Asianet News MalayalamAsianet News Malayalam

കൊവിഡ് മരണങ്ങൾ രണ്ടായതോടെ കനത്ത ജാഗ്രതയിൽ രാജ്യം; കർണാടകത്തിൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു

രാജ്യത്തെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ച കൽബുർഗിയിൽ കർണ്ണാടക സർക്കാർ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നിലവിൽ വന്നു. കർണാടകത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു.

COVID 19 PRECAUTIONS INTENSIFIED IN INDIA
Author
Delhi, First Published Mar 14, 2020, 6:33 AM IST

ദില്ലി: രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായതോടെ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി കേന്ദ്രം. പശ്ചിമ ദില്ലി സ്വദേശിയായ 69 വയസുകാരിയാണ് മരിച്ചത്. ദില്ലി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ഇവർ. രോഗബാധിതനായ മകനിൽ നിന്നാണ് ഇവർക്ക് അസുഖം പകർന്നത്. 

ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരെ തിരികെ എത്തിക്കാൻ ഇന്ന് ഉച്ചതിരിഞ്ഞ് വിമാനം പുറപ്പൊടുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് ഇന്നും തുടരും. ഇന്നലെ എത്തിച്ചവരെ കരുതൽ സംരക്ഷണത്തിലേക്ക് മാറ്റിയിരുന്നു.

രാജ്യത്തെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ച കൽബുർഗിയിൽ കർണ്ണാടക സർക്കാർ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നിലവിൽ വന്നു. കർണാടകത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. ഓഡിറ്റോറിയങ്ങൾ, മാളുകൾ, പാർക്കുകൾ, തിയേറ്ററുകൾ, വൻകിട റസ്റ്റോറന്റുകൾ, പബ്ബുകൾ എന്നിവയെല്ലാം പൂട്ടിയിരിക്കുകയാണ്. ഐടി ജീവനക്കാർ വരും ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിർദ്ദേശം. 

ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. കൽബുർഗിയിൽ കൊവിഡ് വന്ന് മരിച്ചയാളുമായി നേരിട്ട് ഇടപഴകിയ 31പേർ നിരീക്ഷണത്തിലാണ്. ഇതിൽ രോഗം സംശയിക്കുന്ന അഞ്ച് പേരുടെ പരിശോധന ഫലം ഇന്ന്‌ ലഭിക്കും. കൽബുർഗിലേക്കുള്ള റോഡുകൾ അടച്ചുള്ള നിയന്ത്രണം തുടരുകയാണ്. ഇവിടെ കുടുങ്ങിയ നാനൂറോളം മലയാളി വിദ്യാർത്ഥികൾ നാട്ടിലേക്ക് തിരിച്ചു.

എഴുപത്തിയാറുകാരന് രോഗം സ്ഥിരീകരിക്കാൻ വൈകിയ കൽബുർഗിയിൽ വലിയ വെല്ലുവിളിയാണ് ആരോഗ്യവകുപ്പ് നേരിടുന്നത്. രോഗി വീട്ടിലും കൽബുർഗിയിലെയും ഹൈദരാബാദിലെയും ആശുപത്രികളിലുമായി ഒൻപത് ദിവസത്തോളം കഴിഞ്ഞു. കൊവിഡ് സംശയിച്ചിട്ടും മൃതദേഹം സംസ്കരിക്കുന്നതിൽ സുരക്ഷാ മുൻകരുതൽ സ്വീകരിച്ചില്ലെന്നും വ്യക്തമായിട്ടുണ്ട്. കയ്യുറയും മാസ്കും ധരിക്കാത്തവരാണ് ആംബുലൻസിലേക്ക് മൃതദേഹം മാറ്റിയത്. 

Follow Us:
Download App:
  • android
  • ios