പഞ്ചാബ്: കഴിഞ്ഞ ദിവസം കൊവിഡ് 19 ബാധയെ തുടർന്ന് മരിച്ച സിഖ് ആത്മീയ ​ഗായകൻ നിർമൽ സിം​​ഗ് ഖൽസയുടെ മകൾക്കും ​രോ​ഗബാധ സ്ഥിരീകരിച്ചു. 35 വയസ്സുള്ള മകൾ ഐസോലേഷനിലായിരുന്നു. ജലന്ധറിലെ സിവിൽ ഹോസ്പിറ്റലിൽ വച്ചായിരുന്നു നിർമ്മൽ സിം​ഗിന്റെ അന്ത്യം. വിദേശ യാത്രയ്ക്ക് ശേഷം മടങ്ങിയെത്തിയപ്പോഴാണ് നിർമ്മൽ സിം​ഗിന് കൊവിഡ് ലക്ഷണങ്ങളുണ്ടായതും മാർച്ച് 30 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം മരിച്ചു. പിതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മകൾക്കും കൊവിഡ് ബാധയുണ്ടായതെന്ന് പറയപ്പെടുന്നു

പഞ്ചാബ് സ്പെഷൽ ചീഫ് സെക്രട്ടറി കരൺബീർ സിം​ഗ് സിദ്ധുവാണ് നിർമ്മൽ സിം​ഗിന്റെ മകൾക്കും കൊവിഡ് 19 സ്ഥിരീകരിച്ചതായി ട്വീറ്റിൽ വെളിപ്പെടുത്തിയത്. എന്നാൽ സംസ്ഥാന ആരോ​ഗ്യവകുപ്പിൽ നിന്നും ഔദ്യോ​ഗിക വിശദീകരണമൊന്നും ഈ വിഷയത്തിൽ ലഭിച്ചിട്ടില്ല. ഇദ്ദേഹവുമായി അടുത്തിടപഴകിയ രണ്ട് പേർക്ക് കൊവിഡ് 19 ബാധ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.