണ്ണവും കൂട്ടിയിട്ടുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്. രാജ്യത്ത് ഇന്നലെ മാത്രം 4,46,642 സാമ്പിളുകൾ പരിശോധിച്ചു. ഇത് വരെ 1,81,90,382 കൊവിഡ് സാമ്പിളുകളുടെ പരിശോധന നടത്തിയെന്നാണ് ഐസിഎംആർ പുറത്ത് വിട്ട കണക്ക്.